താടിയെല്ലിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന സംവിധായൻ ശ്രീകുമാർ മേനോൻ സിനിമയുടെ തിരക്കിലേക്ക് വീണ്ടും. എസ്‌കലേറ്ററിൽ നിന്നും വീണ് സാരമായി പരുക്കേറ്റ ശ്രീകുമാർ മേനോൻ ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒടിയൻ സിനിമയുടെ അവസാനവട്ട ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ചിത്രം ഡിസംബർ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒടിയൻ എത്രയും വേഗം തന്നെ തിയേറ്ററിലെത്തുമെന്നും സംവിധായകൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർണമായും ശ്രീകുമാർ മേനോന്റെ മേൽനോട്ടത്തിലാണ് ചെന്നെയിലും മുംബൈയിലുമായി പുരോഗമിച്ചിരുന്നത്. ഇതിനോടൊപ്പം പോസ്റ്റർ ഡിസൈൻ മുതലുള്ള സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള ജോലികളും ശ്രീകുമാർ മേനോന്റെ മേൽനോട്ടത്തിലായിരുന്നു.

കഴിഞ്ഞദിവസം ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു. കൊണ്ടോരാം.. എന്നു തുടങ്ങുന്ന പ്രണയാർദ്രമായ ഗാനം ഇതിനോടകം യുട്യൂബ് ട്രെൻഡിങ്ങിങ്ങിൽ ഒന്നാംസ്ഥാനത്താണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ ഡിസംബർ 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.