ചെന്നൈ: അമലാ പോളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വിജയ് അവസാനിപ്പിച്ചതിന് കാരണം കുടുംബ സുഹൃത്തിന്റെ വെളിപ്പെടുത്തലുകളെന്ന് സൂചന. താര ജോഡികളുടെ വിവാഹ മോചന വാർത്ത വന്നതോടെ ഇരുവരുടേയും സുഹൃത്തുക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് വിവാദങ്ങളോട് വിജയ് പ്രതികരിക്കാതെ ഇരുന്നത്. എന്നാൽ എല്ലാത്തിനും കാരണം വിജയിന്റെ അച്ഛനും അമ്മയുമാണെന്ന സുഹൃത്തിന്റെ ആരോപണമെത്തിയതോടെ എല്ലാം തുറന്നു പറയുകയായിരുന്നു വിജയ്. എന്നാൽ വിഷയത്തിൽ ഇനിയും അമലാ പോൾ പ്രതികരിച്ചിട്ടില്ല. ഡൈവേഴ്‌സ് കേസ് കൊടുക്കാൻ അമലാ പോൾ തീരുമാനിച്ചതായും സൂചനയുണ്ട്. അതിന് ശേഷം മാത്രമേ പ്രതികരണങ്ങൾക്ക് നടി തയ്യാറാകൂ. അതിനിടെ വിവാദ പ്രതികരണങ്ങൾ നടത്തരുതെന്നും എല്ലാം കോടതി ബോധിപ്പിച്ചാൽ മതിയെന്നും അമലാ പോളിന് നിയമോപദേശം കിട്ടിയെന്നാണ് സൂചന.

ഒരു സ്ത്രീ എന്ന നിലയിൽ ലഭിക്കേണ്ട യാതൊരു വിധ പരിഗണയും നൽകാതെയാണ് മാനസികമായി അമലയെ വിജയ്‌യുടെ വീട്ടുകാർ വേദനിപ്പിച്ചു കൊണ്ടിരുന്നതെന്ന വിമർശനവുമായി അമല പോളിന്റെ സുഹൃത്ത് രംഗത്ത് വന്നു. അമലാപോൾ വിജയ് ദാമ്പത്യത്തിൽ വിള്ളൽ വീഴ്‌ത്തിയത് വിജയുടെ വീട്ടുകാരാണ് എന്നാണ് ഇരുവരുടെയും അടുത്ത കുടുംബ സുഹൃത്ത് പറയുന്നത്. അതിനിടയിൽ ചില സൂപ്പർ സ്റ്റാറുകളുടെ പേരിൽ ചില മാദ്ധ്യമങ്ങളിൽ അമലയ്‌ക്കെതിരെ വന്ന പരാമർശം വിജയ് പൂർണമായും തള്ളിക്കളയുകയാണുണ്ടായത്. ഈ വിവാദങ്ങൾ ഇരുവരുടെയും ദാമ്പത്യത്തെ ബാധിച്ചിരുന്നില്ലെന്നും സുഹൃത്ത് വിശദീകരിച്ചിരുന്നു. ഈ പ്രതികരണമാണ് വിജയിനെ അലോസരപ്പെടുത്തിയത്. ഇതോടെ സംവിധായകൻ വേർപിരിയലിൽ അവസാന തീരുമാനവും എടുക്കുകയായിരുന്നു.

2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്‌യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂൺ 12നായിരുന്നു വിവാഹം. ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോൾ ഒടുവിൽ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയിൽ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോൾ നടി. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും നടി കരാർ ഒപ്പിട്ടിട്ടുണ്ട്. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. എ എൽ വിജയ്‌യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിൾ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. ഈ സിനിമയിൽ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോൾ ആണെന്നതും ശ്രദ്ധേയം.

എന്നാൽ ധനുഷിന്റെ വാടാ ചെന്നൈയാണ് നടിയുടെ ദാമ്പത്യത്തിൽ വില്ലനായത്. രണ്ട് വർഷത്തേക്കാണ് ഈ സിനിമയ്ക്കായി ഡേറ്റ് നൽകിയത്. കല്ല്യാണത്തിന് ശേഷം സിനിമാ അഭിനയത്തിന് അമലാ പോൾ അവധി നൽകുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ തുടർച്ചയായി അമലാ പോൾ സിനിമകൾക്ക് ഡേറ്റ് നൽകി. ഇത് കുടുംബ ജീവിതത്തെ ബാധിക്കുമെന്ന വികാരം പങ്കുവച്ചത് വിജയിന്റെ മാതാപിതാക്കളായിരുന്നു. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാതെ അമല ധനുഷിന്റെ സിനിമയ്ക്ക് രണ്ട് കൊല്ലത്തേക്ക് കരാർ നൽകി. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് പരിധി വിട്ടത്. സിനിമയാണ് പ്രധാനമെങ്കിൽ കുടുംബം വേണ്ടെന്ന ചർച്ചകളുമെത്തി. എന്നാൽ അഭിനയം വിടാൻ അമലാ പോൾ തയ്യാറായില്ല. ഇേേതടെ കാര്യങ്ങൾ വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നു. എന്നാൽ മനസ്സ് തുറക്കാതെ ഊഹാപോഹങ്ങൾക്ക് പരമാവധി അവസരം നൽകുകയാണ് നടി. വാടാ ചെന്നൈയുമായി സഹകരിക്കുന്നതിനെ പ്രധാനമായും എതിർത്തത് വിജയിന്റെ അച്ഛനും അമ്മയുമായിരുന്നു.

അമലാ പോൾ വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് വിജയിന്റെ പ്രധാന ആരോപണം. ഞാനും അമലയും തമ്മിലുള്ള വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ കുറേ ദിവസമായി കാണുന്നു. തെറ്റായ വിവരങ്ങളിലും ചിലരുടെയെല്ലാം ഭാവനയിലും ഊന്നിയുള്ളതായിരുന്നു ആ വാർത്തകളെല്ലാം. ഒരുകാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആ വാർത്തകളിൽ ഉണ്ടായിരുന്ന ആകെ സത്യം ഞങ്ങൾ പിരിയുന്നു എന്നതാണ്. മറ്റെല്ലാം അസത്യവും. പിരിയാനുള്ള കാരണം എനിക്കൊഴികെ മറ്റാർക്കുമറിയില്ലെന്നു വിജയ് വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതികരിക്കണമെന്ന് സിനിമാ, മാദ്ധ്യമ രംഗങ്ങളില സുഹൃത്തുക്കൾ ദിവസങ്ങളായി നിർബന്ധിക്കുന്നുണ്ട്. എന്നാൽ എന്റെ സ്വകാര്യജീവിതത്തെ സംബന്ധിച്ച കാര്യം സമൂഹത്തിൽ ചർച്ചയ്ക്ക് വെക്കേണ്ട കാര്യമില്ലെന്നാണ് തോന്നിയതെന്നും വിജയ് തുറന്നു പറഞ്ഞു കഴിഞ്ഞു. എന്നിട്ടും മൗനം തുടരുകയാണ് അമല.

വിഷയത്തിൽ അങ്ങേയറ്റം അസ്വസ്ഥനും ദുഃഖിതനുമായ അച്ഛൻ ഒരു ചാനലിൽ അവരുടെ നിർബന്ധപ്രകാരം പ്രതികരിച്ചിരുന്നു, അദ്ദേഹത്തിന്റെ നിരാശ വ്യക്തമാക്കിക്കൊണ്ട്. നിർഭാഗ്യവശാൽ ഇത് സംബന്ധിച്ച എല്ലാത്തരം വാർത്തകളും എന്റെ അച്ഛന്റെ അന്നത്തെ പ്രസ്താവനയിൽ ഊന്നിയുള്ളതായിരുന്നു. സാമൂഹികമായ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധ്യമുള്ളയാളാണ് ഞാൻ. ഒൻപത് സിനിമകൾ ഇതിനകം ഞാൻ സംവിധാനം ചെയ്തു. സ്ത്രീകളോട് എനിക്കുള്ള ബഹുമാനം എന്താണെന്ന് ആ സിനിമകൾ കണ്ടാലറിയാം. അന്തസോടെ മാത്രമേ ഞാൻ ഇന്നുവരെ സ്ത്രീകഥാപാത്രങ്ങളെ ചിത്രീകരിച്ചിട്ടുള്ളൂ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം മാനിക്കുന്നയാളാണ് ഞാൻ. വിവാഹശേഷം അമലയ്ക്ക് അഭിനയം തുടരണമെന്ന് പറഞ്ഞപ്പോൾ അതിനൊപ്പം നിൽക്കുകയാണ് ഞാൻ ചെയ്തത്. അവൾ അതുപോലെ തുടരുകയും ചെയ്തു. ഞാനോ എന്റെ വീട്ടുകാരോ അമലയെ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കി എന്ന രീതിയിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും വിജയ് വ്യക്താക്കി. വിശ്വാസമാണ് വിവാഹജീവിതത്തിന്റെ അടിസ്ഥാനമെന്നും വിജയ് പറയുന്നു.

നേരത്തെ ഇവരുടെ കുടുംബ സുഹൃത്ത് പങ്കുവച്ച വികാരത്തിന് വിരുദ്ധമാണ് ഇവ. മാദ്ധ്യങ്ങളിൽ വന്ന വാർത്ത പോലെ അമലയ്ക്കും വിജയിനും ഇടയിൽ പറയത്തക്ക പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു കുടുംബ സുഹൃത്ത് പറഞ്ഞത്. വിവാഹശേഷം അമല സിനിമയിൽ അഭിനയിക്കുന്നതിനോട് വിജയുടെ വീട്ടുകാർക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമലയും വിജയും ഒരുമിച്ച് ചേർന്ന് കൊമേഷ്യൽ സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് കമ്മിറ്റ് ചെയ്ത 3 സിനിമകൾ അമലയ്ക്ക് തീർക്കാൻ ഉണ്ടായിരുന്നു. വിജയ്‌യുടെ പൂർണ്ണ സമ്മതത്തോടും പിന്തുണയോടും കൂടിയാണ് ഈ സിനിമകൾ അമല പൂർത്തിയാക്കിയത്. സിനിമ അഭിനയവുമായി ബന്ധപ്പെട്ടും അല്ലാതെയും വിജയ്‌യുടെ വീട്ടുകാരിൽ നിന്നും അമല നേരിട്ട് കൊണ്ടിരുന്നത് കടുത്ത മാനസീക പീഡനമായിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ലഭിക്കേണ്ട യാതൊരു വിധ പരിഗണയും നൽകിയില്ല. മാനസികമായി അമലയെ വിജയ്‌യുടെ വീട്ടുകാർ വേദനിപ്പിച്ചു. ആ വീട്ടിൽ അമലയുടെ താല്പര്യങ്ങൾക്ക് യാതൊരു വിധ പരിഗണനയും നൽകിയിരുന്നില്ലെന്നായിരുന്നു ആരോപണം. അതുകൊണ്ട് തന്നെ വിജയിന്റെ വെളിപ്പെടുത്തൽ വന്നതോടെ അമലാ പോളിന്റെ വാക്കുകളുടെ പ്രസക്തിയും കൂടി.

അമല പോൾഎ എൽ വിജയ് വിവാഹമോചന വാർത്തയിൽ സ്ഥിരീകരണവുമായി നടനും നിർമ്മാതാവും എ എൽ വിജയ്‌യുടെ പിതാവുമായ എ എൽ അളഗപ്പനാണ് ആദ്യം രംഗത്ത് വന്നത്. അമല തുടരെ തുടരെ ചിത്രങ്ങൾ ചെയ്തു. സൂര്യക്കൊപ്പം പസങ്ക 2, ധനുഷ് നിർമ്മിച്ച അമ്മ കണക്ക്, ഇപ്പോൾ ധനുഷിന്റെ നായികയായി വട ചൈന്നൈ ഇങ്ങനെ നിരവധി ചിത്രങ്ങൾക്കും അമല കരാർ ഒപ്പിട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വിജയ്‌യ്ക്കും ഞങ്ങൾക്കും ഒത്തുവന്നില്ലെന്നും വിജയിന്റെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമലയുടെ ഭാഗത്താണ് ശരിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്തിന്റെ പേരിൽ വെളിപ്പെടുത്തൽ തമിഴ് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മലയാളിയായ അമലാ പോൾ തന്നെന്ത്യയിൽ തന്നെ ആരാധകർ ഏറെയുള്ള നടിയാണ്. +2 വിദ്യാഭ്യാസത്തിന് ശേഷം എഞ്ചിനീയറിങ്ങിന് ചേരാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ഒന്നും അതുകൊണ്ടു വന്നില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി.

2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു. ഇതിനിടെയാണ് വിജയുമായുള്ള പ്രണയത്തിലൂടെ താര സുന്ദരി വാർത്തകളിൽ എത്തിയത്. ഇത് ശരിവച്ചായിരുന്നു വിവാഹം. സിനിമാക്കഥപോലെ ഇപ്പോൾ വിവാഹ മോചനവും.