കോഴിക്കോട്: സംസ്ഥാനമൊട്ടാകെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന, ആർ എസ് വിമൽ സംവിധാനം ചെയ്ത 'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് പിൻവലിച്ച സംവിധായകന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടും ചിത്രത്തെ മേളയിലേക്ക് തെരഞ്ഞെടുത്തവരെ വിമർശിച്ചുകൊണ്ടും 'അവാർഡ് സിനിമക്കാർ' രംഗത്ത്. ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ മൊയ്തീൻ ഉൾപ്പെടുത്താത്തതിൽപ്രതിഷേധിച്ചാണ് ചിത്രം പിൻവലിക്കുന്നതായി വിമൽ പ്രഖ്യാപിച്ചത്. മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞാണ് ചിത്രം വാങ്ങിയത്. ഇല്‌ളെങ്കിൽ ചിത്രം മേളയിൽ പരിഗണിക്കേണ്ടതില്ലന്നെ് ആദ്യം തന്നെ സംഘാടകരെ അറിയിച്ചിരുന്നെന്നും സംവിധായകൻ പറഞ്ഞിരുന്നു. എന്നാൽ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിലേക്കായിരുന്നു ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.

ചിത്രം പിൻവലിച്ച ് വിമലിന്റെ തീരുമാനത്തെ പരിഹാസത്തോടെ സ്വാഗതം ചെയ്തിരിക്കുകയാണ് സംവിധായകൻ ഡോക്ടർ ബിജു. കേരള ചലച്ചിത്ര മേളയിൽ നിന്ന് ഒരു ചിത്രം പിന്മാറി എന്നു കേൾക്കുന്നു. അനുമോദിക്കപ്പെടേണ്ട സ്വയം തിരിച്ചറിവ്..അർഹമായും ഇടം പിടിക്കേണ്ട ചില സിനിമകൾ ഇത്തവണ ഒഴിവാക്കപ്പെട്ടിരുന്നു. അതിലേതെങ്കിലും ഒരു ചിത്രം പകരം വരും എന്ന് പ്രതീക്ഷിക്കുന്നു. ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് തിരഞ്ഞെടുത്തവർക്ക് മനസ്സിലായില്ലങ്കെിലും തിരഞ്ഞെടുക്കപ്പെട്ടവർക്ക് അത് ബോധ്യമായി എന്ന് പരിഹാസത്തോടെ പറയുകയാണ് ഡോ.ബിജു. അവാർഡ് ചിത്രങ്ങൾ ധാരാളമുള്ളപ്പോൾ എന്തിന് ഒരു കച്ചവട സിനിമ തെരഞ്ഞെടുത്തു എന്നാണ് ബിജു പറയാതെ പറയുന്നത്. എന്തിന്റെ പേരിലായാലും ചിത്രം മാറ്റിയത് നന്നായെന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. ഡോ. ബിജുവിന്റെ 'വലിയ ചിറകുള്ള പക്ഷികൾ' എന്ന ചിത്രവും ഇത്തവണ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വർഷങ്ങൾ കഷ്ടപ്പെട്ട്, കലാപരമായ മേന്മകൾ വേണമെന്ന് വാശി പിടിച്ച്, കാശ് വാരുക എന്ന ലക്ഷ്യമില്ലാതെ ഉണ്ടാക്കുന്ന പാവം സിനിമകളെ മാറ്റി നിർത്തി തിയേറ്ററുകളിൽ തകർത്തോടി കാശ് വാരുക എന്ന ഉദ്ദേശത്തോടെ എടുക്കുന്ന സിനിമകളെ സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നൽകി പ്രോത്സാഹിപ്പിക്കുമ്പോൾ നല്ല സിനിമകളെയാണ് തഴയുന്നതെന്ന് 'അസ്തമയം വരെ' എന്ന സിനിമയുടെ സംവിധായകൻ സജിൻ ബാബു കുറ്റപ്പെടുത്തുന്നു.

'കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പല നിലപാടൂകളോടും, മൺറോ തുരുത്ത്, അമീബ, ഉപകഥ തൂടങ്ങിയ അർഹതയുള്ള പല മലയാളം സിനിമകളും പരിഗണിക്കാതെയുള്ള ജൂറിയുടെ നിലപാടിലും പ്രതിഷേധിച്ച് കഴിഞ്ഞ വർഷം അക്കാദമിയിൽ നിന്ന് ലഭിച്ച അവാർഡുകൾ തിരികെ നൽകണമെന്ന് അതിയായ ആഗ്രഹമുണ്ട്.പക്ഷെ കിട്ടിയ കാശും കൂടി തിരികെ നൽകണമെന്ന് ആലോചിക്കുമ്പോൾ തൽ്ക്കാലം വേണ്ടാ എന്ന് വക്കുകയേ നിവൃത്തിയുള്ളൂ. കഴിഞ്ഞ വർഷം മത്സര വിഭാഗത്തിൽ തിരഞ്ഞെടുത്ത സിനിമക്ക് വേണ്ടി മുടക്കിയ കാശ് ഇത് വരെ തിരികെ കിട്ടിയിട്ടില്ല. ഫെസ്റ്റിവലുകളിൽ കാണിക്കൂന്ന പല ചിത്രങ്ങളുടേയും അവസ്ഥ ഇത് തന്നെയാണ്' സജിൻബാബു ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ജൂറിയുടെ തീരുമാനത്തെ സാങ്കതേികമായി അംഗീകരിക്കുന്നുവെന്ന് സംവിധായകൻ മനോജ് കാന പറഞ്ഞു. പക്ഷേ സിനിമകൾ തെരെഞ്ഞെടുക്കുന്നത് നിങ്ങൾ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്താണ് എന്നതിലാണ ഞങ്ങൾക്ക് സംശയം. നേര് സാംസ്‌കാരിക വേദിയുടെ അമീബ എന്ന സിനിമയും ഞങ്ങൾ സമർപ്പിച്ചിരിന്നു. അത് തെരെഞ്ഞെടുക്കപ്പെട്ടില്ല. എന്നാൽ തെരെഞ്ഞെടുക്കപ്പെട്ട സിനിമകളിൽ പലതും പൂർണ്ണമായും വിനോദസിനിമകളാണെന്ന് മനോജ് കാന പറയുന്നു.

ഇതേ സമയം വാണിജ്യം വിജയം നേടിയ മൊയ്തീൻ കലാമേന്മയുള്ള സിനിമയാണെന്നും അത് കൂടുതൽ ആളുകൾ കണ്ടത് ആ സിനിമയുടെ പേരായ്മയാണോ എന്നും ഫേസ് ബുക്കിൽ വാദങ്ങൾ ഉയരുന്നുണ്ട്. സിനിമ തിയേറ്ററിൽ ഓടി എന്നതിന്റെ പേരിൽ ആ സിനിമയുടെ കലാമേന്മയെ അംഗീകരിക്കാതിരിക്കണോ എന്നും ചോദ്യങ്ങളുണ്ട്.

ഡിസംബർ നാലു മുതൽ 11 വരെ നടക്കുന്ന 20ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മേളയിലേക്ക് ഒമ്പത് മലയാള ചിത്രങ്ങളാണ് തെരഞ്ഞടുത്തത്. ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ', സതീഷ് ബാബുസേനന്റെ 'ചായംപൂശിയ വീട്' എന്നിവയാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ഐൻ, ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികൾ, സലിം അഹമ്മദിന്റെ പത്തേമാരി, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി, വി.കെ. പ്രകാശിന്റെ നിർണായകം, ആർ. ഹരികുമാറിന്റെ കാറ്റും മഴയും എന്നിവയാണ് മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുക.