സൂറിച്ച്: സ്വിസ് റിസപ്ഷൻ സെന്ററുകളിൽ നിന്ന് അഭയാർഥികളെ കാണാതാകുന്ന സംഭവം വർധിച്ചുവരികയാണെന്ന് സ്വിസ് അധികൃതർ. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഇത്തരത്തിൽ 40 ശതമാനത്തോളം പേർ അപ്രത്യക്ഷരായിട്ടുണ്ടെന്നാണ് കണക്ക്. റിസപ്ഷൻ സെന്ററുകളിൽ പാർപ്പിച്ചിരിക്കുന്ന അഭയാർഥിത്വ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവരാണ് സെന്ററുകളിൽ നിന്ന് മുങ്ങുന്നത്.

രാജ്യത്ത് എത്തിയിട്ടുള്ള അഭയാർഥികളെ റിസപ്ഷൻ സെന്ററുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ റിസപ്ഷൻ സെന്ററുകളിൽ താമസിക്കുന്ന അഭയാർഥികളാണ് ഇവിടെ നിന്നും അധികൃതരുടെ അനുവാദമില്ലാതെ മുങ്ങുന്നത്. ചിലയിടങ്ങളിൽ റിസപ്ഷൻ സെന്ററിലെ 90 ശതമാനം അഭയാർഥികളും ഒളിച്ചോടി പോയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

റിസപ്ഷൻ സെന്ററുകൾ വിട്ടു പോകുന്ന അഭയാർഥികളെ കുറിച്ച് പിന്നീട് വിവരമൊന്നും അധികൃതർക്കു ലഭിക്കുന്നില്ല. മൊത്തം 20 ശതമാനത്തിനും 40 ശതമാനത്തിനും മധ്യേ അഭയാർഥികളാണ് ഇത്തരത്തിൽ റിസപ്ഷൻ സെന്ററുകളിൽ നിന്നും ഓടിപ്പോയിട്ടുള്ളത്. സ്വിറ്റ്‌സർലണ്ടിൽ അഭയാർഥികളായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുള്ള അഭയാർഥികൾ അവരുടെ അഭയാർഥിത്വ അപേക്ഷ പരിഗണനയ്ക്ക് എടുക്കും മുമ്പു തന്നെ ഇത്തരത്തിൽ ഒളിച്ചോടിപ്പോകുന്നതിന്റെ പൊരുൾ മനസിലാകുന്നില്ലെന്ന് ഫെഡറൽ മൈഗ്രേഷൻ ഓഫീസ് വക്താവ് പറയുന്നു.

യൂറോപ്യൻ നിയമം അനുസരിച്ച് അഭയാർഥികളായി തുടരാൻ ആഗ്രഹിക്കുന്നവർക്കു മാത്രമേ സ്വിറ്റ്‌സർലണ്ടിൽ പ്രവേശനം നൽകുകയുള്ളൂ. ഇത്തരക്കാരെ റിസപ്ഷൻ സെന്ററിൽ പാർപ്പിച്ച് അവരെ ഫെഡറൽ മൈഗ്രേഷൻ ഓഫീസിനു കീഴിൽ രജിസ്റ്റർ ചെയ്യിക്കുകയും ചെയ്യും. അഭയാർഥികളായി തുടരാൻ ആഗ്രഹിക്കാത്തവരെ അവർ ആദ്യം പ്രവേശിച്ച യൂറോപ്യൻ രാജ്യത്തേക്ക് മടക്കിവിടുകയാണ് സ്വിറ്റ്‌സർലണ്ട് ചെയ്യുക.

ഇത്തരത്തിൽ ആയിരക്കണക്കിന് അഭയാർഥികളെ സ്വിറ്റ്‌സർലണ്ട് ഇറ്റലിയിലേക്ക് മടക്കി അയച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ സ്വിറ്റ്‌സർലണ്ടിന് ഏറെ പഴി കേൾക്കേണ്ടതായും വന്നിട്ടുണ്ട്. റിസപ്ഷൻ സെന്ററുകളിൽ നിന്ന് അപ്രത്യക്ഷരായിട്ടുള്ളവരിൽ ഏറെപ്പേരും ജർമനിയിലേക്ക് കടന്നിട്ടുള്ളതായി സംശയിക്കുന്നുവെന്ന് ഫെഡറൽ മൈഗ്രേഷൻ ഓഫീസ് വക്താവ് ചൂണ്ടിക്കാട്ടുന്നത്.