ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ എഐസിസി നടപടി. കോൺഗ്രസ് വക്താവ് സ്ഥാനത്തുനിന്ന് തരൂരിനെ നീക്കിയാണ് മോദി സ്തുതിക്ക് കോൺഗ്രസ് തിരിച്ചടി നൽകിയത്.

സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശശി തരൂർ പ്രകീർത്തിച്ചത്. മോദി സ്തുതികൾ അതിര് കടന്നതോടെ എ കെ ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതി തരൂരിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കാൻ ശുപാർശ നൽകുകയായിരുന്നു. വാർത്താക്കുറിപ്പിലൂടെയാണ് ഹൈക്കമാൻഡ് ഇക്കാര്യം വ്യക്തമാക്കിയത്.

എഐസിസി തീരുമാനം ഉചിതമാണെന്നും സ്വാഗതം ചെയ്യുന്നെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. അച്ചടക്ക നടപടി അംഗീകരിക്കുന്നുവെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടി ഇനി ഏൽപ്പിക്കുന്ന ചുമതലകൾ പൂർണമായും നിറവേറ്റുമെന്നും തരൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്തെയും ജനങ്ങളെയും സേവിക്കാനാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. സാധാരണ പാർട്ടിക്കാരനെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം അംഗീകരിക്കുന്നു. എന്നാൽ, പാർട്ടി തന്നോട് ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചില്ലെന്നും ഡൽഹിയിലെ വസതിയിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തരൂർ പറഞ്ഞു.

കെപിസിസിയുടെ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും തന്നോട് ഇക്കാര്യത്തിൽ വിശദീകരണം ആരും ചോദിച്ചിട്ടില്ലെന്നും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയതിലൂടെ നടപടിയിൽ തനിക്ക് അമർഷമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് തരൂർ. ഫേസ്‌ബുക്കിലും തരൂർ തന്റെ വാർത്താക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, നടപടിയോടെ മോദി സ്തുതികൾ തരൂർ നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി വക്താവ് എം എം ഹസൻ പറഞ്ഞു.

മോത്തിലാൽ വോറയും സുശീൽ കുമാർ ഷിൻഡേയുമായിരുന്നു അച്ചടക്ക സമിതിയിലെ മറ്റു രണ്ട് അംഗങ്ങൾ. വോറ വെള്ളിയാഴ്ച ആന്റണിയുമായി ചർച്ച നടത്തിയിരുന്നു. പ്രാഥമിക ചർച്ചയിൽ തരൂരിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടെന്ന് സമിതി അംഗങ്ങൾ കണ്ടെത്തി. മഹാരാഷ്ട്ര, ഹരിയാനാ തെരഞ്ഞെടുപ്പുകൾക്കു ശേഷം നടപടിയെടുക്കുമെന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നിരുന്നത്. എന്നാൽ കെപിസിസിയുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് നടപടി ഉടനുണ്ടായത്.

തരൂരിനെതിരായി കെപിസിസി നൽകിയ റിപ്പോർട്ട് ഗൗരവമുള്ളതാണ്. അതുകൊണ്ട് തന്നെ നടപടി വേണമെന്ന് പാർട്ടി അച്ചടക്ക സമിതി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തരൂരിനെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കുന്നത്. തെറ്റാവർത്തിക്കരുതെന്ന താക്കീതും തരൂരിന് ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്.

അടിക്കടി മോദിക്ക് സ്തുതി പാടുന്ന തരൂരിനെതിരായ കെപിസിസി റിപ്പോർട്ട് പരിശോധിച്ചശേഷം അച്ചടക്ക നടപടി എടുക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയോട് ശുപാർശ ചെയ്തിരുന്നു. തരൂരിനെതിരെ ഉയർന്ന ആരോപണം ഗൗരവമേറിയതാണെന്നും സമിതി ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ശശി തരൂരിന്റെ ഭാഗത്ത് നിന്ന് നേരത്തെയും ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ഇപ്പോഴത്തെ വിവാദം ഗൗരവമായി കാണണം. പാർട്ടി വക്താവ് എന്ന നിലയിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് തരൂർ പറഞ്ഞതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തരൂരിനെതിരെ നടപടി വേണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നു. ശശി തരൂരിന്റെ മോദി അനുകൂല നിലപാടുകളെ കുറിച്ച് കെപിസിസി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി വി എം സുധീരൻ നടത്തിയ ചർച്ചയ്ക്കുശേഷമാണ് കെപിസിസി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചത്.

നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ അഭിപ്രായങ്ങളും അത് പാർട്ടി പ്രവർത്തകരിലുണ്ടാക്കിയ പ്രതികരണവും കെപിസിസിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. തരൂരിന്റെ നിലപാട് അതിരുകടന്നു എന്ന വിലയിരുത്തലാണ് കെപിസിസിയുടെ ഉന്നത തലയോഗം നടത്തിയത്.

നേരത്തെ കെപിസിസിയുടെ നീക്കങ്ങളെ തരൂർ പരിഹസിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് തരൂർ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ പരിഹസിച്ചത്. റിപ്പോർട്ട് തയാറാക്കാനെങ്കിലും താനെഴുതിയത് കെപിസിസി ഭാരവാഹികൾ വായിക്കുമല്ലോ എന്നാണ് തരൂർ പറഞ്ഞത്. 2013 മെയിലാണ് തരൂരിനെ എഐസിസി വക്താവായി നിയമിച്ചത്.

ഇത് രണ്ടാം തവണയാണ് തരൂരുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ തീരുമാനമെടുക്കാൻ ആന്റണിയെ നിയോഗിക്കുന്നത്. തരൂർ കേന്ദ്രമന്ത്രിയായിരിക്കെ ഐപിഎൽ ക്രിക്കറ്റ് വിവാദമുണ്ടായപ്പോൾ വിശദീകരണം തേടാൻ ആന്റണിയെയും പ്രണബ് മുഖർജിയെയുമാണ് അന്നു ചുമതലപ്പെടുത്തിയത്. തരൂർ മന്ത്രിസ്ഥാനം രാജിവയ്ക്കണം എന്ന നിർദ്ദേശത്തെ തുടർന്നു തരൂർ രാജി വച്ചിരുന്നു.