- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോളും ഡീസലും ജിഎസ്ടിയിലെങ്കിൽ ലാഭം ജനത്തിന്; സർക്കാരിന് നഷ്ടം; ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒറ്റക്കെട്ടായി എതിർത്ത് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ; യുപിക്കും വിയോജിപ്പ്; ചർച്ച മാറ്റി; കേന്ദ്രം അനുകൂലമെങ്കിലും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ല
ന്യൂഡൽഹി: പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പുമായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ രംഗത്ത് വന്നതോടെ വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റിവച്ചു. വെള്ളിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം ഈ വിഷയം ചർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിർത്തു. ഇതോടെ വിഷയം ചർച്ച ചെയ്യാനുള്ള സമയമായില്ലെന്ന വിലയിരുത്തലോടെയാണ് നിർദ്ദേശം ചർച്ച ചെയ്യുന്നത് കൗൺസിൽ യോഗം നീട്ടിവച്ചത്.
വിഷയം പീന്നീട് വീണ്ടും ചർച്ച ചെയ്യുമെന്ന് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് പെട്രോൾ വില ലിറ്ററിന് നൂറ് കടന്നിരിക്കുകയാണ്. ഡീസൽ വിലയിലും സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ജൂണിൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്നൗവിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്തത്.
എന്നാൽ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പുറമേ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും ചേർന്ന് ഒറ്റക്കെട്ടായി പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർ്ക്കുകയായിരുന്നു. ഇതോടെയാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്.
പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന നേരത്തെ പറഞ്ഞിരുന്നു. ജനതാൽപ്പര്യത്തിന് വിരുദ്ധമായി നടപടിയായിരിക്കും ഇതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ വരുമാന നഷ്ടമുണ്ടാകുമെന്ന് സംസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കി. നിലവിൽ കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സമയത്ത് പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയാൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും സംസ്ഥാനങ്ങൾ യോഗത്തെ ധരിപ്പിച്ചു.
നിലവിൽ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101.19 രൂപയാണ്. ഡീസലിന് 88.62 രൂപ നൽകണം. പെട്രോൾ വിലയിൽ 32 ശതമാനം കേന്ദ്രനികുതിയാണ്. സംസ്ഥാന നികുതി 23.07 ശതമാനം വരും. ഡീസൽ വിലയിൽ കേന്ദ്രനികുതി കൂടുതലാണ്. വിലയുടെ 35 ശതമാനം വരും കേന്ദ്രനികുതി. സംസ്ഥാന നികുതി 14 ശതമാനം മാത്രമാണ്.
കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്ര വരുമാനത്തിന്റെ നല്ലൊരുഭാഗവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെയാണ് ലഭിച്ചത്. സംസ്ഥാന സർക്കാരുകളും മുഖ്യമായി പിടിച്ചുനിൽക്കുന്നത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയിൽ നിന്നാണ്. അതിനാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുകയാണ്.
പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിൽ കേന്ദ്രം അനുകൂലമാണെങ്കിലും പ്രതിഷേധം അവഗണിച്ച് ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന. എന്ത് തീരുമാനമെടുക്കണമെങ്കിലും ജിഎസ്ടി കൗൺസിലിലെ നാലിൽ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നതാണ് ജിഎസ്ടി ചട്ടം.
പെട്രോളും ഡീസലും ചരക്കുസേവന നികുതിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയും. ഇതിന്റെ നേട്ടം രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്കാണ്. അധികമായി ചെലവാക്കിയിരുന്ന തുക ജനങ്ങളുടെ കൈവശം മിച്ചം പിടിക്കുന്നതോടെ അത് പൊതുവിപണിയിൽ ഉണർവിന് വഴിവയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തിയിരുന്നു. എന്നാൽ വരുമാനത്തിൽ 8,000 കോടിയോളം രൂപയുടെ കുറവ് ഉണ്ടാകുമെന്നതിനാലാണ് സംസ്ഥാനങ്ങൾ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നത്.
ജിഎസ്ടിയിലെ പ്രധാന സ്ലാബുകൾ 5,12,18,28 ഇങ്ങനെയാണ്. ഇതിൽ മാറ്റം വരുത്താൻ ജിഎസ്ടി കൗൺസിലിൽ 60% പേരുടെ പിന്തുണ വേണം. ഇന്ധനത്തെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവന്നാൽ നിശ്ചയിക്കപ്പെടുന്ന സ്ലാബ് അനുസരിച്ച് പകുതി വരുമാനം സംസ്ഥാനത്തിനും പകുതി കേന്ദ്രത്തിനും ലഭിക്കും.
ഇന്ധനത്തിന്റെ അടിസ്ഥാന വിലയിൽ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാന വിൽപന നികുതിയും അഡീഷനൽ സെയിൽ ടാക്‌സും സെസും മറ്റു ചെലവുകളും വരുമ്പോഴാണ് വില നൂറ് കടക്കുന്നത്. വ്യാഴാഴ്ച പെട്രോളിന്റെ ഉയർന്ന വില 102.93 രൂപയും ഡീസലിന്റേത് 95.78 രൂപയുമായിരുന്നു.
ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവന്ന് ഉയർന്ന സ്ലാബായ 28% ആക്കാൻ തീരുമാനിച്ചാൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വരുമാനം കുത്തനെ കുറയും. എന്നാൽ, ജനങ്ങൾക്ക് ആശ്വാസമായി പെട്രോൾ വില 102 രൂപയിൽനിന്ന് 56.40 രൂപയിലേക്കെത്തും. ഡീസലിനു 55.41രൂപയും.
ഒരു ലീറ്റർ പെട്രോളിന്റെ അടിസ്ഥാന വിലയായ 41.10 രൂപയുടെ 28% ജിഎസ്ടി 11.50 രൂപയാണ്. ഇതിൽ പകുതി വീതം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു ലഭിക്കും. പെട്രോളിന് നിലവിൽ ഒരു ലീറ്ററിൽ 25 രൂപയിലേറെ നികുതി ഇനത്തിൽ ലഭിക്കുന്ന സംസ്ഥാന സർക്കാരിന് 5.75 രൂപ മാത്രമേ ലഭിക്കൂ. ഡീസലിനു 5.77രൂപയും. ഡീലർ കമ്മിഷൻ വലിയ മാറ്റമില്ലാതെ 3.80 രൂപയിൽ തുടരും.
ജിഎസ്ടി സ്ലാബ് 50% ആക്കിയാൽ പെട്രോളിന്റെ വില 65.45 രൂപയിലെത്തും. ഡീസലിന്റേത് 64.49 രൂപയും. സംസ്ഥാന സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനം പെട്രോളിനു ലീറ്ററിനു 10.27രൂപയും ഡീസലിനു 10.31രൂപയുമാകും. ജിഎസ്ടി സ്ലാബ് 100% ആക്കിയാലും ഇന്ധന വില ലീറ്ററിനു 86 രൂപയിൽ താഴെയായിരിക്കും.
കേന്ദ്ര സർക്കാർ ചുമത്തിയ അധിക സെസ് ഒഴിവാക്കിയാൽ പെട്രോൾ വില ലീറ്ററിനു 70 രൂപയും ഡീസൽ 65 രൂപയുമാകുമെന്നാണ് സംസ്ഥാന നിലപാട്. ഇന്ധനം ജിഎസ്ടി പരിധിയിലെത്തിയാൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കു ഒരുപോലെ വരുമാന നഷ്ടമുണ്ടാകും. ഇന്ധനത്തിന്റെ നികുതിഘടന തോന്നിയതുപോലെ പരിഷ്‌കരിക്കാനാകില്ല. ഏതു പരിഷ്‌ക്കരണത്തിനും ജിഎസ്ടി കൗൺസിലിൽ ഭൂരിപക്ഷം വേണ്ടിവരും.
ന്യൂസ് ഡെസ്ക്