ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ഡൽഹി പട്യാല ഹൗസ് കോടതി ചൊവ്വാഴ്ച വിധി പറയും.

ഗൂഢാലോചനക്കാരെയും സംഘർഷമുണ്ടാക്കിയവരെയും എങ്ങനെ ബന്ധിപ്പിക്കുമെന്ന് വാദത്തിനിടെ പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. മനഃസാക്ഷിക്ക് ശരിയെന്ന് തോന്നാതെ മുന്നോട്ട് പോകാനാകില്ലെന്നും ജഡ്ജി ധർമേന്ദർ റാണ പറഞ്ഞു.

ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് ശക്തമായി എതിർത്തു. ദിശ രവിക്ക് ഖലിസ്ഥാൻ സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയുമായിരുന്നു ദിശയുടെ ലക്ഷ്യമെന്നും അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചു. വാട്‌സാപ് ചാറ്റുകൾ, ഇമെയിലുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ദിശ മനഃപൂർവം നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും ദിശയുടെ അഭിഭാഷകൻ അഗർവാൾ പറഞ്ഞു. ചൊങ്കോട്ടയിലെ അക്രമസംഭവങ്ങളിൽ അറസ്റ്റിലായ ആരും ടൂൾകിറ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചെയ്തതെന്ന് മൊഴി നൽകിയിട്ടില്ല.

'യോഗയും' 'ചായയും' ആണ് ലക്ഷ്യമെന്നാണ് എഫ്‌ഐആറിലെ ആരോപണം. ഇത് കുറ്റകരമാണോയെന്നും അഗർവാൾ കോടതിയിൽ ചോദിച്ചു.