ഫേസ്ബുക്കിൽ നിങ്ങളുടെ വികാരങ്ങൾ അതേപടി പ്രതിഫലിപ്പിക്കാനാവുന്നില്ലെന്ന് തോന്നാറുണ്ടോ? നമുക്കിഷ്ടമുള്ളതും അല്ലാത്തതുമായ കാര്യങ്ങളുണ്ടാവാം. ഇഷ്ടം പലരീതിയിൽ പ്രകടിപ്പിക്കാൻ ഇപ്പോൾ മാർഗമുണ്ടെങ്കിലും, ഇഷ്ടക്കുറവിനെ പ്രതിഫലിപ്പിക്കാൻ അത്ര സൗകര്യമില്ല. എന്നാൽ, ഈ കുറവ് ഫേസ്‌ബുക്ക് പരിഹരിക്കുകയാണെന്നാണ് സൂചന.

ലൈക്ക് പോലെ ഡിസ്‌ലൈക്ക് ബട്ടണും അടുത്തുതന്നെ ഫേസ്‌ബുക്കിൽ വരുമെന്നാണ് സൂചനകൾ. മെസ്സഞ്ജറിൽ ചില ഉപഭോക്താക്കൾക്ക് ഇപ്പോൾത്തന്നെ ഇഷ്ടക്കുറവിനെ സൂചിപ്പിക്കുന്ന തംബ്‌സ് ഡൗൺ ഇമോജി ലഭ്യമായിട്ടുണ്ട്. ഇത് ഫേസ്‌ബുക്കിൽ ഇമോജി ചേർക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ ലൈക്ക് മാത്രമായിരുന്നുവെങ്കിൽ, കഴിഞ്ഞവർഷം കുറച്ചുകൂടി വൈകാരികമായ ഇമോജികൾ ഫേസ്‌ബുക്ക് അവതരിപ്പിച്ചിരുന്നു. ലൈക്കിന് പുറമെ, ലവ്, ഹാഹ, സാഡ്, ആംഗ്രി തുടങ്ങിയ ഇമോജികളാണ് വന്നത്. ആംഗ്രിയുണ്ടെങ്കിലും നമ്മുടെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ് തംബ്‌സ് ഡൗൺ ഇമോജി കൊണ്ടുവരുന്നത്.

ലൈക്കിനെപ്പോലെ ഇഷ്ടക്കുറവിനും ഇമോജി വരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അതിന്റെ തുടക്കമായാണ് മെസ്സഞ്ജറിലെ പരീക്ഷണങ്ങൾ. ലൈക്കിനെപ്പോലെ, തംബ്‌സ് ഡൗണിലൂടെ ഇഷ്ടക്കുറവിനെയും പ്രതിഫലിപ്പിക്കാം.. ഇതോടൊപ്പം ലവ്, ലാഫർ, ഷോക്ക്, സാഡ്‌നെസ്, ആംഗർ തുടങ്ങിയ ഇമോജികളും ലഭ്യമാണ്.

മെസ്സഞ്ജറിലെ പരീക്ഷണം ഇപ്പോൾ കുറച്ച് ഉപഭോക്താക്കൾക്കുമാത്രമേ ലഭ്യമായിട്ടുള്ളൂ. ഇത് വിജയമെന്ന് കണ്ടാൽ തുടക്കത്തിൽ മെസ്സഞ്ജറിൽ വ്യാപകമാക്കും തുടർന്ന് ഫേസ്‌ബുക്കിലും പരീക്ഷിക്കപ്പെടുമെന്നാണ് ടെക് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എത്ര ലൈക്ക് കിട്ടിയെന്നതുപോലെ എത്ര ഡിസ്‌ലിക്ക് കിട്ടിയെന്ന് കണക്കെടുക്കേണ്ട കാലം വിദൂരമല്ലെന്നാണ് ലഭ്യമായ വാർത്തകൾ സൂചിപ്പിക്കുന്നത്.