ഡിസ്‌നിയുടെ പുതിയ അനിമേഷൻ ചിത്രമായ മോനയുടെ ട്രെയിലർ പുറത്തിറങ്ങി. പസഫിക് ദ്വീപിലെ സംസ്‌കാരത്തെ ദൃശ്യവത്ക്കരിക്കുന്ന ചിത്രം മോന എന്ന രാജകുമാരിയുടേയും പോളിനേഷ്യൻ അവതാര പുരുഷനായ മൗഈയുടേയും കഥയാണ് പറയുന്നത്.

തന്റെ പ്രജകളെ രക്ഷിക്കാനായി മോന നടത്തുന്ന സാഹസികമായ യാത്രക്കിടയിൽ മൗഈയെ കണ്ടുമുട്ടുന്നു. മോനയുടെ കുട്ടിക്കുറുമ്പുകളും കുസൃതികളും ചേർത്തൊരുക്കുന്ന ചിത്രം കുട്ടികളെ ലക്ഷ്യമിട്ടാണ് തിയേറ്ററിലെത്തുക. റോൺ ക്ലെമന്റ്‌സും ജോൺ മസ്‌ക്കറുമാണ് മോനയുടെ സംവിധായകർ. ഹോളിവുഡ് താരമായ ഓലി ക്രവാലോയാണ് മോനയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്. മൗഈയ്ക്ക് ശബ്ദം നൽകിയിരിക്കുന്നതാകട്ടെ ഗുസ്തിതാരവും നടനുമായ ഡ്വെയ്ൻ ജോൺസൺ ആണ്. ചിത്രം നവംബർ 23ന് തിയേറ്ററുകളിലെത്തും.