- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസിക്കാനുള്ള വീടിന്റെ പേരിൽ സിപിഎമ്മിൽ തർക്കം; ഡൽഹിയിൽ പാർട്ടി വീട്ടിൽ താമസിച്ചിരുന്ന ഹർകിഷൻ സിങ് സുർജിത്തിന്റെ വിധവയെയും പുറത്താക്കി
ന്യൂഡൽഹി: പാർട്ടി പ്രവർത്തകർക്ക് താമസിക്കാനുള്ള വീടിന്റെ പേരിൽ സിപിഎമ്മിൽ തർക്കം. രാജ്യതലസ്ഥാനത്തെ വീട്ടിൽ താമസിച്ചിരുന്ന ഹർകിഷൻ സിങ് സുർജിത്തിന്റെ വിധവയടക്കം 11 പേരെ പാർട്ടി വീടുകളിൽ നിന്ന് സിപിഐ(എം) ഇറക്കിവിട്ടതായാണ് റിപ്പോർട്ടുകൾ. എ കെ ജി ഭവനിൽ ജോലി ചെയ്യുന്നതിനിടെ അന്തരിച്ച ഒരാളുടെ വിധവ, ഒരു അർബുദരോഗി എന്നിവരും ഇക്കൂട്ടത്ത

ന്യൂഡൽഹി: പാർട്ടി പ്രവർത്തകർക്ക് താമസിക്കാനുള്ള വീടിന്റെ പേരിൽ സിപിഎമ്മിൽ തർക്കം. രാജ്യതലസ്ഥാനത്തെ വീട്ടിൽ താമസിച്ചിരുന്ന ഹർകിഷൻ സിങ് സുർജിത്തിന്റെ വിധവയടക്കം 11 പേരെ പാർട്ടി വീടുകളിൽ നിന്ന് സിപിഐ(എം) ഇറക്കിവിട്ടതായാണ് റിപ്പോർട്ടുകൾ. എ കെ ജി ഭവനിൽ ജോലി ചെയ്യുന്നതിനിടെ അന്തരിച്ച ഒരാളുടെ വിധവ, ഒരു അർബുദരോഗി എന്നിവരും ഇക്കൂട്ടത്തിൽപെടും.
പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെയാണ് ഇക്കാര്യത്തിൽ കടുത്ത വിമർശനം ഉയർന്നത്. ഏകപക്ഷീയ നടപടി സ്വീകരിച്ചുവെന്നാരോപിച്ച് പൊളിറ്റ് ബ്യൂറോ യോഗത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഈ മാസമൊടുവിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിലും കാരാട്ടിന്റെ നടപടിക്കെതിരെ ചർച്ച നടക്കുമെന്നാണ് സൂചന.
അവസാനകാലംവരെ സുർജിത് താമസിച്ച തീന്മൂർത്തി ലെയ്‌നിലെ എട്ടാം നമ്പർ വീട്ടിൽനിന്ന് ഭാര്യ പ്രീതം കൗറിനെ ഒഴിവാക്കാൻ വളഞ്ഞവഴിയാണു പാർട്ടി സ്വീകരിച്ചതെന്നാണ് ആരോപണം. ദേശീയപാർട്ടിയുടെ നേതൃത്വത്തിനു കേന്ദ്രസർക്കാർ നൽകുന്ന ഈ വീട് കാരാട്ടിന്റെ പേരിലായിരുന്നു. എന്നാൽ ഈ വീട് ഒഴിവാക്കി മറ്റൊരു വീടിനു കാരാട്ട് അപേക്ഷ നൽകിയതോടെയാണ് പ്രീതംകൗറിന് ഇവിടെനിന്ന് ഇറങ്ങേണ്ടി വന്നത്. ഇവരെ ഒഴിവാക്കാൻ മാത്രമാണു വീട് ഒഴിയാൻ പാർട്ടി തീരുമാനിച്ചതെന്നാണ് വിമർശനം.
പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകരായ 10 പേർക്കു താമസം നിഷേധിച്ചതാണ് വിമർശനത്തിന് മറ്റൊരു കാരണം. ഏറെക്കാലം കാരാട്ടിന്റെ സെക്രട്ടറിയായിരുന്ന കുമാർ അടക്കമുള്ളവരെയാണ് ഒഴിവാക്കിയത്. നാലു പേർ സിഐടിയു പ്രവർത്തകരായിരുന്നു. ഇവരെ ഒഴിവാക്കാൻ എന്തു മാനദണ്ഡമാണ് കാരാട്ട് സ്വീകരിച്ചതെന്ന് പിബിയിൽ ചോദ്യമുയർന്നു. വർഗബഹുജന സംഘടനകളുടെ നേതൃത്വത്തോടോ പിബിയിലോ ആലോചിക്കാതെയാണ് 10 പേർക്ക് ഇനി പാർട്ടി താമസം തരില്ലെന്ന് അറിയിച്ചതെന്നാണ് ആരോപണം.
മുഴുവൻ സമയ പ്രവർത്തകർക്ക് 5000 രൂപ മുതൽ 7000 രൂപ വരെയാണ് പാർട്ടി നൽകുന്ന ശമ്പളം. വീട്ടിൽനിന്നിറക്കിവീട്ടതോടെ വൻതുക വാടകകൊടുത്തു ഡൽഹിയിൽ താമസിക്കാൻ നിർവാഹമില്ലാതെ ഇവരിൽ പലരും നാട്ടിലേക്കു മടങ്ങിയതായാണ് വിവരം. എന്നാൽ തന്റെ ഇഷ്ടക്കാരെ കാരാട്ട് പാർട്ടി വ്യവസ്ഥ ലംഘിച്ച് സംരക്ഷിക്കുന്നതായും ആരോപണമുണ്ട്. ഭാര്യയോ ഭർത്താവോ കേന്ദ്ര സർക്കാരിലോ ഡൽഹി സർക്കാരിലോ ഉദ്യോഗസ്ഥരാണെങ്കിൽ അവർക്ക് വീട് നൽകേണ്ടതില്ലെന്ന വ്യവസ്ഥ കാറ്റിൽപ്പറത്തി അടുപ്പക്കാർക്ക് താമസം നൽകാൻ കാരാട്ട് തയാറായത്രെ.
രാജ്യസഭാംഗമായ യുവ എംപി ഋതബ്രത ബാനർജിക്ക് ലഭിക്കാൻ അർഹതയുള്ള വീടിനേക്കാൾ വലിയ വീട് കേന്ദ്രത്തിൽ നിന്ന് അനുവദിപ്പിക്കാൻ പാർട്ടി സഹായിച്ചു എന്ന ആരോപണവുമുണ്ട്. ബംഗാളിൽ തറപറ്റുകയും കേരളത്തിൽനിന്ന് അഞ്ചു പേരെ മാത്രം വിജയിപ്പിക്കാൻ സാധിക്കുകയും ചെയ്തതോടെ സിപിഐ(എം) കാലാകാലങ്ങളായി ഉപയോഗിച്ചിരുന്ന പല വീടുകളും ഇത്തവണ നഷ്ടപ്പെട്ടിരുന്നു.
എസ്എഫ്‌ഐ, കിസാൻസഭ, കർഷക തൊഴിലാളി യൂണിയൻ, ലോയേഴ്‌സ് യൂണിയൻ തുടങ്ങിയവയൊക്കെ പ്രവർത്തിച്ചിരുന്ന നാലാം നമ്പർ അശോകാ റോഡിലെ ബംഗ്ലാവാണ് ഇത്തരത്തിൽ ആദ്യം നഷ്ടപ്പെട്ടത്. എന്നാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി പാർട്ടി കൈവശം വച്ചിരുന്ന ഈ ബംഗ്ലാവ് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിൽ നിലനിർത്താൻ കഴിയുമായിരുന്നു എന്ന വാദവും ഉയർന്നിട്ടുണ്ട്.
ലോക്‌സഭാ നേതാവായിരുന്ന ബസുദേബാചാര്യ താമസിച്ചിരുന്ന അശോകാ റോഡിലെ 21-ാം നമ്പർ വീട്ടിലേക്ക് സംഘടനകളുടെ പ്രവർത്തന കേന്ദ്രം മാറ്റിയെങ്കിലും പിന്നീട് ഇതു വീണ്ടും അശോകാ റോഡിലെ 44-ാം നമ്പർ വീട്ടിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഫൂലൻ ദേവി താമസിക്കുകയും വെടിയേറ്റു മരിക്കുകയും ചെയ്ത ഈ വീട് എ സമ്പത്ത് എംപിയുടെ പേരിലാണ് അനുവദിച്ചിട്ടുള്ളത്.

