ന്യൂഡൽഹി: ഹിന്ദുത്വം തലയ്ക്ക് പിടിച്ച് വെളിവില്ലാതായ സാധ്വി ജ്യോതിയെയും സാക്ഷി മഹാരാജിനെയും രാംനായിക്കിനെയും പോലുള്ളവരുടെ നാക്കിന് മൂക്ക് കയറിടാൻ ഒടുവിൽ സാക്ഷാൽ മോദിജി തന്നെ നേരിട്ടിറങ്ങിയിരിക്കുന്നു. തീവ്രവാദപ്രസ്താവനകൾ നടത്തി വിവാദമുണ്ടാക്കുന്നവർ ഇനി മന്ത്രിപ്പണി നിർത്തി വീട്ടിലിരുന്നോളാനാണ് നമോയുടെ തിട്ടൂരം...!!. ഇത്തരം വിവാദപ്രസ്താവനകളെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റ് പ്രതിപക്ഷബഹളത്താൽ പ്രക്ഷുബ്ദമായിരുന്നു. തന്റെ വികസനയജ്ഞം ഇതിൽ മുങ്ങിപ്പോകുന്ന സാഹചര്യമുണ്ടായതിനാലാണ് മോദി ഇത്തരം പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ അച്ചടക്കനടപടിയെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ വികസന പദ്ധതികളെയും ഭരണത്തെയും ഹൈജാക്ക് അജൻഡയുമായാണ് ഇത്തരം പ്രസ്താവനകളെത്തുന്നതെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

രാമന്റെ സന്തതികളുടെ സർക്കാർ വേണമോ അതല്ല.. നിയമാനുസൃതം പിറക്കാത്തവരുടെ സർക്കാർ വേണമോയെന്ന് ഡൽഹിക്കാർക്ക് തീരുമാനിക്കാമെന്ന കേന്ദ്രന്ത്രി സാധ്വി ജ്യോതിയുടെ പ്രസ്താവന വിവാദമുയർത്തിയിരുന്നു. തുടർന്ന് ഗാന്ധിജിയെപ്പോലെത്തന്നെ ഗോഡ്‌സെയും രാജ്യസ്‌നേഹിയായിരുന്നുവെന്ന പ്രസ്താവനയുമായി ബിജെപിയുടെ യുനാവൊ എംപിയായ സാക്ഷി മഹാരാജും രംഗത്തെത്തി. ശക്തമായ എതിർപ്പിനെത്തുടർന്ന് അദ്ദേഹത്തിന് പാർലമെന്റിൽ ഖേദപ്രകടനം നടത്തേണ്ടി വന്നു. ഇന്ത്യയിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് അയോധ്യയിൽ രാമക്ഷേത്രം ഉയരുമെന്ന പ്രസ്താവിച്ച് യുപി ഗവർണറായ രാംനായിക്കും വിവാദമുയർത്തി.

ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന നേതാക്കൾ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെന്നും മാദ്ധ്യമശ്രദ്ധ നേടുകയാണ് അവരുടെ ലക്ഷ്യമെന്നും ഒരു മുതിർന്ന കേന്ദ്രമന്ത്രി പറയുന്നത്. സമചിത്തത പാലിക്കാൻ പരിശീലിക്കണമെന്ന് ആദ്യഘട്ടത്തിൽ സർക്കാരിലെ മുതിർന്ന നേതാക്കൾ ഇവരെ ഉപദേശിക്കും. തങ്ങളുടെ മണ്ഡലങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചാൽ മതിയെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്യേണ്ടെന്നും ബിജെപി പാർലിമെന്ററി പാർട്ടി മീറ്റിംഗിൽ മോദി എംപിമാരോട് നിർദേശിച്ചിട്ടുണ്ടെന്നാണ് സൂചന. ചില ഹിന്ദുത്വ വാദികളായ എംപിമാരെയെല്ലാം മോദി ഈ മീറ്റിംഗിൽ വച്ച് താക്കീത് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

യുപിയിലെ 300 മുസ്ലീങ്ങളെ ഹിന്ദുമതത്തിലേക്ക് ആർഎസ്എസ് പരിവർത്തനം ചെയ്യിച്ചതിനെതുടർന്നുണ്ടായ വിവാദങ്ങളും സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ആന്റി കൺവേർഷൻ നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രി വെങ്കയ്യ നായ്ഡു നിർദേശിച്ചെങ്കിലും ആർഎസ്എസ് ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു.