ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിലെ തോൽവിയോടെ 'ആം ആദ്മി'യെന്ന പ്രതിച്ഛായ കൈവിടാൻ ഒരുങ്ങി ആപ്പ്. തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ആപ്പ് സ്ഥാനാർത്ഥികൾ സധാരണക്കാരെന്ന പ്രതിച്ഛായ ഉള്ളതു കൊണ്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കെജ്രിവാളും കൂട്ടരും എത്തിയത്. ഇനി മുതൽ ആജ്ഞാ ശേഷിയുള്ള നേതാക്കളായി മാറാനാണ് ആം ആദ്മി നേതാക്കളുടെ തീരുമാനം. എംസിഡി തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ വിശകലനംചെയ്യാൻ കെജ്രിവാളിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിലാണ് നിർദ്ദേശമുയർന്നത്.

ആജ്ഞാശേഷിയുള്ള നേതാക്കളെന്ന പ്രതിച്ഛായ ഉണ്ടാക്കണമെന്ന് എംഎൽഎമാർ ഒന്നടങ്കം ആവശ്യപ്പെട്ടതോടെയാണ് നേതൃത്വം ആം ആദ്മിയെ നാമമാത്രമാക്കാൻ തീരുമാനിച്ചത്. ജനത്തിന് ആവശ്യം നേതാക്കളെയാണ്. അതിനനുസരിച്ച് പ്രവർത്തകർ മാറണമെന്ന് നിർദ്ദേശമുണ്ടായി. 64 എംഎ‍ൽഎ.മാരാണ് യോഗത്തിൽ പങ്കെടുത്തത്.

പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധത്തിൽ അകൽച്ചയുണ്ടായതായി യോഗം വിലയിരുത്തി. ലാളിത്യം കൂടിപ്പോയതുകൊണ്ടാണ് ആംആദ്മിയുടെ നേതാക്കളെ വോട്ടർമാർ വകവെയ്ക്കാതിരുന്നതെന്നാണ് വിലയിരുത്തൽ. സാധാരണക്കാരെ പോലെ പെരുമാറുന്ന എംഎൽഎമാർ എങ്ങനെ ഭരിക്കുമെന്ന ചോദ്യവും ഉയർത്തിയെന്ന് അവർ വിലയിരുത്തി. പൊതുജനശ്രദ്ധ നേടാൻ പാർട്ടിക്ക് മേക്ക് ഓവർ അത്യാവശ്യമാണെന്ന് സീമാപുരിയിൽ നിന്നുള്ള എംഎ‍ൽഎ. രാജേന്ദ്ര പാൽ ഗൗതം യോഗത്തിൽ പറഞ്ഞു.

സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ എത്തുന്നില്ല. പദ്ധതികൾ നടപ്പാക്കിയാൽമാത്രം പോരെന്നും വിദഗ്ധമായി ആളുകളെ ബോധ്യപ്പെടുത്തണമെന്നും അഭിപ്രായമുയർന്നു. എംഎ‍ൽഎ.മാർക്കൊപ്പം എപ്പോഴും കുറഞ്ഞത് നാല് അണികളെങ്കിലും ഉണ്ടായിരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ആപ്പിന്റെ ട്രേഡ്മാർക്കായ തൊപ്പി നിർബന്ധമായും ധരിക്കണം.

സാധാരണക്കാരുടെ പ്രസ്ഥാനമെന്ന രൂപം മാറ്റുമ്പോൾ ആപ്പ് മുൻപ് സ്വീകരിച്ച പല നിലപാടുകൾക്കും അത് വിരുദ്ധമാകും. 2015-ലെ വൻവിജയത്തിനുശേഷം ഔദ്യോഗിക വാഹനത്തിലെ ചുവന്ന ബീക്കൺ ഒഴിവാക്കി കെജ്രിവാൾ കൈയടി നേടിയിരുന്നു. മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 181 സീറ്റ് നേടി ബിജെപി. വൻവിജയം കൊയ്തപ്പോൾ സംസ്ഥാനത്തെ ഭരണപക്ഷമായ ആപ്പ് കേവലം 48 സീറ്റിലേക്ക് ചുരുങ്ങി.