അടിമാലി:വാർത്ത കണ്ടപ്പോൾ വളരെ പുച്ഛം തോന്നി. സി ഐ മർദ്ധിച്ചു എന്ന വാർത്ത കൊടുത്തതിൽ കുഴപ്പമില്ല. എല്ലാവരും കൊടുക്കുന്ന വാർത്തയാണ്. പക്ഷേ കൂടെ കൊടുത്തിട്ടുള്ളത് പരസ്പര ബന്ധമില്ലാത്ത സംഭവങ്ങളാണ്. കഷ്ടപ്പെട്ട് യാത്ര ചെയ്ത് പണിയെടുത്തത് നിന്നെപ്പോലുള്ളവർക്ക് വേണ്ടിയല്ല. പൊലീസ് നിങ്ങൾക്ക് പുറത്ത് കേറാനുള്ള സാധനമല്ല. നാട്ടുകാർക്ക് വേണ്ടിയാണ് ഞങ്ങൾ പണിയെടുക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് മുന്നിൽ അടിമാലി സി ഐ പി കെ സാബു തട്ടിപ്പ് കേസിലെ പ്രതി ഡിറ്റോമോനെ മർദ്ധിച്ചത് സംബന്ധിച്ച് മറുനാടൻ പുറത്ത് വിട്ട വാർത്തയോട് അടിമാലി എസ് ഐ സന്തോഷ് സജീവ് ഈ ലേഖകനോട് ഇന്നലെ രാത്രി പ്രതികരിച്ചത് ഇങ്ങനെ.

രാത്രി 10.36 നാണ് എസ് ഐ ലേഖകന്റെ മൊബൈലിലേക്ക് വിളിച്ചത്. നാവ് കൊണ്ട് നല്ലവണ്ണം 'തല്ലി'യാണ് അഞ്ച് മിനിട്ടോളം നീണ്ടുന്ന സംഭാഷണം എസ് ഐ അവസാനിപ്പിച്ചത്. 9497980361 എന്ന ഔദ്യോഗീക നമ്പറിൽ നിന്നാണ് വാർത്ത വന്നതിൽ പരിഭവം അറിയിക്കാൻ എസ് ഐ ലേഖകനെ വിളിച്ചത്. ഡിറ്റോയെ കസ്റ്റഡിയിൽ എടുക്കുമ്പോഴും കേരളത്തിലേക്കുള്ള യാത്രയിലും ഇയാളുടെ 3 വയസ്സായ മകളും കൂടെയുണ്ടായിരുന്നെന്നും ഈ സാഹചര്യത്തിൽ പൊലീസ് മർദ്ധിച്ചതായുള്ള പരാമർശം ഏറെ വേദനാജനകമാണെന്നുമാണ് എസ് ഐ യുടെ പരിതേവനം.

താനടക്കം നാല് പൊലീസുകാർ അശ്രാന്ത പരിശ്രമം നടത്തിയാണ് കർണ്ണാടകയിൽ നിന്നും ഡിറ്റോയെ പിടികൂടിയതെന്നും ചെറിയ പിഴവുകൾ ചൂണ്ടിക്കാട്ടി പൊലീസ് സേനയെ മൊത്തത്തിൽ മോശാക്കാരാക്കുന്ന പ്രവണത ശരിയല്ലന്നും എന്തെഴുതിയാലും പരിഭവമില്ലന്നും സൂചിപ്പിച്ചാണ് എസ് ഐ സംഭാഷണം അവസാനിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് സി ഐ ഇടപെട്ടാണ് ഡിറ്റോയെ അറസ്റ്റ് ചെയ്ത വിവരം അറിയിക്കാൻ മാധ്യമപ്രവർത്തകരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്.മദ്യലഹരിയിൽ ഡിറ്റോ മൂന്ന് വയസ്സായ മകൾക്കും മദ്യം നൽകാറുണ്ടെന്ന് എസ് ഐ വിശദീകരിച്ചപ്പോൾ നിനക്കിട്ട് ഞാൻ വച്ചിട്ടുണ്ടെന്ന് സി ഐ ഇയാളെ നോക്കി മുറമുറുപ്പോടെ പറയുന്നത് മാധ്യമപ്രവർത്തകർ കേട്ടിരുന്നു.

അല്പസമയത്തിന് ശേഷം കാമറ ഓഫ് ചെയ്യണമെന്ന് മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ഡിറ്റോയെ കുനിച്ച് നിർത്തി സി ഐ കൈമുട്ടുകൊണ്ട് നടുവിനും മതുകിലും ഇടിക്കുകയായിരുന്നു.ഇടികൊണ്ട് നിലത്തുവീണ അവസരത്തിൽ 'പിടിച്ചപ്പോൾ മുതൽ ഇടിക്കുന്നതല്ലെ 'എന്ന് ചോദിച്ച് ഇയാൾ നിലവിളിക്കുന്നുമുണ്ടായിരുന്നു. സംഭവത്തിന് ദൃസാക്ഷികളായ മാധ്യമപ്രവർത്തകരിൽ ചിലരിൽ നിന്നാണ് വിവരം മറുനാടന് ലഭിച്ചത്.തുടർന്നാണ് ഈ സംഭവം വാർത്തയാക്കിയത്.ഇന്നിറങ്ങിയ പ്രഭാത പത്രങ്ങളിലും ഇതേ സംഭവങ്ങൾ വിവരിച്ച് വാർത്തയുണ്ട്.ഈ സാഹചര്യത്തിലാണ് മറുനാടൻ വാർത്തകൊടുത്തത് മഹാപരാധമായിപ്പോയി എന്ന തരത്തിൽ എസ് ഐ വാചാലനായത്.

പ്രയോജനം ഉണ്ടാവില്ലന്ന ഉറപ്പോടെ തന്നെ സംഭവം നടക്കുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന എസ് ഐ യോട് സി ഐ ഡിറ്റോയെ മർദ്ദിക്കുന്നത് കണ്ടോ എന്ന് ഈ ലേഖകൻ തിരക്കിയിരുന്നു.ഞാൻ സ്ഥലത്തുള്ളപ്പോൾ ഇത്തരത്തിൽ സംഭവം ഉണ്ടായിട്ടില്ലന്നായിരുന്നു ഈയവസരത്തിൽ എസ് ഐ പ്രതികരിച്ചത്.മുതിർന്ന ഉദ്യോഗസ്ഥനെതിരെ എസ് ഐ പ്രതികരിക്കില്ലന്ന തിരിച്ചറിവ് ഉണ്ടായിരുന്നതിനാൽ എസ് ഐ യുടെ മറുപിടിയിൽ അത്ഭുതം തോന്നിയില്ല.

പിന്നീട് വാർത്തയോടുള്ള വിയോജിപ്പ് അറിയിക്കാൻ രാത്രി ലേഖകനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സി ഐ ഡിറ്റോയെ മർദ്ധിച്ചതുൾപ്പെടെയുള്ള കാര്യങ്ങളെ ഇദ്ദേഹം പരോക്ഷമായി ന്യായീകരിക്കുകയും ചെയ്തു. പിഞ്ച് കുഞ്ഞിന് മദ്യം നൽകുന്നതായി അറിഞ്ഞപ്പോൾ സി ഐ എന്നത് മാറ്റിവച്ച് അദ്ദേഹം പ്രതികരിച്ചിട്ടുണ്ടാവാമെന്ന നിലിലായിരുന്നു ഫോൺ സംഭാഷണത്തിനിടെ എസ് ഐ ഇതേക്കുറിച്ച് പ്രതികരിച്ചത്.