മനാമ : സൽമാനിയ ആശുപത്രിയിൽ ശരീരം തളർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.പുനലൂർ ഉറുകുന്ന് സ്വദേശിയുമായ ദിവാകരൻ ആചാരി (58) ആണ് സൽമാനിയ ആശുപത്രിയിൽ മരിച്ചത്. ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും കുറച്ചു നാളുകളായി ശന്പളം കിട്ടാത്തതിനാൽ മരുന്ന് പോലും വാങ്ങിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാളെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

സൽമാബാദിലെ ഇന്ററ്റീരിയർ കോൺട്രാക്ടിങ് കന്പനിയിൽ ഫോർമാനായി ജോലി നോക്കിയിരുന്ന ഇദ്ദേഹം കഴിഞ്ഞ 4 വർഷമായി ഈ കന്പനിയിൽ എത്തിയിട്ട്. ആദ്യ രണ്ട് വർഷം കഴിഞ്ഞപ്പോൾ അവധി ആവശ്യപ്പെട്ടിരുന്നു വെങ്കിലും കന്പനി നടത്തിപ്പുകാരനായ മലയാളി ഇദ്ദേഹത്തെ നാട്ടിലേയ്ക്ക് പോകാൻ അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. രക്ത സമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ കുറച്ചു നാളുകളായി ശന്പളം ലഭിക്കാത്തതിനാൽ മരുന്നും കൃത്യമായി വാങ്ങി കഴിച്ചിരുന്നില്ലത്രേ.

നാട്ടിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ട്‌കൊണ്ട് കഴിഞ്ഞ രണ്ട് മാസമായി ജോലിക്ക് പോലും പോകാതെ ഇയാൾ താമസ സ്ഥലത്തിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. തുടർന്ന് കഴിഞ്ഞ ജൂൺ 31ന് ശരീരം തളർന്ന നിലയിൽ ആശുപത്രിയിൽ
പ്രവേശിക്കപ്പെട്ട ഇദ്ദേഹത്തിന്റെ തലച്ചോർ പ്രവർത്തന രഹിതമാവുകയും ഇന്ന് പുലർച്ചെ 1:30ന് മരിക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ സാമൂഹ്യ പ്രവർത്തകരും സുഹൃത്തുക്കളും സ്‌പോൺസറുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫോൺ പോലും എടുക്കാൻ കൂട്ടാക്കിയില്ലെന്നും പരാതിയുണ്ട്.

അതേസമയം ബന്ധുക്കൾ പറഞ്ഞ കാര്യം തെറ്റാണെന്നും ലക്ഷങ്ങളുടെ ബാധ്യത നാട്ടിൽ ഉണ്ടായതുകൊണ്ടാണ് നാട്ടിൽ പോകാതെയിരുന്നതെന്നും ഇദ്ദേഹം ജോലി ചെയ്ത കന്പനിയിൽ ബന്ധപ്പെട്ടപ്പോൾ കന്പനി അധികൃതർ അറിയിച്ചു.എന്നാൽ മുൻപ് ദുബൈയിൽ ജോലി ചെയ്തിരുന്ന ദിവാകരൻ കാര്യമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും മകളുടെ വിവാഹം കഴിഞ്ഞപ്പോൾ കടം വീട്ടുന്നതിന് വേണ്ടിയാണ് ബഹ്‌റിനിൽ ജോലിക്കെത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു. അവധി ആവശ്യപ്പെട്ടപ്പോഴെല്ലാം പല ഒഴിവു കഴിവുകൾ പറഞ്ഞ കന്പനി അധികൃതർക്കെതിരെ ഒരു പരാതി പോലും നൽകാതെ പിടിച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ ശന്പളം പോലും ലഭ്യമാകാത്ത ടെൻഷനിലാണ് അസുഖം കൂടിയതെന്ന് ദിവാകരന്റെ ബന്ധുവായ പ്രേംജിത് പറഞ്ഞു. കന്പനിയുട നിർദ്ദാക്ഷിണ്യപരമായ നടപടിക്കെതിരെ ഇന്ത്യൻ എംബസിയിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.