ദുബായ്: ദുബായിൽ ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനുള്ളിൽ തന്നെ വിവാഹമോചനങ്ങൾ 30 ശതമാനം വർധിച്ചെന്ന് ഔദ്യോഗിക വെളിപ്പെടുത്തൽ. ഇതിൽ ഭൂരിഭാഗം വിവാഹമോചനങ്ങളും നടക്കുന്നത് വിദേശീയരുടെ ഇടയിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം വിവാഹങ്ങൾ ഇക്കാലയളവിൽ ഒരു ശതമാനം എന്ന നിലയിൽ മാത്രമാണ് വർധിച്ചിട്ടുള്ളതെന്നും ഇതിൽ തന്നെ പകുതിയിലധികം വിദേശീയരാണ്.

2013-ലെ ആദ്യത്തെ എട്ടുമാസത്തിനുള്ളിൽ 831 വിവാഹമോചനങ്ങളാണ് നടന്നിട്ടുള്ളതെങ്കിൽ ഈ വർഷം ഇതേകാലയളവിൽ തന്നെ 1073 വിവാഹമോചനങ്ങൾ അരങ്ങേറിക്കഴിഞ്ഞു. ഇതിൽ 602 വിവാഹമോചനങ്ങൾ നടന്നിട്ടുള്ളതും വിദേശീയരായ ദമ്പതികളുടെ ഇടയിലാണ്. 311 എണ്ണം മാത്രമാണ് എമിറേറ്റ്‌സ് ദമ്പതികളുടെ ഇടയിൽ നടന്നിട്ടുള്ള വിവാഹമോചനങ്ങൾ.

വിദേശ വനിതകളെ വിവാഹം കഴിച്ചിട്ടുള്ള 113 എമിറേറ്റി യുവാക്കളും വിദേശയുവാക്കളെ വിവാഹം കഴിച്ചിട്ടുള്ള 47 എമിറേറ്റി യുവതികളുമാണ് വിവാഹമോചനം നേടിയിട്ടുള്ളവർ. സ്വാഭാവികമായും ജനസംഖ്യ കൂടുന്നതിനനുസരിച്ച് വിവാഹമോചനങ്ങളും വർധിക്കുമെന്നും എന്നാൽ ഇവയ്ക്കു പിന്നിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ടെന്നും ദുബായി കോടതിയിലെ ഫാമിലി ഗൈഡൻസ് സെക്ഷൻ തലവൻ അബ്ദുൾ അസീസ് അൽ ഹമദി പറയുന്നു. മോശപ്പെട്ട കുടുംബാന്തരീക്ഷം, മതപരമായ കാരണങ്ങൾ, പങ്കാളിയുടെ വഞ്ചന, ഭാര്യ അല്ലെങ്കിൽ ഭർത്താവിനെ തെരഞ്ഞെടുക്കുന്നതിൽ പറ്റുന്ന പാളിച്ച എന്നിവയാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.