അതെന്താ പക്ഷിക്കാഷ്ഠമാണോ'! വീണ്ടും മോദിയെ ട്രോളി വിവാദത്തിൽപ്പെട്ട് ദിവ്യാസ്പന്ദന; എതിർപ്പുമായി ബിജെപിക്കൊപ്പം കോൺഗ്രസുകാരും; തന്റെ അഭിപ്രായങ്ങൾ തന്റേത് മാത്രം; വിശദീകരണങ്ങൾ ആരും അർഹിക്കുന്നില്ലെന്നും കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി

ന്യൂഡൽഹി: വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി വിവാദത്തിൽപ്പെട്ട് ദിവ്യാസ്പന്ദന. ഏകതാപ്രതിമയുടെ കാൽച്ചുവട്ടിൽ മോദി നിൽക്കുന്ന ചിത്രത്തെ പരിഹസിച്ചതാണ് വിവാദത്തിലായത്. ചിത്രം ട്വീറ്റ് ചെയ്ത കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി കൂടിയായ ദിവ്യ അടിക്കുറിപ്പ് നൽകിയത് ഇങ്ങനെ; 'അതെന്താ പക്ഷിക്കാഷ്ഠമാണോ'. ഇതിനെതിരെ പല ഭാഗത്ത് നിന്നാണ് വിമർശനം ഉയരുന്നത്.

ഇതിനെതിരേ എതിർപ്പുമായി ബിജെപിക്കാർ മാത്രമല്ല കോൺഗ്രസ് പ്രവർത്തകരും രംഗത്ത് വന്നു.ഇതോടെയാണ് രംഗം ചൂട് പിടിച്ചത്. കോൺഗ്രസിന്റെ മൂല്യം തകരുന്നതാണ് കാണുന്നത് എന്നാണ് രാഹുലിനെ പരോക്ഷമായി സൂചിപ്പിച്ച് ബിജെപി പ്രതികരിച്ചത്.ദിവ്യ ഉപയോഗിച്ച ഭാഷ കടന്നകൈയായി പോയെന്ന് കോൺഗ്രസ് വൃത്തങ്ങളും അഭിപ്രായപ്പെട്ടു. പാർട്ടിയുടെ എതിർപ്പ് വകവയ്ക്കുന്നില്ലെന്ന നിലപാടിലാണ് ദിവ്യ. തന്റെ അഭിപ്രായങ്ങൾ തന്റേത് മാത്രമാണെന്നും ദിവ്യ പ്രതികരിച്ചു. താൻ ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാൻ ഉദ്ദ്യേശിക്കുന്നില്ലെന്നും വിശദീകരണം ആരും അർഹിക്കുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേർത്തു.

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്വീറ്റുകളുടെ പേരിൽ ദിവ്യ വിമർശനം നേരിടേണ്ടി വരുന്നത്. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി സ്ഥാനം സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്ത ദിവ്യയുടെ നടപടിയെ പാർട്ടിയും ദിവ്യയും തമ്മിലുള്ള അസ്വാരസ്യമായി രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തിയിരുന്നു.

റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ മോദിയെ കള്ളനെന്ന് വിളിച്ച് രമ്യ ട്വീറ്റ് ചെയ്തിരുന്നു.ഇതോടെ ലഖ്‌നൗ സ്വദേശിയായ അഭിഭാഷകൻ രമ്യയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.തുടർന്ന് രമ്യക്കെതിരെ രാജ്യദ്രോഹ കേസ് എടുത്തിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഫോട്ടോഷോപ്പ് ചിത്രം ആയിരുന്നു ദിവ്യ സ്പന്ദന എന്ന രമ്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. തന്റെ മെഴുകു പ്രതിമയുടെ നെറ്റിയിൽ നരേന്ദ്ര മോദി 'ചോർ' എന്ന് എഴുതുന്നതാണ് ചിത്രം. റാഫേൽ ഇടപാടിനെതിരെ കോൺഗ്രസ് പ്രതിഷേധം ഉയർത്തുന്ന ഘട്ടത്തിലായിരുന്നു ദിവ്യസ്പന്ദന ഈ ചിത്രം ഷെയർ ചെയ്തത്.