ന്യൂഡൽഹി: അനിയന്ത്രിയതമായ ഇന്ധന വില വർധനയിൽ രാജ്യം മുഴുവനും ബന്ദ് നടക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതരെ സമൂഹ മാധ്യമത്തിലും പ്രതിഷേധം ശക്തമാവുകയാണ്. അതിനിടെയാണ് മോദി സർക്കാരിനെ ട്രോളിലൂടെ പരിഹസിച്ച് കോൺഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന രംഗത്തെത്തിയത്. പെട്രോൾ വിലയെ നടൻ ആമീർ ഖാന്റെ ചിത്രത്തോട് ഉപമിച്ചാണ് ട്രോൾ. മെലിഞ്ഞ ശരീരത്തോട് കൂടിയുള്ള ആമിർ ഖാന്റെ ചിത്രം യുപിഎ സർക്കാരിന്റെ കാലത്തെ പെട്രോൾ വിലയോടും എന്നാൽ വയസ് ചെന്ന് കുടവയറുമായി നിൽക്കുന്ന ആമിറിന്റെ ചിത്രം എൻഡിഎ സർക്കാരിന്റെ കാലത്തുള്ള പെട്രോൾ വിലയോടും ഉപമിച്ചാണ് ദിവ്യ സ്പന്ദന മോദി സർക്കാരിനെ ട്രോളിലൂടെ പരിഹസിച്ചത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ദിവ്യ ചിത്രം പങ്കു വച്ചത്.

ഹിന്ദി സിനിമയായ ദംഗലിലെ ആമിർ ഖാന്റെ ചിത്രങ്ങളാണു യുപിഎ, എൻഡിഎ കാലത്തെ ഇന്ധന വില താരതമ്യം ചെയ്തു കൊണ്ടു ദിവ്യ പങ്കുവെച്ചത്. മോദി സർക്കാർ എല്ലാ റെക്കോർഡുകളും ഭേദിച്ചിരിക്കുകയാണെന്നായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്. രൂപയുടെ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെന്നും ഇന്ധന വില ഏറ്റവും ഉയർന്ന നിലയിലാണെന്നുമുള്ള ട്വീറ്റിൽ മോദി സർക്കാർ സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതിൽ പൂർണ പരാജയമാണെന്നും ദിവ്യ കുറ്റപ്പെടുത്തുന്നു.

സമൂഹ മാധ്യമത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഇന്ധന വില വർധനവിനെതിരെ നടത്തിയ സമരങ്ങളുടെ ചിത്രങ്ങളും ട്വീറ്റുകളും ഫേസ്‌ബുക്ക് പോസ്റ്റുകളും കുത്തിപ്പൊക്കിയും മോദിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നവരുമുണ്ട്.ഈ അവസരത്തിലാണ് രാജ്യത്തെ നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കാൻ സമയമായെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞു. മോദി സർക്കാർ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില വർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിനെ പുറത്താക്കുന്നതിന് എല്ലാ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ വൈരം മറന്ന് യോജിക്കണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിന് ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ ഓരോ മൂലയിൽ നിന്നും കർഷകരുടേയും യുവാക്കളുടേയും നിലവിളികൾ ഉയരുകയാണ്. അധികാരത്തിലെത്തിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും മന്മോഹൻ സിങ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം പ്രകടമാക്കാൻ വേണ്ടിയാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.