- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യവയസ്‌കനായ നടൻ കൗമാരപ്രായക്കാരികൾക്കൊപ്പം അഭിനയിക്കുന്നത് വിചിത്രം; സിനിമയിലെ പുരുഷ മേധാവിത്വത്തെ വിമർശിച്ച് നടി ദിയ മിർസ
സിനിമയിലെ പുരുഷ മേധാവിത്വത്തെ രൂക്ഷമായി വിമർശിച്ച് നടി ദിയ മിർസ. നടന്മാർ തങ്ങളേക്കാൾ ഏറെ പ്രായം കുറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുന്നത് നിർഭാഗ്യകരമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. മധ്യവയസ്‌കനായ ഒരു നടൻ കൗമാരപ്രായക്കാരികൾക്കൊപ്പം അഭിനയിക്കുന്നത് 'വിചിത്ര'മാണ്. പുരുഷ മേധാവിത്വം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ദിയ ചൂണ്ടിക്കാട്ടുന്നു.
യുവത്വത്തിന്റെ സൗന്ദര്യത്തെ മാത്രമേ ബോളിവുഡിന് ഉൾക്കൊള്ളാൻ സാധിക്കുന്നുള്ളൂ, ഇത്തരം പ്രതിസന്ധികൾ മറികടന്നാണ് നീന ഗുപ്തയെ പോലുള്ള നടിമാർ പിടിച്ചുനിൽക്കുന്നത്. 'നിർഭാഗ്യകരമായ സത്യമെന്തെന്നാൽ, മധ്യവയസ്‌കരായ പുരുഷന്മാരെ കേന്ദ്രീകരിച്ചുള്ള തിരക്കഥകൾ ധാരാളമുണ്ടാകുന്നത് പോലെ സ്ത്രീകൾക്കായുള്ള കഥാപാത്രങ്ങൾ ഉണ്ടാകുന്നില്ല. സൗന്ദര്യമെന്ന ആശയം എപ്പോഴും യുവത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ചെറുപ്പക്കാരികൾക്ക് മാത്രം അവസരമുണ്ടാകുന്നതെന്നാണ് ഞാൻ കരുതുന്നത്'.
'നീന ഗുപ്തയെ പോലുള്ള നടിമാർ മാത്രമാണ് ഈ പതിവിന് 'വിപരീതമായി' പിടിച്ചുനിൽക്കുന്നത്. താനൊരു അഭിനേതാവാണെന്നും, തന്റെ ജോലിയെ ഇഷ്ടപ്പെടുന്നുവെന്നും, തനിക്ക് വേഷം തരൂ എന്നുമാണ് ഒരിക്കൽ നീന ഗുപ്ത പറഞ്ഞത്. അവർക്ക് കഥാപാത്രങ്ങൾ ലഭിച്ചു, എന്നാൽ അവരുടെ പ്രായത്തിലുള്ള ഒരുപാട് അഭിനേതാക്കൾ കഷ്ടപ്പെടുകയാണ്. കാരണം അവർക്കായി കഥകൾ എഴുതപ്പെടുന്നില്ല', ദിയ മിർസ പറഞ്ഞു.
മറുനാടന് ഡെസ്ക്