തിരുവനന്തപുരം: ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ വത്തക്ക പരാമർശത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങളുടെ കൂട്ടത്തിലാണ് മാറ് തുറക്കൽ സമരമെന്ന പേരിൽ രണ്ട് യുവതികൾ രംഗത്തെത്തിയത്. മോഡലും ആക്ടിവിസ്റ്റുമെന്ന നിലയിൽ പ്രവർത്തിക്കുന്ന റഹാന ഫാത്തിമയും ദിയ സനയുമാണ് വിവാദ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തുകൊണ്ട് രംഗത്തെത്തിയത്. ദിയ സനയാണ് ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്. എന്നാൽ, ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത ഈ ചിത്രങ്ങൾക്ക് പിന്നീട് എന്താണ് സംഭവിച്ചത്? എന്തായാലും മാറു തുറക്കൽ സമരം വേണ്ട വിധത്തിൽ വിജയിക്കാൻ ഫേസ്‌ബുക്ക് അനുവദിച്ചില്ല.

ദിയ സന പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ ഫേസ്‌ബുക്കിലില്ല. വിവാദ പോസ്റ്റിന് നേരെ സൈബർ ലോകത്തു നിന്നും പച്ചതെറിവിളികളാണ് ഉയർന്നത്. ഇങ്ങനെ ആക്രമണങ്ങൾ ശക്തമായതോടെ മണിക്കൂറുകൾക്കുള്ളിലാണ് പോസ്റ്റ് നീക്കം ചെയ്തത്. ഫേസ്‌ബുക്കിന്റെ നിർദ്ദേശ പ്രകാരം ആ ചിത്രങ്ങൾ നീക്കം ചെയ്യേണ്ടി വരികയായിരുന്നുവെന്ന് പോസ്റ്റ് ചെയ്ത ദിയ തന്നെ വ്യക്തമാക്കി. ചിത്രങ്ങൾ നീക്കം ചെയ്യാത്ത പക്ഷം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് നീക്കം ചെയ്യും എന്ന് അറിയിച്ചതോടെ ചിത്രം പിൻവലിച്ചുവെന്ന് ദിയ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനെ ഫേസ്‌ബുക്ക് പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ കൂടുതൽ സ്ത്രീകൾ മാറു തുറക്കൽ സമരത്തിനൊപ്പം ചേരാൻ മുന്നോട്ട് വരുന്നുണ്ട്. ഇവരെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് ദിയ വ്യക്തമാക്കി. പോസ്റ്റ് നൽകിയതിന് ശേഷം സോഷ്യൽമീഡിയയിലും അല്ലാതെയും തങ്ങൾക്ക് നേരെ അസഭ്യം ഉയരുന്നുണ്ട്. ചുംബന സമരത്തിൽ പങ്കെടുത്തവർ എന്ന നിലയിൽ തങ്ങൾക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങളാണ് നടക്കുന്നതെന്നാണ് ദിയ വ്യക്തമാക്കിയത്.

മാറു തുറക്കൽ സമരം എന്ന ഹാഷ്ടാഗോടെ നടിയും ആക്ടിവിസ്റ്റുമായ രഹനെയുടെ മാറ് തുറന്നുള്ള ചിത്രമാണ് ദിയ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. നേരത്തേയും ഇത്തരം അർദ്ധ നഗ്‌ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രഹന പ്രതിഷേധം നടത്തിയിരുന്നു. മാറുമറയ്ക്കാനുള്ള അവകാശം സമരം ചെയ്ത് നേടിയതാണ് മലയാളി സ്ത്രീകൾ. ആ അവകാശപ്പോരാട്ടത്തെ റദ്ദുചെയ്യുന്നതല്ല തന്റെ മാറുതുറക്കൽ സമരമെന്ന് പ്രഖ്യാപിച്ചാണ് ദിയ പോസ്റ്റ് നൽകിയിരിക്കുന്നത്. ചൂഴ്ന്നെടുത്ത വത്തക്കപോലെ എന്ന അദ്ധ്യാപകന്റെ പരാമർശത്തിന് മറുപടിയെന്നോണം മുറിച്ച വത്തയ്ക്ക മാറിടങ്ങൾക്ക് മുകളിൽ പിടിച്ച ശേഷം മാറിടം അനാവൃതമാക്കി വത്തയ്ക്ക കൊണ്ട് മുഖംമറയ്ക്കുന്ന ദൃശ്യങ്ങളാണ് ദിയ പ്രതിഷേധ സൂചകമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളും സാമുഹ്യപ്രവർത്തകയായ ദിയ സനയുടെ പോസ്റ്റും വലിയ ചർച്ചയായിക്കഴിഞ്ഞു. സമാന രീതിയിൽ വലിയ പ്രതിഷേധമാണ് മാറു തുറക്കൽ സമരം എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അതേസമയം ഫറൂഖ് കോളേജ് അദ്ധ്യാപകൻ വിദ്യാർത്ഥികളെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് മറുപടിയായി ഫേസ്‌ബുക്കിൽ ആരംഭിച്ച മാറുതുറക്കൽ സമരത്തിന് നേരെ ഇരട്ടത്താപ്പാണെന്ന് രഹന ഫാത്തിമ പ്രതികരിച്ചു. മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രത്തെ പിന്തുണച്ചവർ എന്നാൽ മാറുതുറക്കൽ പ്രതിഷേധത്തെ ലൈംഗികത മാത്രമായാണ് കാണുന്നതെന്നും രഹന പറഞ്ഞു. പുരുഷ ശരീരം ആഘോഷിക്കപ്പെടുമ്പോൾ സ്ത്രീയ്ക്ക് സ്വന്തം ശരീരത്തിന് മേൽ സ്വാതന്ത്ര്യമില്ല. അവർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽനിന്ന് മാത്രമേ സ്ത്രീ എന്തും ചെയ്യാൻ പാടുള്ളൂ എന്നും അതിനപ്പുറമായാൽ ലൈംഗികത മാത്രമാണെന്ന് കരുതുന്നതും അവരുടെ പരിമിതിയാണ്. സ്ത്രീ ശരീരം അവളുടെ സ്വാതന്ത്ര്യമാണ്. പുരുഷന്മാർ എന്തിന് സ്ത്രീ ലൈംഗികതയെ ഭയപ്പെടണമെന്നും രഹന ചോദിക്കുന്നു.

ചുംബന സമരത്തിുന് തുല്യമായി പൊതു ഇടത്തിലൊരു പ്രതിഷേധത്തെ കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ല. മുമ്പ് ജാതീയതയ്ക്കെതിരെ മാറ് മറയ്ക്കൽ സമരം നടത്തേണ്ടി വന്നെങ്കിൽ ഇന്ന് സ്വന്തം ശരീരത്തിന്റെ സ്വാതന്ത്രത്തിനായി മാറ് തുറന്ന് പൊതുമധ്യത്തിൽ സമരം ചെയ്യേണ്ടി വരിക എന്നത് സ്ത്രീയുടെ ഗതികേടാണ്. ഈ സമൂഹത്തിൽ തന്റെ ശരീരത്തിൽ സ്വാതന്ത്ര്യമില്ലാതാകുന്നതുകൊണ്ടാണതെന്നും രിഹാന പറഞ്ഞു.

ഫറൂഖ് കോളേജിൽ ഹോളിയാഘോഷത്തിനിടെയുണ്ടായ അക്രമത്തിന്റെ പേരിൽ മൂന്ന് അദ്ധ്യാപകരടക്കം അഞ്ചുപേർക്കെതിരേ പൊലീസ് കേസ് എടുത്തിരുന്നു. ഈ സംഭവത്തിന്റെ പേരിലുള്ള വിവാദം അടങ്ങുംമുൻപേയാണ് അദ്ധ്യാപകന്റെ വിവാദപ്രസംഗവും പ്രചരിച്ചതും ഇതിനെതിരെ വലിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നതും.

'മുസ്ലിം പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാൻ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ മാറിടം കാണിക്കുന്നു' എന്നാണ് അദ്ധ്യാപകന്റെ പ്രസംഗം. ഭൂരിപക്ഷവും മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ അവരുടെ വസ്ത്ര ധാരണം മത ശാസനകൾക്ക് വിരുദ്ധമാണ്. പർദ്ദ പൊക്കിപ്പിടിച്ച് ലഗിൻസും കാണിച്ചാണ് പെൺകുട്ടികൾ ക്യാമ്പസിൽ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികൾക്ക് സ്വർഗം ലഭിക്കില്ലെന്നും രക്ഷിതാക്കൾ ബോധവത്ക്കരിക്കണം- ഇങ്ങനെയായിരുന്നു അദ്ധ്യാപകന്റെ ഉപദേശം.

'എൺപത് ശതമാനം പെൺകുട്ടികൾ പഠിക്കുന്ന ഫാറൂഖ് കോളേജിലെ അദ്ധ്യാപകനാണ് ഞാൻ. അതിലും ഭൂരിഭാഗം മുസ്ലിം പെൺകുട്ടികൾ. ഇന്ന് പർദ്ദയുടെ അടിയിൽ ലഗിൻസ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും, കാണാൻ വേണ്ടി. നാട്ടുകാരെ കാണിക്കാൻ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്റ്റൈൽ. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്‌ത്തിയിടണമെന്നാണ്. എന്തിനാണെന്നറിയോ.

പുരുഷനെ ഏറ്റവും ആകർഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറാണ്. അത് പുരുഷൻ കാണാതിരിക്കാനാണ് മുഖമക്കന താഴ്‌ത്തിയിടാൻ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെൺകുട്ടികൾ അത് തലയിൽ ചുറ്റിവെക്കും. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും. എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവർ പരലോകവും ഇഹലോകവും ഇല്ലാതാക്കുകയാണ്- അദ്ധ്യാപകൻ പ്രസംഗത്തിൽ പറഞ്ഞു.

സൽമാൻ ഖാന് ഇഹലോകമുണ്ട്. പണമുണ്ട്, കാറുണ്ട്, പരലോകമാണ് നമ്മുടെ പ്രശ്നം. പെൺകുട്ടികളെ രക്ഷിതാക്കൾ ഉപദേശിക്കണം. മുടിയും ആളുകളെ കാണിക്കുന്നു. എന്നാൽ ശരീരത്തിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുത്തു കൂടെ. ഏറ്റവും കൂടുതൽ ലഗിൻസ് വിറ്റഴിക്കപ്പെടുന്നത് മുസ്ലീങ്ങൾ കൂടുതൽ താമസിക്കുന്ന പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിൻസെന്ന് മറ്റ് മതത്തിലുള്ളവർ തിരിച്ചറിഞ്ഞിട്ടുണ്ട്.

എലൈറ്റ് വട്ടോളിയിലെ പള്ളിക്ക് സമീപത്ത് സ്‌കൂൾ വിട്ടു വരുന്ന കുട്ടികളെ കണ്ടു. എല്ലാവരും ലഗിൻസാണ് ഇട്ടത്. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്. അതെന്തിനാണ് ഇടുന്നത്. നമ്മുടെ മക്കളെ ആരാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ ആധുനിക കുടുംബങ്ങൾ തകർച്ചയിലേക്ക് പോവുകയാണ്. നമ്മുടെ വീടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അദ്ധ്യാപകൻ പറയുന്നു. - ഇത്തരത്തിൽ നടന്ന പ്രസംഗം വിവാദമാകുകയും സ്ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന ആക്ഷേപം ഉയരുകയും ചെയ്തത് വലിയ ചർച്ചയാവുകയാണ് ഇപ്പോൾ.