കൊച്ചി: കൊച്ചയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലെ ഡിജെ പാർട്ടികളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസും ചേർന്നു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. പരിശോധനയിൽ ലഹരിമരുന്നു കണ്ടെടുത്തു. ഡിജെയും പാർട്ടി സംഘാടകരും അടക്കം ആലുവ സ്വദേശികളായ 4 പേരെ അറസ്റ്റ് ചെയ്തു.

ഒരിടത്തു നിന്ന് 1.75 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് പൊതിയാനുപയോഗിക്കുന്ന പ്രത്യേകതരം കടലാസും കണ്ടെടുത്തിട്ടുണ്ട്. ഡാൻസ് ജോക്കി അൻസാർ (37), നിസ്വിൻ (39), ജോമി (48), ഡെന്നിസ് (42) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

സൗജന്യമദ്യവും നൃത്തവുമാണു ഇത്തരം പാർട്ടികളിലെ പരസ്യ വാഗ്ദാനം. എന്നാൽ രാസലഹരിമരുന്നടക്കമുള്ളവയുടെ വൻ വിൽപനയാണു ഇതിന്റെ മറവിൽ നടക്കുന്നത്. ലഹരിമരുന്നു മണത്തു കണ്ടുപിടിക്കാൻ വൈദഗ്ധ്യമുള്ള സ്‌നിഫർ ഡോഗുമുണ്ടായിരുന്നു. ഡിജെ പാർട്ടി മൂന്നാറിലേക്കു മാറ്റിയതിനാൽ ഒരു ഹോട്ടലിലെ പരിശോധന വേണ്ടി വന്നില്ല. മൂന്നാറിലും ഈ പാർട്ടി നടന്നില്ല. റെയ്ഡ് വിവരം ചോർന്നതാണ് ഇതിന് കാരണമെന്നാണ് സൂചന.

കൊച്ചിയിൽ ഡിജെ പാർട്ടികൾക്കെത്തിയവരിൽ യുവതികളുമുണ്ടായിരുന്നു. അർധരാത്രിയോടെ പാർട്ടിക്കെത്തിയ ഇവർ, പരിശോധന നടക്കുന്നുവെന്നറിഞ്ഞതോടെ മുങ്ങി. കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോഴും മുൻ കരുതലുകളൊന്നുമില്ലാതെയാണു ഡിജെ പാർട്ടികൾ നടത്തുന്നതും യുവാക്കൾ പങ്കെടുക്കുന്നതും. ഇതും പൊലീസ് ഗൗരവത്തോടെ എടുക്കുന്നുണ്ട്.

ഡിജെ പാർട്ടികൾക്ക് ആളെ കൂട്ടാൻ കൃത്യമായ സംവിധാനമുണ്ട്. വിദേശികളായ ഡിജെകളാണെങ്കിൽ നിരക്കു കൂടും. സമൂഹമാധ്യമങ്ങളിലൂടെയാണ് ആളുകളെ സംഘടിപ്പിക്കുന്നത്. പാർട്ടി സംഘാടകർക്കു വെബ് സൈറ്റുകളുമുണ്ട്. സ്ഥിരം അംഗങ്ങൾ പരിചയപ്പെടുത്തിയാൽ മാത്രം പ്രവേശനം അനുവദിക്കുന്ന രഹസ്യ ഗ്രൂപ്പുകളുമുണ്ട്.

ഏജൻസികൾ നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം നഗരത്തിലെ നാല് ഹോട്ടലുകളിൽ കൂടി റെയ്ഡ് നടന്നിരുന്നു. ഹോളിഡേ ഇൻ ഹോട്ടലിലേക്ക് കൂടുതൽ ഏജൻസികൾ പരിശോധനയ്ക്കായി എത്തി. ചക്കരപ്പറമ്പിലെ ഹോട്ടലിൽ നിന്നും കൂടിയ ഇനം ലഹരിവസ്തുക്കൾ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകൾ, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് റെയ്ഡ് അവസാനിച്ചത്.