കൊച്ചി: ചിലവന്നൂർ കായൽ തീരത്തെ ഡി.എൽ.എഫ് ഫ്‌ലാറ്റ് സമുച്ചയം പൊളിച്ച് നീക്കേണ്ടിവരുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് ഡി.എൽ.എഫ് ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജ്ജിയിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് ഉത്തരവുണ്ടാകുക. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് കെട്ടിടം പൊളിച്ചു നീക്കാൻ ജസ്റ്റിസ്സ് രാമകൃഷ്ണപിള്ള അധ്യക്ഷനായ സിംഗിൾ ബെഞ്ച് 2014 ഡിസംബർ 8 ന് ഉത്തരവിട്ടത്.

നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുന്നതിനോടൊപ്പം കെട്ടിടത്തിന്റെ കയലിലേക്ക് തള്ളിനിൽക്കുന്ന നിർമ്മാണം പൂർണ്ണമായും അനധികൃതമാണെന്നുമായിരുന്നു കോടതിയുടെ അന്നത്തെ കണ്ടെത്തൽ. പ്രദേശവാസിയായ ആന്റണി എവി യായിരുന്നു ഹർജ്ജിക്കാരൻ. പാരിസ്ഥിതിക അനുമതിയുണ്ടോയെന്ന കാര്യം പരിശോധിക്കാതെയാണ് കെട്ടിട നിർമ്മാണത്തിന് കൊച്ചി നഗരസഭ പെർമിറ്റ് നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിധിയ്‌ക്കെതിരെ ഡി.എൽ.എഫ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഡിവിഷൻ ബെഞ്ച് കേസിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷിചേർക്കുകയായിരുന്നു. പരിസ്ഥിതി അനുമതി നൽകാൻ ഉത്തരവാദിത്വപ്പെട്ട സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസെസ്‌മെന്റ് അതോരിറ്റിയുടെ അനുമതി 2013 ഡിസംബർ 11 ന് ലഭിച്ചിട്ടുണ്ടെന്നും പാരിസ്ഥിതിക പ്രത്യാഘാത പഠന സമിതിയുടെ നിർദ്ദേശപ്രകാരമാണ് അനുമതി ലഭിച്ചതെന്നും ഡിവിഷൻ ബെഞ്ചിൽ ഡി.എൽ.എഫ് സമർപ്പിച്ച ഹർജ്ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ്സുമാരായ രാമചന്ദ്രമേനോൻ, അനിൽ കെ നരേന്ദ്രൻ എന്നിവരാണ് കേസിൽ വാദം കേട്ടത്.

അതേസമയം, നിർമ്മാണത്തിൽ നിയമലംഘനം നടന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തൽ. നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഡി.എൽ.എഫ് കെട്ടിടം നിർമ്മിച്ചതെന്നും അതിനാൽ പൊളിച്ച് നീക്കേണ്ടതില്ലെന്നുമാണ് പരിസ്ഥിതി മന്ത്രാലയം 2016 ജൂൺ മാസം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ചിന്റെ വിധി എത്രത്തോളം ഡി.എൽ.എഫിന് എതിരായി വരുമെന്നാണ് പരിസ്ഥിതി സ്‌നേഹികൾ ഉറ്റുനോക്കുന്നത്. അതേസമയം ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ഉണ്ടായിലില്ലെങ്കിൽ സുപ്രീംകോടതിയിൽ ഹർജ്ജി നൽകുമെന്ന് പരാതിക്കാരനായ എ.വി ആന്റണി മറുനാടൻ മലയാളിയോട് പറഞ്ഞു.