ന്യൂഡൽഹി: കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റിന് കൈവശാവകാശരേഖ നൽകണമെന്ന് നിർമ്മാതാക്കളായ ഡി.എൽ.എഫ്. സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി ഒരു കോടി രൂപ കെട്ടിവെയ്ക്കാൻ തയ്യാറാണെന്നും വിശദീകരിച്ചു. ഇതിൽ നാലാഴ്ചയ്ക്കകം മറുപടിനൽകാനാവശ്യപ്പെട്ട് ജസ്റ്റിസ് പി.സി. ഘോഷ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാനത്തിന് നോട്ടീസയച്ചു.

ഫ്ലാറ്റുകൾ പൊളിച്ചുനീക്കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാനസർക്കാരും തീരദേശപരിപാലന അഥോറിറ്റിയും നൽകിയ അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് ഡി.എൽ.എഫിന്റെ ഹർജി. കായൽത്തീരം കൈയേറിയാണ് ഫ്ലാറ്റ് നിർമ്മിച്ചതെന്ന് വ്യക്തമാക്കുന്ന സാറ്റ്ലൈറ്റ് ഭൂപടം തീരദേശപരിപാലന അഥോറിറ്റി നേരത്തേ സുപ്രീംകോടതിയിൽ ഹാജരാക്കിയിരുന്നു. തീരദേശ നിയന്ത്രണമേഖലാ നിയമത്തിലെ വ്യവസ്ഥകൾ മറികടന്ന് നിർമ്മിച്ച ഫ്ലാറ്റ് പിഴയീടാക്കി നിയമപരമാക്കാൻ നിർദേശിച്ച നടപടി സുപ്രീംകോടതിയുടെ പല വിധികളുടെയും ലംഘനമാണെന്നാണ് അഥോറിറ്റിയുടെ വാദം.

ചിലവന്നൂരിലെ കായൽത്തീരത്ത് നിയമവിരുദ്ധമായി നിർമ്മിച്ച ഫ്ലാറ്റ് പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് 2014-ൽ വിധിച്ചിരുന്നു. എന്നാൽ, ഇതിനെതിരേ നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. നിർമ്മാണം നിയമവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തിയെങ്കിലും കെട്ടിടം പൊളിക്കുന്നത് കൂടുതൽ പ്രശ്നമുണ്ടാക്കുമെന്ന് നിരീക്ഷിച്ചു. അതിനാൽ ഫ്ലാറ്റ് പൊളിക്കേണ്ടെന്നും ഒരു കോടി രൂപ പിഴയടയ്ക്കാനും ഡിവിഷൻ ബെഞ്ച് വിധിച്ചു. ഇതിനെതിരെയാണ് നിയമ നടപടി പുരോഗമിക്കുന്നത്.