മെൽബൺ: മലയാളക്കരയിൽ നിന്നും ഉപജീവനം തേടി ഓസ്‌ട്രേലിയായിൽ താമസമാക്കിയിരുന്ന മലയാളികൾക്ക് ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടൻ കലാ രൂപങ്ങളുടെയും തനിമ ചോർന്നു പോകാതെ വരും തലമുറയ്ക്ക് കൈമാറുവാൻ എക്കാലവും ശ്രദ്ധ വയ്ക്കുന്ന ഡാർവിൻ മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 13 ഞായറാഴ്ച ആഘോഷിക്കുന്നു. അന്നേ ദിവസം വിഭവ സമൃദ്ധമായ ഓണ സദ്യയോടൊപ്പം മലയാള സിനിമ രംഗത്തും ടിവി ഷോകളിലും നിറഞ്ഞു നിൽക്കുന്ന മിരാ നന്ദൻ, അഞ്ജു അരവിന്ദ്, മനോജ് ഗിന്നസ്, കലാഭവൻ സന്തോഷ്, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീനാഥ് തുടങ്ങി ഒൻപതോളം പേരടങ്ങുന്ന ''ഓണനിലാവ് '' എന്ന സ്‌റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ്.

ഡാർവിൻ മലയാളി അസ്സോസിയേഷന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടു പോകുവാൻ പ്രസിഡന്റ് ജെന്നി സന്തോഷ്, വൈസ് പ്രസിഡന്റ് ജിജോ ജോസഫ് കുമരകം, സെക്രട്ടറി ബിബിൻ മാത്യു പാഴൂർ, ജോയിന്റ് സെക്രട്ടറി ഷിജു സ്‌കറിയ, ട്രഷറർ റോബിൻ മാത്യു, പിആർഒ സജേഷ് പോൾ വള്ളൂപ്പാറ, ലീഗൽ അഡ്‌വൈസർ ബിനോയി ഫിലിപ്പ് എന്നിവരെയും കമ്മറ്റി അംഗങ്ങളായി അശോക് സുരേന്ദ്രൻ, ബേസിൽ മത്തായി, ബിജു ജേക്കബ്, ഡിജോ സെബാസ്റ്റ്യൻ, ഡിനൈസ് ഡേവിസ്, ജോർജ് കെ. വർഗീസ്, ഗിരീഷ് കുമാർ, രാജീവ് ജോസ്, ഷിജി സജി, സുജേഷ് സി. മാത്യു, സുനിൽ ജെ. കാരിക്കൽ, ഉല്ലാസ് മാത്യു, വിനീത് വി. കുമാർ എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഡാർവിൻ മലയാളി അസ്സോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ജിംഗിളി പാർക്കിൽ വച്ച് നടന്ന ആഘോഷത്തിൽ പ്രസിഡന്റ് ജെന്നി സന്തോഷ് പതാക ഉയർത്തി തദവസരത്തിൽ ഓണ നിലാവ് ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പനയും നടന്നു. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.