ഡിട്രോയിറ്റ്: ഡിസംബർ മൂന്നിന് ശനിയാഴ്ച സൗത്ത് ഫീൽഡിലുള്ള സാന്തോം ഓഡിറ്റോറി യത്തിൽ വച്ചു ഗൃഹാതുരത്വ സ്മരണകളുണർത്തി ഡി.എം.എയുടെ ക്രിസ്മസ് ആഘോഷം നടന്നു. പുതുമകൾകൊണ്ടും കലാമികവ് കൊണ്ടും, ജനപങ്കാളിത്തംകൊണ്ടും ഓർമ്മയിൽ എന്നും സൂക്ഷിക്കാവുന്ന ഒരു ആഘോഷമായിരുന്നു ഇത്തവണത്തേത്. ഡി.എം.എ പ്രസിഡന്റ് സൈജൻ കണിയോടിക്കൽ ആശംസാ പ്രസംഗം നടത്തി. സെന്റ് തോമസ് സീറോ മലബാർ പള്ളി വികാരി റോയി മൂലേച്ചാലിൽ ക്രിസ്മസ് സന്ദേശം നൽകി. കലാപരിപാടികളുടെ അവതാരകരായി വർക്കി പെരിയപ്പുറവും, പ്രിസ്‌ക ഏബ്രഹാമും തിളങ്ങി.

സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ സമ്മാനപ്പൊതികളുമായി സാന്താക്ലോസ് (ബിജു ജോസഫ്) സദസ്സിൽ എത്തിയപ്പോൾ ആവേശം അണപൊട്ടിയൊഴുകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്രിസ്മസ് പാപ്പാ എല്ലാവർക്കും ഒപ്പം ആടിയും പാടിയും ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. എല്ലാ കുട്ടികൾക്കും ക്രിസ്മസ് പാപ്പ സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രോഗ്രാം കോർഡിനേറ്റർകൂടിയായിരുന്ന അഭിലാഷ് പോൾ സംവിധാനം നിർവഹിച്ച 'സാൽവേർ' എന്ന നാടകം എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. യേശുദേവന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിത കഥയായിരുന്നു സാൽ വേർ. സംഗീതസാന്ദ്രമായ ഈ നാടകം യുവി ലൈറ്റ് ടെക്നോളജിയുടെ സഹായത്തോടെ വളരെ വ്യത്യസ്തയോടുകൂടി അവതരിപ്പിച്ചത് ആസ്വാദകരിൽ നവ്യാനുഭൂതി സൃഷ്ടിച്ചു.

സൈജൻ കണിയോടിക്കൽ സംവിധാനം നിർവഹിച്ച 'രായപ്പന്റെ ബോക്സിങ് ഇതിഹാസം' എന്ന കോമഡി സ്‌കിറ്റ് കാണികളിൽ ചിരിയുണർത്തി.

ഗാനങ്ങൾ ആലപിച്ചവരും, ഡാൻസുകൾ അവതരിപ്പിച്ചവരും മികവുകൾകൊണ്ട് കാണികളുടെ കൈയടി നേടി. ഡി.എം.എ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച നാടൻ കരോളും, കരോൾ ഗാനങ്ങളും എല്ലാവരിലും ഗൃഹാതുരത്വമുണർത്തി. ഡി.എം.എ സെക്രട്ടറി നോബിൾ തോമസ് എല്ലാവർക്കും നന്ദിയും നല്ല ഒരു ക്രിസ്മസും പുതുവത്സരവും ആശംസിച്ചു.

രാത്രി ഒമ്പതു മണിയോടുകൂടി തിരശീല വീണ ഡി.എം.എയുടെ ഈവർഷത്തെ ക്രിസ്മസ് ആഘോഷ പരിപാടികൾ പ്രായഭേദമെന്യേ മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിച്ചു. തോമസ് കർത്തനാൾ അറിയിച്ചതാണിത്.