ക്രംലിൻ: ഡിഎംസിയുടെ നേതൃത്വത്തിൽതിരുവോണ ദിനത്തിൽ ക്രംലിനിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളികൾ ചേർന്ന് നടത്തിയ ഓണാഘോഷം അവിസ്മരന്നിയമായി. നാട്ടിൽ നിന്നെത്തിയ അമ്മമാർക്കൊപ്പം ലിങ്ക്വിൻസ്റ്റർ, ബാബു വള്ളൂരാൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തിയതോടെ കൂടി പരിപാടികൾ ആരംഭിച്ചു. കൊച്ചുകൂട്ടുകാരായ ക്രിസ്റ്റി, നേഹ, മേഘ എന്നിവർ ചേർന്ന് നടത്തിയ പരിപാടിയുടെ അവതരണം മികവുറ്റതായിരുന്നു.

കുട്ടികളുടെ വിവിധ ഇനം കലാപരിപടികൾക്കൊപ്പം അയർലണ്ടിലെ മുൻനിര ഗായകരിൽ ഒരാളായ ജോഷി കൊച്ചുപറമ്പിൽ നേതൃത്വം കൊടുത്ത ഗാനമേള പരിപാടികൾക്ക് കൊഴുപ്പ് കൂട്ടി. ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടിയുള്ള മാവേലി മന്നന്റെ കടന്നുവരവ് കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ആവേശഭരിതരാക്കി.

സദസിന്റെ മുമ്പിൽ അണിയിച്ചൊരുക്കിയ ഓണപൂക്കളം കുട്ടികളിൽ കൗതുകമുണർത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം വടംവലി മത്സരവും വിവിധ ഇനം കലാ കായിക മത്സരങ്ങളും നടത്തി. വിജയികൾക്കുള്ള സമ്മാന വിതരണത്തിന്  ശേഷം വൈകിട്ട് അഞ്ചര മണിയോട് കൂടി  ഈ വർഷത്തെ ഡിഎംസിയുടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.