ചെന്നൈ: ക്രൂര ബലാത്സംഗ കൊലപാതകം നടന്ന് ആറ് വർഷങ്ങൾക്ക് ശേഷം ഡിഎംകെ നേതാവിന് ശിക്ഷ. പ്രായ പൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലാണ് ഡിഎംകെ നേതാവിന് പത്തു വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്. പെരംബല്ലൂർ എന്ന സ്ഥലത്തെ മുൻ എംഎൽഎയായിരുന്ന രാജ്കുമാറിനാണ് ചെന്നൈ കോടതി ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷയ്ക്ക് പുറമെ 42,000 രൂപ പിഴയും രാജ്കുമാർ അടയ്ക്കണം. ഇയാളുടെ സഹായികളായ ജയശങ്കറിനെയും ഡ്രൈവർ മഹേന്ദ്രനും കേസിൽ പൊലീസ് പിടികൂടിയിരുന്നു.

എന്നാൽ മതിയായ തെളിവില്ലാത്തതിനാൽ മഹേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. എന്നാൽ പത്തു വർഷം തടവ് ശിക്ഷയും 42,000 രൂപ പിഴയുമാണ് ജയശങ്കറിന് കോടതി വിധിച്ചത്. സംഭവം നടന്ന് ആറ് വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചത്തിന്റെ ആശ്വാസത്തിലാണ് പെൺകുട്ടിയുടെ കുടുംബം. 2012ൽ ആണ് കേസിനാസ്പദമായ സംഭവം. പെരംബലൂർ എംഎ‍ൽഎ ആയിരുന്നു ഈ സമയം രാജ്കുമാർ. ഇദ്ദേഹത്തിന്റെ വീട്ടിൽ സഹായത്തിനു നിന്ന പീരുമേട് സ്വദേശിനിയായ പെൺകുട്ടിയെ ആണ് ബലാത്സംഗം ചെയ്തുകൊന്നത്. 2012 ജൂണിലാണ് രാജ്കുമാറിന്റെ വീട്ടിൽ പെൺകുട്ടി ജോലിക്കായി എത്തിയത്. അഞ്ച് ദിവസങ്ങൾക്ക് ശേഷം തന്നെ തിരികെ കൊണ്ടുപോകണമെന്ന് പെൺകുട്ടി അച്ഛനോട് കരഞ്ഞുപറഞ്ഞു.

ജൂൺ 28 ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന സന്ദേശം പിതാവ് ലഭിച്ചു. ഇതേ തുടർന്ന് കുട്ടിയുടെ അമ്മ തേനിയിലുള്ള ആശുപത്രിയിൽ ചെന്ന് നോക്കുമ്പോൾ മകൾ അബോധാവസ്ഥയിലായിരുന്നു. പിന്നീട് ഇതേ ആശുപത്രിയിൽവെച്ച് കുട്ടി മരിച്ചു.  ആത്മഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ മൃതദേഹത്തിൽ കണ്ടെത്തിയ മുറിപ്പാടുകളാണ് അന്വേഷണം എം.എൽഎയിലേക്ക് എത്തിച്ചത്. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് തെളിഞ്ഞു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് രാജ്കുമാറിലേക്കെത്തിയത്.