ചെന്നൈ: തമിഴ്‌നാട് നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തൂത്ത് വാരി ഡിഎംകെ. എഐഎഡിഎംകെയുടെ കോട്ടയായിരുന്ന പടിഞ്ഞാറൻ മേഖല ഡിഎംകെ പിടിച്ചടക്കി. ദ്രാവിഡ മോഡലിന് സംസ്ഥാനത്തെ ജനങ്ങൾ അംഗീകാരം നൽകിയതിന് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ നന്ദി പറഞ്ഞു. ഒമ്പത് മാസത്തെ സ്റ്റാലിന്റെ ഭരണത്തിനുള്ള റിപ്പോർട്ട് കാർഡ് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.

ആകെയുള്ള 1374 കോർപറേഷൻ വാർഡുകളിൽ ഡിഎംകെ ഇതുവരെ 289 സീറ്റുകളിൽ ജയിച്ചുകഴിഞ്ഞു. മുഖ്യ പ്രതിപക്ഷമായ എഐഎഡിഎംകെ 49 സീറ്റിൽ ജയിച്ചു. ബിജെപി മൂന്നുസീറ്റിലും. വോട്ടിങ് ശതമാനം 60.7 ശതമാനമായിരുന്നു.

21 കോർപ്പറേഷനുകളിലും ഡിഎംകെയാണ് മുന്നിൽ. കോർപ്പറേഷനുകളിലെ 77 വാർഡുകളിലും, 128 മുൻസിപ്പാലിറ്റികളിലും, നഗര പഞ്ചായത്തുകളിലെ 385 വാർഡുകളിലും ഡിഎംകെ മുന്നേറുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ ചെന്നൈ കോർപറേഷനിൽ ഡിഎംകെ കേവല ഭൂരിപക്ഷം നേടി. 131 വാർഡുകളുടെ ഫലം അറിഞ്ഞപ്പോൾ 104 വാർഡിലും ജയം ഡിഎംകെയ്ക്കാണ്. സഖ്യകക്ഷികളുടെ പിന്തുണ ഇല്ലാതെ തന്നെ ഡിഎംകെയ്ക്ക് മേയറെ തിരഞ്ഞെടുക്കാം. സഖ്യകക്ഷിയായ കോൺഗ്രസ് ഏഴ് സീറ്റിലും സിപിഐ ഒരു സീറ്റിലും സിപിഎം രണ്ട് സീററിലും ജയിച്ചു. എഐഡിഎംകെ 12 സീറ്റിൽ ജയിച്ചു. ആകെ 200 വാർഡാണ് ഉള്ളത്. 2006 ൽ ഡിഎംകെ സഖ്യം 155 ൽ 150 ൽ ജയിച്ചിരുന്നു. 2011 ൽ 200 വാർഡിൽ എഐഎഡിഎംകെ 168 സീറ്റിൽ ജയിച്ചു.

മധുരൈ, കോയമ്പത്തൂർ, സേലം കോർപ്പറേഷനുകളിലും ഭരണകക്ഷിയായ ഡിഎംകെയുടെ മുന്നേറ്റം. കോർപ്പറേഷനുകളിലെ 9 വാർഡുകളിലും. മുൻസിപ്പാലിറ്റികളിൽ 90 വാർഡുകളിലും, 385 പഞ്ചായത്ത് വാർഡുകളിലുമാണ് എഐഎഡിഎംകെ മുന്നേറ്റം. കോൺഗ്രസ് കോർപ്പറേഷനുകളിൽ 7 വാർഡുകളിലും, മുൻസിപ്പാലിറ്റികളിൽ 19 ഇടങ്ങളിലും, പഞ്ചായത്ത് വാർഡിൽ 77 ഇടത്തും കരുത്തറിയിച്ചിട്ടുണ്ട്.

3,843 മുനിസിപ്പാലിറ്റി വാർഡുകളിൽ ഡിഎംകെ 1,211 എണ്ണത്തിലും അണ്ണാഡിഎംകെ 320 എണ്ണത്തിലും വിജയം നേടി. കോൺഗ്രസ് 80, സിപിഐ 10, സിപിഎം 24, ബിജെപി 29. ഡിഎംഡികെ 5 എന്നിങ്ങനെയാണ് മറ്റുകക്ഷികളുടെ സീറ്റ് നില. 489 നഗര പഞ്ചായത്തുകളിലെ 3,782 വാർഡുകളിൽ ഡിഎംകെയും 1,070 വാർഡുകളിൽ അണ്ണാഡിഎംകെയും വിജയം നേടി.

ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും തമ്മിലാണ് മിക്കയിടങ്ങളിലും പ്രധാന മത്സരം. കോൺഗ്രസ്, സിപിഐ, സിപിഎം, എംഡിഎംകെ, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികൾ ഡിഎംകെ മുന്നണിയിൽ അണിനിരക്കുന്നു. പ്രതിപക്ഷത്തുള്ള പാർട്ടികളൊന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയിട്ടില്ല.

അണ്ണാഡിഎംകെയും ബിജെപിയും മിക്ക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം, ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി, നടൻ വിജയിന്റെ ആരാധകസംഘത്തിന്റെ വിജയ് മക്കൾ ഇയക്കം, നാം തമിഴർ കക്ഷി, ഐജെകെ, അമ്മ മക്കൾ മുന്നേറ്റ കഴകം തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ള മറ്റു പ്രധാന പാർട്ടികൾ.

വിജയ് മക്കൾ ഇയക്കത്തിന്റെ സ്ഥാനാർത്ഥികളും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പുതുക്കോട്ടെ മുൻസിപ്പാലിറ്റിയിൽ 4 വാർഡുകളിൽ വിജയം വിജയ് ആരാധകർ വിജയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 19 ന് നടന്ന തിരഞ്ഞെടുപ്പ് 21 കോർപ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗൺ പഞ്ചായത്തുകളിലുമായി 12,839 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിവിധ ഇടങ്ങളിലായി 228 സ്ഥാനാർത്ഥികൾ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 12,607 സീറ്റുകളിലേക്കായി 57,000 സ്ഥാനാർത്ഥികൾ മത്സരിച്ചു.

സംസ്ഥാനത്താകെ 268 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി സജ്ജമാക്കിയിരുന്നത്. ചെന്നൈയിൽ 15 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.കനത്ത സുരക്ഷയിലാണ് നഗര തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വേളയിൽ നടക്കുന്നത്. പതിനായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ അറുപതുമുതൽ എഴുപതുവരെ ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.