- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംപിളായി ശേഖരിച്ച കോശങ്ങളിൽ നിന്നും ഡിഎൻഎ വേർതിരിച്ചെടുക്കും; ഇലക്ട്രോ ഫോറിസിസ് ഘട്ടത്തിൽ വരകൾപോലെ കുറേ ബാൻഡുകൾ കിട്ടും; ബാൻഡുകൾ പകുതി അച്ഛനോടും പകുതി അമ്മയോടും യോജിച്ചാൽ കുട്ടി ഇരുവരുടേതുമെന്ന് ഉറപ്പിക്കാം; ഡിഎൻഎ പരിശോധനയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: വിവാദമായ പിതൃത്വ കേസുകളിലാണ് ഡിഎൻഎ പരിശോധനയിലേക്ക് പലപ്പോഴും കാര്യങ്ങൾ കടക്കാറ്. ദേശീയ തലത്തിൽ വിവാദമായ പല കേസുകളിലും നിർണായകമായത് ഡിഎൻഎ പരിശോധനയായിരുന്നു. കേരളത്തിൽ ഇപ്പോൾ ഡിഎൻഎ പരിശോധന നടക്കുന്നത് അനുപമ എസ്.ചന്ദ്രന്റെയും അജിത്കുമാറിന്റെയും കുഞ്ഞിനെയാണ് ദത്തു നൽകിയത് എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ്.
അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തിലാണ് യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ കോടതി നിർദേശ പ്രകാരം ഡിഎൻഎ പരിശോധന നടത്തുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ വിദഗ്ദ്ധർ കുഞ്ഞിന്റെയും അവകാശവാദമുന്നയിച്ച അനുപമ എസ്.ചന്ദ്രൻ, അജിത്കുമാർ എന്നിവരുടെയും സാംപിളുകൾ ശേഖരിച്ചു. ഇതിലെ കോശങ്ങളിൽനിന്നു ഡിഎൻഎ വേർതിരിച്ചെടുത്താണു പരിശോധന. അതേസമയം ഡിഎൻഎ സാമ്പിൾ ശേഖരിച്ചതിൽ അടക്കം സംശയങ്ങൾ അനുപമ ഉന്നയിക്കുന്നുണ്ട് താനും. എന്നാൽ, ഇതിന് അടിസ്ഥാനമില്ലെന്ന് വിദഗ്ധരും പറയുന്നത്.
എങ്ങനെയാണ് ഡിഎൻഎ പരിശോധനാ രീതി?
ജീൻ പരിശോധനയിലൂടെയാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. മുടിയുടെയും കണ്ണിന്റെയും തൊലിയുടെയും നിറം മുതൽ സ്വഭാവ സവിശേഷതകൾ വരെ നിർണയിക്കുന്നതു ജീനുകളാണ്. ഈ ജീനുകൾ ഉള്ളത് ഓരോ കോശത്തിലെയും കോശമർമത്തിലെ ക്രോമസോമുകളിലാണ്. ഇതിൽ ലിംഗ നിർണയത്തിനുള്ള എക്സ്, വൈ ക്രോമസോമുകൾ ഉണ്ടായിരിക്കുന്നത് ഡിഎൻഎ എന്ന ജനിതകവസ്തു കൊണ്ടാണ്. ഡിഎൻഎയുടെ അടിസ്ഥാനശിലകൾ നാലുതരത്തിലുള്ള ന്യൂക്ലിയോടൈഡുകളാണ്. ഈ ന്യൂക്ലിയോടൈഡുകൾ രണ്ടു നിരകളായി ഇഴചേർന്ന് പിരിയൻ ഗോവണി ആകൃതിയിലാണു ഡിഎൻഎ ഉള്ളത്.
ഡിഎൻഎയിലെ പ്രോട്ടീനുകൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഭാഗത്തെയാണ് ജീനുകൾ അല്ലെങ്കിൽ 'കോഡിങ് ഏരിയ' എന്നു വിളിക്കുന്നത്. അങ്ങനെയല്ലാത്ത ഭാഗം 'നോൺ കോഡിങ് ഏരിയ'. നോൺ കോഡിങ് ഏരിയയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഷോർട്ട് ടാൻഡം റിപീറ്റ്സ് അല്ലെങ്കിൽ മൈക്രോ സാറ്റലൈറ്റുകൾ എന്നു വിളിക്കുന്ന ശ്രേണികളുണ്ടാകും. ഒരു ചെറിയ ശ്രേണിയിൽ രണ്ടു മുതൽ ഏഴു ന്യൂക്ലിയോടൈഡുകൾ ഉണ്ടാവാം. ഇവയാണു ഡിഎൻഎ പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്.
പ്രോട്ടീൻ ഉണ്ടാകാത്തതിനാൽ ഇവിടെ വരുന്ന ജനിതക വ്യതിയാനം ശരീരത്തെ ബാധിക്കില്ല. ശരീരത്തെ ബാധിക്കാത്തതിനാൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകുകയും തലമുറകളിലൂടെ നിലനിൽക്കുകയും ചെയ്യുന്ന ഭാഗമാണ് ഷോർട്ട് ടാൻഡം റിപീറ്റ്സ്. ഓരോരുത്തരിലും ഇതു വ്യത്യസ്തം.
ഡിഎൻഎ പരിശോധനയ്ക്കു നാല് കാര്യങ്ങൾ
ഡിഎൻഎ പരിശോധനയുടെ ആദ്യ ഘട്ടത്തിൽ സാംപിളായി ശേഖരിച്ച കോശങ്ങളിൽനിന്നു ഡിഎൻഎ വേർതിരിച്ചെടുക്കുന്നു എന്നതാണ് ആദ്യത്തെ രീതി. ഇത് ഷോർട്ട് ടാൻഡം റിപീറ്റ്സിന്റെ ആയിരക്കണക്കിനു പകർപ്പുകൾ പിസിആർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് എടുക്കുന്നു എന്നതാണ് രണ്ടാമത്തെ ഘട്ടം. ഈ പകർപ്പുകൾ ഉപയോഗിച്ച് ഇലക്ട്രോ ഫോറിസിസ് ചെയ്യുന്നു. ഇലക്ട്രോ ഫോറിസിസ് ചെയ്യുമ്പോൾ വരകൾപോലെ കുറേ ബാൻഡുകൾ കിട്ടും. ഇതാണ് മൂന്നാമത്തെ ഘട്ടം. ഈ വരകൾ അകലം അനുസരിച്ചു നമ്പർ ഇട്ടാണു താരതമ്യപ്പെടുത്തുന്നത്.
ബാൻഡുകളുടെ പകുതി അമ്മയിൽ നിന്നും പകുതി അച്ഛനിൽ നിന്നുമായിരിക്കും. കുട്ടിയുടെ ഡിഎൻഎ പരിശോധനയിൽ കിട്ടുന്ന ബാൻഡുകൾ പകുതി അച്ഛനോടും പകുതി അമ്മയോടും യോജിച്ചാൽ കുട്ടി ഇരുവരുടേതുമാണെന്ന് ഉറപ്പിക്കാം.
മറുനാടന് ഡെസ്ക്