തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ദാനമാണ്. ഉത്തമബോധ്യമുള്ള എന്തും എഴുതാൻ മാധ്യമ പ്രവർത്തകർക്ക് അവകാശം ഉണ്ട്. അത് നിയമം മൂലം നിരോധിക്കാൻ ആര് ശ്രമിച്ചാലും ആര് ശുപാർശ ചെയ്താലും അത് ഭരണഘടന വിരുദ്ധമായി മാറും. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതും നിയന്ത്രണം ഏർപ്പെടുത്തുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കാര്യമാണെന്നതിൽ യാതൊരു സംശയവുമില്ല. അത് രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി ചെയ്താലും കേരള മുഖ്യമന്ത്രി പിണറായി ചെയ്താലും പ്രോത്സാഹിപ്പിക്കാൻ പാടില്ല.

എന്നാൽ, കേരളത്തിൽ അടക്കം മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട സമയമായി എന്ന വിധത്തിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഇതിന് കാരണം എന്താണ്? ആത്മവിമർശന പരമായി ചിന്തിച്ചാൽ മാധ്യമങ്ങൾ തന്നയാണ് കുറ്റക്കാരെന്ന് പറയേണ്ടി വരും. മാധ്യമപ്രവർത്തനം അതിരു കടക്കുമ്പോഴാണ് പലപ്പോഴും മാധ്യമങ്ങൾ പഴി കേൾക്കേണ്ടി വരുന്നതും.

ഓരോ വ്യക്തികളുടെയും പൊതു പ്രവർത്തകന്റെയും സ്വകാര്യ ജീവിതത്തിലേയ്ക്ക് കടന്നു കയറി നടത്തുന്ന മാധ്യമ പ്രവർത്തനം നിയന്ത്രിക്കേണ്ടതാണ എന്നകാര്യം പൊതുവിൽ പറയാം. മാധ്യമങ്ങൾ സ്വയം ഒരു പെരുമാറ്റചട്ടം ഉണ്ടാക്കി നിയന്ത്രിക്കാൻ ശ്രമിച്ചില്ലെങ്കിൽ സർക്കാർ തന്നെ ചെയ്യേണ്ടി വരും. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സൂചിപിച്ചതും. ചാനൽ കെണി അടക്കമുള്ള കാര്യങ്ങൾ വിരൽ ചൂണ്ടുന്നത് ഇക്കാര്യത്തിലേക്കാണ്.

സുരക്ഷ കാര്യങ്ങളാൽ സെക്രട്ടറിയേറ്റിൽ ചില നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ശ്രമിച്ചാൽ അതിനോട് സഹകരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണം. പ്രസ് എന്നെഴുതിയ കാർഡ് കൈയിൽ ഉള്ളതുകൊണ്ട് ആരും ചോദ്യം ചെയ്യാൻ പാടില്ല എന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടായെ മതിയാവൂ. മുഖ്യമന്ത്രിയെ കാണുമ്പോൾ അദ്ദേഹത്തിന്റെ വായിലേക്ക് മൈക്ക് തിരുകി ബൈറ്റ് ചോദിക്കുന്ന മാധ്യമപ്രവർത്തനമാണ് ഇപ്പോൾ വിമർശിക്കപ്പെട്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി ആണെങ്കിലും എപ്പോൾ എന്തും പറയണം എന്ന തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഇത് മാധ്യമങ്ങളും ഓർക്കുകകയും മിതത്വം പാലിക്കുകയുമാണ് വേണ്ടത്.