- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപി സ്കൂൾ കുട്ടികളെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നു; അരുംകൊലകൾ നിറച്ചു പേടി ഉണർത്തുന്നു; സദാചാരവാദികൾ തല്ലിയോടിക്കേണ്ടത് വിനയൻ എന്ന സാമൂഹ്യദ്രോഹിയെ: ലിറ്റിൽ സൂപ്പർമാൻ അഥവാ ഒരിക്കലും മക്കളുമായി കാണാൻ പോകരുതാത്ത പൊട്ട സിനിമ
തലസ്ഥാനത്തെ കലാഭവൻ തീയറ്ററിൽ മക്കളുമായി വിനയന്റെ ലിറ്റിൽ സുപ്പർ മാൻ കാണാൻ പോയത് ഇതൊരു പൊട്ട സിനിമ ആയിരിക്കും എന്ന ഉത്തമ ബോധ്യത്തിൽ തന്നെയാണ്. എന്നാൽ മക്കളുമായി കാണാൻ പറ്റുന്ന സിനിമകൾ ഈ ന്യൂ ജനറേഷൻ കാലത്ത് കുറഞ്ഞു വരുന്നതിനാൽ കുട്ടികൾക്ക് വേണ്ടിയുള്ള 3 ഡി സിനിമ എന്തായാലും അവർക്ക് ഇഷ്ടപ്പെടുമല്ലോ എന്ന് കരുതിയാണ് റിസ്‌ക് എടുക്കാൻ
തലസ്ഥാനത്തെ കലാഭവൻ തീയറ്ററിൽ മക്കളുമായി വിനയന്റെ ലിറ്റിൽ സുപ്പർ മാൻ കാണാൻ പോയത് ഇതൊരു പൊട്ട സിനിമ ആയിരിക്കും എന്ന ഉത്തമ ബോധ്യത്തിൽ തന്നെയാണ്. എന്നാൽ മക്കളുമായി കാണാൻ പറ്റുന്ന സിനിമകൾ ഈ ന്യൂ ജനറേഷൻ കാലത്ത് കുറഞ്ഞു വരുന്നതിനാൽ കുട്ടികൾക്ക് വേണ്ടിയുള്ള 3 ഡി സിനിമ എന്തായാലും അവർക്ക് ഇഷ്ടപ്പെടുമല്ലോ എന്ന് കരുതിയാണ് റിസ്‌ക് എടുക്കാൻ മുതിർന്നത്. എന്നാൽ തീയറ്ററിൽ കയറിയ ആ നിമിഷം മുതൽ എന്റെ മാത്രമല്ല ഇങ്ങനെ കുട്ടികളുടെ കൈ പിടിച്ചെത്തിയവരുടെ എല്ലാം മുഖം വിളറി വെളുത്തുപോയി എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല.
ഈ പടം എടുത്ത വിനയന്റെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് ആരെങ്കിലും ശപിച്ചാൽ ഞാൻ അവരെ കുറ്റം പറയില്ല. അത്രയ്ക്കും തെറ്റായ സന്ദേശവും മക്കൾ കാണരുത് ഇതെന്ന് മാതാപിതാക്കൾ ആലോചിച്ചു പോകുന്നതുമായ വൃത്തികെട്ട സീനുകൾ നിറഞ്ഞ ഒരു മഞ്ഞപ്പടം ആണിത്. ഇത് കണ്ടിട്ട് ഇറങ്ങിയ സർവ മാതാപിതാക്കളും വിനയനെയും ഇതിന്റെ പിന്നണിക്കാരെയും നിരന്തരം ശപിക്കുന്നുണ്ടായിരുന്നു. ഇത്തരം സിനിമകളെ പൂർണമായും പരാജയപ്പെടുത്തേണ്ടത് ഒരു സാമൂഹ്യ ഉത്തരവാദിത്തമാണ് എന്ന് പറയാൻ ഈ ലേഖകന് ഒരു മടിയുമില്ല.
ഈ സിനിമയുടെ ഏതെങ്കിലും ഒരു ഘടകത്തെ എടുത്തു വില ഇരുത്തേണ്ട കാര്യമില്ല. കഥയോ തിരക്കഥയോ ലോജിക്കോ ആരും ചോദിക്കരുത്. അല്ലെങ്കിൽ തന്നെ വിനയൻ സിനിമകൾ കാണാൻ പോകുന്ന ആരെങ്കിലും ഇതൊക്കെ തേടിയാണോ തീയറ്ററിൽ എത്തുക? കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പോലും ഒരു കോമൺസെൻസും വിനയൻ പ്രകടിപ്പിച്ചിട്ടില്ല. വില്ലൻ വേഷത്തിലൂടെ മലയാളികൾ അംഗീകാരം നൽകിയ, അതല്ലാതെ മറ്റൊരു റോളും വഴങ്ങാത്ത രഞ്ജിത്ത് എന്ന നടനെ ആദർശശാലിയായ ഒരു കുടുംബ നാഥനായി പ്രവീണയുടെ ഭർത്താവിന്റെ വേഷം കെട്ടിച്ചു റൊമാൻസിനു ഇറക്കിയപ്പോഴേ ഇത് കണ്ടിരിക്കാനുള്ള ക്ഷമ നഷ്ടമായി. നടന്റെ ശരീരഭാഷ കഥാപാത്രത്തിന്റെ വിജയത്തിന് ഏറ്റവും വലിയ ഘടകമാണ് എന്ന് ഈ കാസ്റ്റിങ് ഒരിക്കൽക്കൂടി അടിവരയിടുന്നു. സിനിമയിൽ ഉടനീളം ലോജിക്കേതുമില്ലാത്ത സംഭവങ്ങളുടെ പരമ്പര തന്നെയാണ്. അതൊന്നും ഇവിടെ ചർച്ച ചെയ്യാനേ ഇല്ല.
രഞ്ജിത്തിന്റെ വിൽസൺ എന്ന ആദർശ വേഷം സഹിക്കാതെ ഇരിക്കുമ്പോൾ നായകനായ ആറാം ക്ലാസ്സുകാരൻ പ്രണയചേഷ്ടകളോടെ പ്രത്യക്ഷപ്പെടുകയാണ് വെള്ളിത്തിരയിൽ. വിത്സന്റെ പുന്നാരമോനാണ് വില്ലി എന്ന കള്ളക്കാമുകൻ. അവൻ അപ്പനോടും അമ്മയോടും വേണ്ടാതീനം പറയുന്നത് പോട്ടെ; അത് സാധാരണ കാര്യം തന്നെയാണ്. എന്നാൽ അവന്റെ ഒടുക്കത്തെ പ്രണയവും അതിനുവേണ്ടിയുള്ള ത്യാഗങ്ങളും സഹിക്കാൻ പറ്റില്ല. നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു നല്ല പെൺകുട്ടിയെ നാടകീയമായി വില്ലി പ്രണയത്തിൽ കുരുക്കുകയാണ്. സൈക്കിളിന്റെ കാറ്റ് അഴിച്ചുവിട്ടു സ്വന്തം സൈക്കിളിന്റെ പിറകിൽ കയറ്റിയിരുത്തിയാണ് പ്രണയം തുടങ്ങുന്നത്. പിന്നീട് ഒരിക്കൽ നടു റോഡിൽവച്ച് അവൾ പ്രണയം തുറന്നുപറയുന്നു. പിന്നൊരു പാട്ടുസീനാണ്. കാമുകനും കാമുകിയും കൂടി മരം ചുറ്റി നടക്കുന്ന സീനുകൾ കാണുന്ന മാതാപിതാക്കളുടെ നെഞ്ചിൽ കോരിയിടുന്നത് ഒരിക്കലും കെടാത്ത തീയാണ്. പ്രണയിക്കാൻ യുപി സ്‌കൂളുകാരനും പറ്റും എന്ന് മക്കൾക്ക് തോന്നൽ ഉണ്ടാക്കുക മാത്രമല്ല, അതിനെല്ലാം മാതൃകസ്ഥാനിയായ അപ്പൻ കൂട്ടുനിൽക്കുക കൂടി ചെയ്യുക ചെറിയ കാര്യമാണോ? കോളേജിൽ പഠിക്കുന്ന സഹോദരിയുടെ പ്രണയത്തിന്റെ പുറകെയും വലിയ വായിൽ ഫിലോസഫി പറഞ്ഞു വില്ലി പോകുന്നുണ്ട്.[BLURB#1-H]
പാട്ടുസീനിന്റെ ഒരുഘട്ടത്തിൽ ഇല്ലോളം ഇല്ലാത്ത പെൺകുട്ടിയെ ചുംബിക്കാൻ ഒരു ക്ലാസ്സ് മുറിയിൽ വില്ലി രഹസ്യമായി കയറുന്ന ഭാഗം ഉണ്ട്. ചുംബനം പ്രതീക്ഷിച്ചു പെൺകുട്ടി നിൽക്കുമ്പോൾ കണ്ടിരിക്കുന്ന മാതാപിതാക്കൾ തിയറ്ററിന്റെ സീറ്റ് വലിച്ചുകീറാത്തത് ഭാഗ്യം. എന്തായാലും സിനിമയിലെ ഏക തമാശ കഥാപാത്രമായ വൈസ് പ്രിൻസിപ്പലച്ചൻ ആ ചുംബന സീൻ കാണാൻ ഇടിച്ചു കേറിയതുകൊണ്ട് അതുനടക്കാതെ പോയത് കാഴ്ചക്കാരുടെ മഹാഭാഗ്യം. എങ്കിലും മക്കൾക്ക് കിട്ടാനുള്ളത് എല്ലാം അപ്പോഴേക്കും കിട്ടിക്കാണും. ഈ പ്രണയം കഴിഞ്ഞു വീട്ടിൽ ചെന്നാൽ ഈ ഏഴാം ക്ലാസ്സുകാരൻ ഡിക്ഷ്ണറി എടുത്തു വച്ചു സെക്‌സിനെക്കുറിച്ച് പഠിക്കുകയാണ്. മനസ്സിന്റെ ഇഷ്ടത്തിന് അപ്പുറം ശരീരത്തിന്റെ ഇഷ്ടം കൂടി നടത്തുന്നതാണ് സെക്‌സ് എന്ന അവന്റെ കണ്ടുപിടിത്തം മുഴങ്ങി കേൾക്കുന്നുമുണ്ട്.
ആറാം ക്ലാസ്സുകാരന്റെ പ്രണയം കണ്ടു പേടിച്ചരണ്ട് ഇരിക്കുമ്പോൾ പിന്നെ കാണുന്നത് പ്രായമായവർ പോലും കാണാൻ മടിക്കുന്ന വയലൻസ് ആണ്. വിൽസൺ എന്ന എക്‌സിക്യൂട്ടീവ് എൻജിനിയറെയും ഭാര്യയെയും മന്ത്രിയുടെ മകനും ബോർഡ് ചെയർമാനും കൂടിയായ നേതാവും ഗുണ്ടകളും കൂടി വെട്ടി നുറുക്കി കൊല്ലുകയാണ്. എല്ലാത്തിനും സാക്ഷിയായി നമ്മുടെ പ്രണയ നായകൻ. കൊലയെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര കൊലയാണ്. കൊത്തി നുറുക്കി ചോര ഒലിപ്പിക്കുന്ന സീനുകൾ കണ്ടു തീയറ്ററിൽ ഇരിക്കുന്ന കുട്ടികൾ ഉറക്കെ നിലവിളിക്കുകയാണ്. ഒരിക്കൽ പോലും മക്കൾ കാണരുതെന്ന് ഏതു മാതാപിതാക്കളും ആഗ്രഹിക്കുന്ന ഈ കൊലപാതകം ഏറ്റവും കുറഞ്ഞത് പത്തുതവണ എങ്കിലും ഈ സിനിമയിലുടനീളം ആവർത്തിക്കുന്നുണ്ട്.
ഇതിനുശേഷം അഞ്ചോ ആറോ കൊലപാതകങ്ങൾ കൂടി ഈ സിനിമയിലുണ്ട്. അതും ഏറ്റവും ക്രൂരവും നിന്ദ്യവുമായ അറുംകൊലകൾ. സ്വപ്‌നത്തിലും യാഥാർഥ്യത്തിലുമായി ഈ ആറാം ക്ലാസ്സുകാരൻ തന്നെയാണ് ഈ കൊലപാതകങ്ങൾ എല്ലാം ആസൂത്രണം ചെയ്യുന്നത്. വില്ലി എന്ന പയ്യൻ തോക്കെടുത്തുകൊലയാളിയായി മാറുന്ന കഥയും ദുർമാന്ത്രികത അല്ലാതെ മറ്റെന്താണ്? ഒരിക്കൽ കൂടി ഓർത്തെടുക്കാൻ വയ്യാത്തത്രയും ദുർമാന്ത്രികതകൾ നിറഞ്ഞതാണ് ഈ സിനിമ.
[BLURB#2-VL]ലിറ്റിൽ സൂപ്പർമാൻ ഒരു സ്വപ്‌നലോകത്ത് കൂടി കടന്നു പോകുന്നുണ്ട്. ലോജിക്കിനെക്കുറിച്ച് സംസാരിക്കുന്നത് ഇവിടെ പ്രസക്തമല്ലെങ്കിലും ചില കാര്യങ്ങൾ കണ്ടാൽ എങ്ങനെ ചിരിക്കാതിരിക്കും? കൊടുംകാട്ടിൽ ആകാശത്ത് നിന്ന് നേതാവിനെ താഴേക്ക് ഇടുകയാണ് സൂപ്പർമാൻ. ആയിരക്കണക്കിന് അടി മുകളിൽ നിന്ന് വീണിട്ടും നേതാവിന് ഒരു പരിക്കുപോലുമില്ല. കാരണം കുട്ടികളെ ഭയപ്പെടുത്താനുള്ള പലതും ഈ നേതാവിനെ കൊണ്ട് ചെയ്യിപ്പിക്കാൻ തിരക്കഥാകൃത്ത് തയ്യാറാക്കിയിട്ടുണ്ടല്ലോ. ആന ഓടിക്കുക, അനക്കോണ്ടയെ കൊണ്ട് ചുറ്റിപ്പിടിപ്പിക്കുക, കടുവ ഓടിച്ചിട്ട് പിടിച്ചു തീറ്റുക തുടങ്ങിയ കലാപരിപാടികൾ എല്ലാം ഇതിന്റെ ഭാഗമായി തയ്യാറാക്കിയതാണ്. ദിനോസറും കടലും കടലിടുക്കും കുഴൽക്കിണറും പെരുവെള്ളവും എന്ന് വേണ്ട പേടിപ്പിക്കാൻ ഉള്ള സർവതും വിനയൻ സാർ ഈ സിനിമയിൽ ചേർത്തിരിക്കുന്നു.
ഈ വൃത്തികെട്ട സിനിമ ആഭാസം കഴിഞ്ഞു ആശ്വാസത്തോടെ തീയറ്ററിന്റെ വെളിയിൽ ഇറങ്ങിയപ്പോൾ ഭാര്യക്ക് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഇനി സിനിമ കാണാൻ തന്നെയും മക്കളെയും നിർബന്ധിക്കരുത് എന്ന്. ഇതുകേട്ട് ഒമ്പത് വയസ്സുകാരനായ മകൻ പറയുന്നു അമ്മയെന്തിനാണ് വിഷമിക്കുന്നത്. ഇതൊന്നും മാതൃക ആക്കരുത് എന്ന് ഒടുവിൽ എഴുതി കാണിച്ചിട്ടില്ലേ എന്നായിരുന്നു. എന്ത് തെമ്മാടിത്തരവും കാട്ടിയശേഷം മാതൃക ആക്കരുത് എന്ന് എഴുതിക്കാണിച്ചാൽ പരിഹാരമാകുമോ എന്നായിരുന്നു കേട്ടുനിന്ന ഒരു വീട്ടമ്മ ചോദിച്ചത്. വ്യവസ്ഥാപിത സിനിമക്കാർക്കെതിരെ പട പൊരുതി സിനിമയെടുക്കുന്ന വിനയനെക്കുറിച്ച് ആവേശത്തോടെ മുമ്പ് എഴുതിയതിനെക്കുറിച്ചുള്ള കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ.
ഇത്തരം സിനിമകൾ കുട്ടികളുടെ സിനിമയാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തിൽ എങ്ങനെയാണ് സെൻസർ ബോർഡ് അനുമതി നേടിയെടുത്തത്? ഈ സെൻസർ ബോർഡിൽ ഇരിക്കുന്ന ഒരുത്തനും സിനിമ കാണാതെയാണോ അനുമതി നൽകുന്നത്? സദാചാരത്തിന്റെ പേര് പറഞ്ഞു കളിമണ്ണിനെതിരെ ഉറഞ്ഞുതുള്ളിയ സദാചാരവാദികൾ എവിടെപ്പോയി? ഒന്ന് ചുംബിച്ചാൽ സനാതന ഭാരത ധർമ്മം പൊഴിഞ്ഞുവീഴുമെന്നു ഗീർവാണം അടിക്കുന്ന സംഘപരിവാറും സദാചാരം പ്രസംഗിച്ചു നടക്കുന്ന മറ്റു മതമൗലികവാദികളും എവിടെപ്പോയി? കുട്ടികളുടെ സിനിമയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചു കുട്ടികൾക്ക് കാണാൻ കൊള്ളാത്ത ഒരു സിനിമ ഇറക്കിയ വിനയനെതിരെ കേസ് എടുക്കാൻ വകുപ്പൊന്നുമില്ലേ? ഇത്തരം ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ചോദിച്ചുകൊണ്ടാണ് ഈ ലേഖകൻ ലിറ്റിൽ സൂപ്പർമാൻ എന്ന മനോരോഗ സിനിമ കണ്ടു വീട്ടിലേക്കു മടങ്ങിയത്.
വാൽക്കഷണം: ഒരു സിനിമാനിരൂപണം ആകുമ്പോൾ എന്തെങ്കിലും നല്ലതു പറഞ്ഞില്ലെങ്കിൽ മോശമല്ലേ. അതുകൊണ്ടു പറയാം. ഈ സിനിമയിൽ മറക്കാനാകാത്ത ഒരു കഥാപാത്രമുണ്ട്. വില്ലിയുടെ കൂടെ എപ്പോഴും നിഴലായി നടക്കുന്ന ഒരു സുന്ദരൻ നായ്ക്കുട്ടി. അവന്റെ അഭിനയം കസറി.