തിരുവനന്തപുരം: അഭിപ്രായംപറയുന്ന മനുഷ്യനെ വെടിവച്ചുകൊല്ലാൻ ആർക്കാണ് അധികാരമെന്നും കേരളത്തിൽ മാവോയിസ്റ്റ് വേണ്ടെന്നുമുള്ള അഭിപ്രായവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതു പക്ഷ ചിന്താഗതികളുമായി പ്രവർത്തിക്കുന്ന മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന പ്രസ്താവനയുമായി കാനം രംഗത്തെത്തിയതോടെ വിഷയത്തിൽ സിപിഎമ്മിന്റെ അഭിപ്രായവുമായുള്ള സ്വരച്ചേർച്ച സിപിഐ വ്യക്തമാക്കുകയാണ്.

ഇന്നലെയാണ് നിലമ്പൂരിലെ കരുളായി വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ തണ്ടർബോൾട്ട്-പൊലീസ് സംഘത്തിന്റെ വെടിവയ്‌പ്പിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജ്, അജിത എന്ന ഗായത്രി എന്നിവർ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ മാവോവാദികളെ വേട്ടയാടിയത് ശരിയല്ലെന്ന പ്രസ്താവനയുമായി കാനം രംഗത്തെത്തിയത്. ആദിവാസികൾക്കിടയിൽ, പട്ടികജാതി പട്ടികവർഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളുണ്ട്. അവർ ഉയർത്തുന്ന ആവശ്യത്തിനെതിരെ, അവർ ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്കെതിരെ നിലപാടെടുക്കുന്നതും അവരെ വെടിവച്ചുകൊല്ലുന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കണമെന്ന് കാനം പറഞ്ഞു. മാവോ വേട്ട കേരളത്തിൽ വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും കാനം വ്യക്തമാക്കി.

പക്ഷേ, നിലമ്പൂരിൽ ഈ പ്രശ്‌നം കുറച്ചുകാലമായി നിലനിൽക്കുന്നുണ്ട്. പൊലീസിനുനേരെ പലപ്പോഴും ആക്രമണം ഉണ്ടായി. ഇതിന് തിരിച്ചടിയാണ് ഇപ്പോൾ നൽകിയതെന്നാണ് പിണറായി വിജയൻ സംഭവത്തെ പറ്റി പ്രതികരിച്ചത്.

കേരളത്തിലെ വനങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനം സജീവമാകുന്നതിൽ ആശങ്കയുണ്ടെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഐ(എം), പ്രത്യേകിച്ച് ഇപ്പോഴത്തെ മുഖ്യമന്ത്രി പലപ്പോഴും പ്രസ്താവനകൾ നടത്തിയിരുന്നു. മാവോയിസ്റ്റ് പ്രവർത്തനങ്ങളെപ്പറ്റി സിപിഎമ്മിനും സിപിഐക്കും വ്യത്യസ്ത നിലപാടുകളാണെന്ന് ഊട്ടിയുറപ്പിക്കുന്ന കാനത്തിന്റെ പ്രസ്താവന ഇപ്പോൾ ചർച്ചയാവുകയാണ്. മാവോയിസ്റ്റുകൾ കേരളത്തിൽ ആക്രമണം നടത്തുന്നില്ലെന്നും അതിനാൽ അവരെ സായുധമായി നേരിടേണ്ടതില്ലെന്നുമുള്ള നിലപാടാണ് സിപിഐക്കുള്ളതെന്ന് വ്യക്തമാക്കുകയായിരുന്നു കാനം.

അതേസമയം, കാട്ടിനുള്ളിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലെത്തിക്കും. പ്രദേശത്ത് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താനാണ് ആലോചന.