- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലേക്കെത്തുന്ന യുവതികൾ ഞാൻ ചെയ്ത തെറ്റുകൾ ആവർത്തിക്കരുത്; അതാണ് എന്റെ പുസ്തകത്തിലും ഞാൻ എഴുതിയിരിക്കുന്നത്; തുറന്ന് പറഞ്ഞ് നടി ഷക്കീല
സിനിമയിലേക്ക് എത്തുന്ന യുവതികൾക്ക് മുന്നറിയിപ്പുമായി നടി ഷക്കീല. വഞ്ചിതരാകാതെ ശ്രദ്ധിക്കണമെന്നും താൻ ചെയ്ത തെറ്റുകൾ മറ്റാരും ആവർത്തിക്കരുതെന്നും ഷക്കീല പറഞ്ഞു. നടി റിച്ച ഛദ്ദ നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ഷക്കീലയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. നടി ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ഷക്കീല.
'എല്ലാവർക്കും അവരുടെ ജീവിതത്തിൽ വേദനയുടെ പങ്കുണ്ട് , അതിനാൽ ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നില്ല. ഭാവിയിൽ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്ന ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ് . ഞാൻ ചെയ്ത അതേ തെറ്റുകൾ വരുത്താതിരിക്കുകയും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ്. അതാണ് എന്റെ പുസ്തകത്തിലും ഞാൻ എഴുതിയിരിക്കുന്നത്.' - ഷക്കീല പറഞ്ഞു.
നടി റിച്ച ഛദ്ദയെ പ്രധാന കഥാപാത്രമാക്കി ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷക്കീലയുടെ സിനിമയിലേക്കുള്ള വരവും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തന്നെക്കുറിച്ചുള്ള ബയോപിക് റിലീസാകുന്നതിൽ സന്തോഷമുണ്ടെന്നാണ് ഷക്കീല പറഞ്ഞത്. സിനിമയുടെ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിനോടും രാജീവിനോടും ഷക്കീല നന്ദി പറഞ്ഞു. ഇവർ എന്റെ ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. സിനിമയിൽ അഭിനയിച്ച നടി എസ്തറിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ഷക്കീല പറഞ്ഞു. തന്റെ കഥ സിനിമയായി ചിത്രീകരിക്കാൻ നിർമ്മാതാക്കൾക്ക് ക്രിയേറ്റീവ് സ്വാതന്ത്ര്യം നേടിയിട്ടുണ്ടെന്നും ചിലതൊക്കെ സാങ്കൽപ്പികമാണെന്നും നടി കൂട്ടിച്ചേർത്തു. ഡിസംബർ 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്.
പതിനാറാം വയസ്സിൽ സിനിമയിലെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമയിൽ ചർച്ച ചെയ്യുക. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം റിച്ച ഛദ്ദ ആണ് ഷക്കീലയായി വേഷമിടുന്നത്. പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിള്ള, എസ്തർ നോറ, ഷീവ റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുക. ഷക്കീല എന്ന അഭിനേത്രിയെയും വ്യക്തിയെയും കളങ്കമറ്റ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് നടി റിച്ച ഛദ്ദ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഒരുകാലത്ത് ആവേശമായിരുന്ന ഷക്കീല 16ാം വയസിലാണ് തന്റെ കരിയർ ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിരിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന 'ഷക്കീല എന്ന ചിത്രത്തിൽ ഷക്കീല 16-ാം വയസിൽ സിനിമയിലേക്ക് എത്തുന്നതും പിന്നീട് ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും പ്രതിസന്ധികളുമാണ് പറയുന്നത്.
ഷക്കീല അഭിനയിച്ച സിനിമകൾ വച്ചാണ് അവർ ഇപ്പോഴും വിലയിരുത്തപ്പെടുന്നത് എന്നും എന്നാൽ ഷക്കീല ഒരു പ്രതിഭാസമാണെന്നും റിച്ച മനോരമയ്ക്ക് നല്കിയ അഭിമുഖത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. സിനിമയിലൂടെ അവരെ അടുത്തറിയാനും സംസാരിക്കാനും സാധിച്ചുവെന്നും ആത്മീയമായ വ്യക്തിത്വത്തിനുടമ കൂടിയാണ് ഷക്കീലയെന്നും റിച്ച പറഞ്ഞു.
പഴയ കാര്യങ്ങൾ ഓർക്കുന്നതിൽ തനിക്ക് വിയോജിപ്പുണ്ടെന്നും ഷക്കീല നേരത്തേ വെളിപ്പെടുത്തിയിരുന്നു. എനിക്കും നിരവധി ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്കിഷ്ടപ്പെടാത്ത രീതിയിൽ തന്നോട് പെരുമാറിയപ്പോൾ അന്നേ ചെരിപ്പൂരി അടിക്കണമായിരുന്നെന്നും എന്നാൽ അതെല്ലാം വെല്ലുവിളിയാണെന്ന് കരുതി അതിജീവിക്കാൻ പഠിക്കുകയായിരുന്നെന്നും താരം പറയുന്നു. മലയാളത്തിൽ ഒരുപാട് അഭിനയിച്ചുവെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ലെന്നും ഷക്കീല പറഞ്ഞിരുന്നു.
'ഞാൻ അഭിനയിച്ച സിനിമകൾ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരായി മാറി. ഇന്ന് അവരെന്ന ഓർക്കുന്നില്ല. മലയാളം ഒട്ടും അറിയാതിരുന്നിട്ടും ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. കിന്നാരത്തുമ്പികൾ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നത് അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ്. എനിക്ക് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആഗ്രഹിച്ച വേഷങ്ങൾ ഒന്നും കിട്ടിയില്ല. മലയാളത്തിൽ നിന്ന് തമിഴിലേക്ക് വന്നപ്പോൾ എനിക്ക് അവസരങ്ങൾ കുറഞ്ഞു. നാലു വർഷം ഞാൻ ജോലിയില്ലാതെ ഇരുന്നു'- ഷക്കീല പറഞ്ഞു.
നടൻ കമൽഹാസനെ ഏറെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ നിലപാടുകളെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ ഞാൻ ഉറ്റു നോക്കുന്നതെന്നും താരം പറയുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ ഞാൻ പോരാടാൻ ആഗ്രഹിക്കുന്നത് കുട്ടികൾക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾക്ക് എതിരേയാണ്. കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് എനിക്ക് ക്ഷമിക്കാൻ സാധിക്കുകയില്ല. അത്തരം വാർത്തകൾ കേൾക്കുമ്പോൾ ഉറങ്ങാൻ സാധിക്കാറില്ല' ഷക്കീല കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്