- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിരിച്ചു വിട്ടത് പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത 28 ഡോക്ടർമാരെ; സേവനം അത്യാവശ്യമായ ഈ ഘട്ടത്തിൽ വിട്ടുനിൽക്കുന്ന മറ്റുള്ളവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണമെന്ന് മന്ത്രി വീണാ ജോർജ്; ഇനി കടുത്ത നടപടികൾ
തിരുവനന്തപുരം: സർവീസിൽനിന്ന് അനധികൃതമായി വർഷങ്ങളായി വിട്ടുനിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനുകീഴിലെ 28 ഡോക്ടർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തു. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്തവരെയാണ് പിരിച്ചുവിട്ടത്. സേവനം അത്യാവശ്യമായ ഈ ഘട്ടത്തിൽ വിട്ടുനിൽക്കുന്ന മറ്റുള്ളവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണമെന്ന് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു.
വിവിധ സർക്കാർ മെഡിക്കൽ, ദന്തൽ കോളേജുകളിലെ ഡോക്ടർമാരാണിത്. അമ്പതോളം ഡോക്ടർമാർ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മെഡിക്കൽകോളേജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശത്തും സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്യുന്നവർക്കാണ് സർക്കാർ സർവ്വീസിലെ ജോലി നഷ്ടമാകുന്നത്. ഇവരെ പിരിച്ചു വിടുമ്പോൾ പുതിയ നിയമനങ്ങൾ നടത്താൻ കഴിയും.
നിരവധി ഡോക്ടർമാർ ഇനിയും ജോലിക്ക് ഹാജരാകാത്തവരായുണ്ട്. ഇവരോട് സർവീസിൽ ഉടൻ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് ആദ്യതരംഗം തുടങ്ങിയ സമയത്ത് തന്നെ ജീവനക്കാരുടെ അവധി റദ്ദാക്കുകയും ദീർഘകാല അവധിയിൽ പ്രവേശിച്ചവർ കാരണം ബോധിപ്പിക്കണം തുടങ്ങിയ നിബന്ധനങ്ങൾ സർക്കാർ മുന്നോട്ട് വെച്ചിരുന്നു. കോവിഡ് രണ്ടാംതരംഗം തുടങ്ങിയപ്പോഴും സേവനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് സർക്കാർ കടുത്ത നടപടി സ്വീകരിക്കുന്നത്.
2018ലാണ് ഇത്തരത്തിൽ പുറത്താക്കൽ തുടങ്ങുന്നത്. അന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനധികൃത അവധിയിൽ തുടർന്ന 36 ഡോക്ടർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു. സർക്കാർ വകുപ്പിൽ ജോലി ലഭിച്ചശേഷം അനധികൃതമായി അവധിയെടുത്തു വിദേശത്തു പോകുകയോ സ്വകാര്യ മേഖലയിൽ ജോലി തേടുകയോ ചെയ്ത ഡോക്ടർമാർക്കെതിരെയാണു നടപടി. ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് സമ്മതമാണെന്ന് അറിയിച്ചവർക്കു സർക്കാർ അതിന് അനുവാദം നൽകിയിരുന്നു. എന്നാൽ അതിൽ പലരും കോവിഡു കാലത്തും തിരിച്ചെത്തിയില്ല. അവരെയാണ് ഇപ്പോൾ പുറത്താക്കുന്നത്.
അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടർമാരുൾപ്പെടെയുള്ള 480 ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചുവെന്ന് 2020ൽ അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയും പ്രഖ്യാപിച്ചിരുന്നു. ഒരുവർഷത്തെ ഇടവേളയ്ക്കുള്ളിൽ രണ്ടു തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത് എന്നായിരുന്നു ശൈലജ ടീച്ചറിന്റെ അറിയിപ്പ്.
സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന പ്രബേഷൻ പൂർത്തിയാക്കിയ 53 ഡോക്ടർമാരും പ്രൊബേഷനർമാരായ 377 ഡോക്ടർമാരും ഉൾപ്പെടെ 430 ഡോക്ടർമാരേയാണ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നതെന്നും ശൈലജ ടീച്ചർ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ