ൻഎച്ച്എസ് ആശുപത്രികളിലെ എ ആൻഡ് ഇ ഡിപ്പാർട്ടുമെന്റുകൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ഇപ്പോൾ കടന്ന് പോവുകയാണല്ലോ. ജീവനക്കാരുടെ ക്ഷാമവും രോഗികൾ പരിധിയിൽ കവിഞ്ഞെത്തിയതുമാണ് ഇതിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ. എൻഎച്ച്എസിലേക്കാവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും തദ്ദേശീയമായി പരിശീലനം നൽകി നിയമിക്കാൻ അടുത്ത കാലത്തൊന്നും തങ്ങൾക്ക് സാധിക്കില്ലെന്ന തിരിച്ചറിവിൽ നിലവിലെ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരമുണ്ടാക്കാനായി ബ്രിട്ടൻ വീണ്ടും ഇന്ത്യയിലേക്ക് കണ്ണ് നടുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും എത്രയും പെട്ടെന്ന് കുറേ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യാനാണ് ബ്രിട്ടീഷ് ഗവൺമെന്റ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ സ്‌കീമിന്റെ തുടക്കമെന്ന നിലയിൽ മാഞ്ചസ്റ്റർ ആശുപത്രിയിലേക്ക് ഇന്ത്യൻ ഡോക്ടർമാരുടെ സംഘം ഉടനെത്തുമെന്നാണ് മുതിർന്ന ഹെൽത്ത് ചീഫ് വ്യക്തമാക്കുന്നത്. ഈ പദ്ധതി വിജയിച്ചാൽ എല്ലാ എൻഎച്ച്എസ് ആശുപത്രികളിലേക്കുമായി ഇന്ത്യയിൽ പോയി റിക്രൂട്ട്മെന്റ് നടത്താനും എൻഎച്ച്എസ് അധികൃതർ തയ്യാറാകും.

തുടക്കത്തിൽ ഡോക്ടർമാരെ മാത്രം റിക്രൂട്ട്മെന്റ് നടത്തുന്ന പദ്ധതി പിന്നീട് നഴ്സുമാരിലേക്കും വ്യാപിപ്പിക്കാനും പരിഗണനയുണ്ട്. ഇന്ത്യയ്ക്ക് പുറമെ ഈ സ്‌കീം പ്രകാരം പാക്കിസ്ഥാനിൽ നിന്നും ഇത്തരത്തിൽ റിക്രൂട്ട്മെന്റ് നടത്തുമെന്നറിയുന്നു.ഈ വർഷം ആരംഭിക്കുന്ന ഈ സ്‌കീം പ്രകാരം ആദ്യം 20 ഇന്ത്യൻ ഡോക്ടർമാരാണ് ഇന്ത്യയിൽ നിന്നും ഗ്രേറ്റർ മാഞ്ചസ്റ്ററിലേക്ക് ഈ അടുത്ത മാസങ്ങളിൽ പറക്കാനൊരുങ്ങുന്നത്. തുടർന്ന് അവരെ പിന്തുടർന്ന് വിവിധ ആശുപത്രികളിലേക്ക് നൂറ് കണക്കിന് ഇന്ത്യൻ ഡോക്ടർമാരെത്തുകയും ചെയ്യും. മാഞ്ചസ്റ്ററിലെ എട്ട് എ ആൻഡ് ഇ ഡിപ്പാർട്ട്മെന്റുകളിലാണ് ഈ അടുത്ത ആഴ്ചകളിലായി കടുത്ത രീതിയിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഇതിനെ തുടർന്ന് നിലവിലുള്ള അപര്യാപ്തമായ ജീവനക്കാരുടെ മേൽ കടുത്ത സമ്മർദം വർധിക്കുകയും ചികിത്സക്ക് വേണ്ടി രോഗികൾ മണിക്കൂറുകളോളം കാത്ത് കിടന്ന് അവരുടെ ജീവന് തന്നെ ഭീഷണി ഉയരുന്ന സാഹചര്യവും സംജാതമായിട്ടുണ്ട്.

ഹെൽത്ത് എഡ്യുക്കേഷൻ ഇംഗ്ലണ്ടിന്റെ പിന്തുണയോടെയുള്ള ഈ പ്രാഥമിക പദ്ധതിയെ ഗ്രേറ്റർ മാഞ്ചസ്റ്റർ ഡെവല്യൂഷൻ ടീമാണ് നടത്തിക്കുന്നത്.ഇത്തരത്തിൽ റിക്രൂട്ട് ചെയ്യുന്ന ഓരോരുത്തർക്കും 16,000 പൗണ്ട് മുടക്കിയുള്ള ട്രെയിനിംഗും നല്ല ശമ്പളവും നൽകുന്നതാണ്. തുടർന്ന് ഇത്തരം ഡോക്ടർമാരെ രണ്ടോ മൂന്നോ വർഷത്തേക്ക് എമർജൻസി ഡിപ്പാർട്ടുമെന്റുകളിൽ നിയമിക്കുകയും ചെയ്യുന്നതാണ്. ഇതിനിടെ അവർ തങ്ങളുടെ എമർജൻസി മെഡിസിൻ ട്രെയിനിങ് പൂർത്തിയാക്കുകയും ചെയ്യും. ഇതിലൂടെ എ ആൻഡ് ഇകളിലെത്തുന്ന ഗുരുതര രോഗികൾക്ക് യഥാസമയം യഥോചിതമായ ചികിത്സ ലഭിക്കുന്നതിന് വഴിയൊരുങ്ങുമെന്നാണ് ഹെൽത്ത് എഡ്യുക്കേഷൻ ഇംഗ്ലണ്ടിലെ ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ ആൻഡ് ക്വാളിറ്റി ആയ ജെഗ് ബൈർനെ പ്രതികരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇതിൽ ഭാഗഭാക്കാകുന്ന ഡോക്ടർമാർക്ക് ഉയർന്ന ഗുണമേന്മയുള്ള ട്രെയിനിംഗും അതുല്യമായി സ്‌കിൽസ സെറ്റും ലഭിക്കാനിടയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാഞ്ചസ്റ്റർപ്രദേശത്തെ എ ആൻഡ് ഇ ഡിപ്പാർട്ട്മെന്റുകൾ ജീവനക്കാരുടെ അപര്യാപ്ത മൂലം വീർപ്പ് മുട്ടുന്നുവെന്നാണ് ഹെൽത്ത് സർവീസ് ജേണലിനോട് സംസാരിക്കവെ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവായ ആൻഡ്രൂ ഫോസ്റ്റർ പ്രതികരിച്ചിരിക്കുന്നത്. ഇവിടുത്തെ ജൂനിയർ ഡോക്ടർമാർ അവരുടെ അടിസ്ഥാന ട്രെയിനിങ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ഒരു കൺസൾട്ടന്റ് എന്ന നിലയിൽ യോഗ്യത നേടിയിട്ടില്ലെന്നും സ്പെഷ്യൽസ് സ്‌കിൽസുകൾ ഇനിയും നേടേണ്ടിയിരിക്കുന്നുവെന്നു അദ്ദേഹം പറയുന്നു. ഈ ഒരു സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും 200 വീതം ഡോക്ടർമാരെ എത്രയും വേഗം റിക്രൂട്ട് ചെയ്ത് നിയമിക്കാനാണ് പുതിയ സ്‌കീമിലുടെ ലക്ഷ്യമിടുന്നതെന്നും ഫോസ്റ്റർ വ്യക്തമാക്കുന്നു. എൻഎച്ച്എസിന്റെ ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിക്കാണ് ഈ വർഷത്തെ വിന്റർ വഴിയൊരുക്കിയിരിക്കുന്നതെന്നാണ് ഡോക്ടർമാരും നഴ്സുമാരും വെളിപ്പെടുത്തിയിരിക്കുന്നത്.

2016 നവംബറിൽ 88.4 ശതമാനം രോഗികളും നാല് മണിക്കൂറോളം കാത്തിരുന്നിട്ടാണ് ഡോക്ടർമാരെ കണ്ടിരിക്കുന്നത്. 2015 നവംബറിൽ എ ആൻഡ് ഇ ഡിപ്പാർട്ട്മെന്റുകളിലെത്തിയ തിനേക്കാൾ 208,000 രോഗികൾ കഴിഞ്ഞ വർഷം നവംബറിൽ എത്തിയിരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. നിലവിൽ എ ആൻഡ് ഇ ഡിപ്പാർട്ട്മെന്റുകളിലേക്കായി 8000 ഡോക്ടർമാരും 2700 നഴ്സുമാരും അത്യാവശ്യമാണെന്നാണ് കഴിഞ്ഞ വർഷം നവംബറിൽ കോമൺസ് ഹെൽത്ത് സെലക്ട് കമ്മിറ്റി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ മാത്രമേ എ ആൻഡ് ഇകളിൽ എത്തിച്ചേരുന്ന കൂടുതൽ രോഗികൾക്ക് യഥോചിതമായ ചികിത്സ നൽകാൻ സാധിക്കുകയുള്ളുവെന്നും കമ്മിറ്റി മുന്നറിയിപ്പേകിയിരുന്നു.