ന്യുയോർക്കിൽ ഒരുമാസം താമസിക്കാൻ എന്താണ് വഴിയെന്നാലോചിച്ചിരിക്കുമ്പോഴാണ് അക്കാര്യം ഫേസ്‌ബുക്കിൽ ഇട്ടാലോ എന്ന് രേഹൻ മുനീർ ആലോചിച്ചത്. ഫേസ്‌ബുക്കിലിട്ടപ്പോഴോ, രേഹനെ ഒപ്പം താമസിപ്പിക്കാൻ തയ്യാറായി അനേകം യുവതികൾ രംഗത്ത്. മോഡൽകൂടിയായ ഈ പാക്കിസ്ഥാൻ സുന്ദരൻ, ഇപ്പോൾ എവിടെ താമസിക്കണമെന്ന ആശയക്കുഴപ്പത്തിലാണ്.

ഹഷ് പപ്പീസ് പാക്കിസ്ഥാൻ എന്ന ടിവി പരസ്യത്തിലുൾപ്പെടെ അഭിനയിച്ചിട്ടുള്ളയാളാണ് മെഡിക്കൽ വിദ്യാർത്ഥിയായ രേഹൻ എന്ന 26-കാരൻ. അമേരിക്കയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്ത് പ്രവർത്തിപരിചയമുണ്ടാക്കുന്നതിനായാണ് താമസ സൗകര്യം അന്വേഷിച്ചത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. നൽകാൻ തയ്യാറുള്ള വാടകയും അതിൽ രേഖപ്പെടുത്തിയിരുന്നു.

താമസസൗകര്യം തേടുന്നവർക്കായുള്ള ഫേസ്‌ബുക്ക് കൂട്ടായ്മയായ ജിപ്‌സി ഹൗസിങ് എന്ന ഗ്രൂപ്പിലാണ് മുനീർ പോസ്റ്റിട്ടത്. അപ്പർ ഈസ്റ്റ് സൈഡിലും അപ്പർ വെസ്റ്റ് സൈഡിലും മിഡ്ടൗൺ മാൻഹട്ടനിലുമായാണ് തനിക്ക് മുറി വേണ്ടതെന്നും രേഹൻ വ്യക്തമാക്കിയിരുന്നു. തന്റെ ചിത്രങ്ങളുൾപ്പെടെയാണ് രേഹൻ പോസ്റ്റിട്ടത്.

പോസ്റ്റ് വൈറലായതോടെ, രേഹനെ ഒപ്പം താമസിപ്പിക്കാൻ സുന്ദരിമാർ തിരക്കുകൂട്ടി. അദിന ഫ്‌ളൈസ്‌വാട്ടർ എന്ന യുവതി സൗജന്യമായി തനിക്കൊപ്പം താമസിക്കാമെന്ന് രേഹനോട് പറഞ്ഞു. രേഹന്റെ സൗന്ദര്യത്തിൽ മയങ്ങിയ യുവതികളിൽ പലരും തനിക്കൊപ്പം താമസിക്കാൻ വരണമെന്ന അഭ്യർത്ഥനകളും ഓൺലൈനായി നടത്തി. ഏതായാലും ആർക്കൊപ്പം താമസിക്കണമെന്ന് രേഹൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. തന്റെ ആവശ്യം നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് ഈ യുവഡോക്ടർ.