ലണ്ടൻ: യൂറോപ്പിൽ ഇസ്ലാം വിരുദ്ധ വികാരം ശക്തമാകുന്നുവെന്ന സൂചനയോടെ, ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മോസ്‌കിലേക്ക് കയറുകയായിരുന്ന ഡോക്ടറെ രണ്ടുപേർ പാഞ്ഞെത്തി കുത്തിവീഴ്‌ത്തി. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആൾട്രിൻചാം ഇസ്ലാമിക് സെന്ററിലേക്ക് കടക്കവെയാണ് ഡോ. നാസർ കുരദിക്ക് കഴുത്തിന് കുത്തേറ്റത്. പാഞ്ഞെത്തിയ രണ്ടുപേർ ആക്രമണം നടത്തിയശേഷം ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി രക്ഷപ്പെട്ടുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഓർത്തോപീഡിക് സർജനായ കുർദിയെ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അജ്ഞാതർ ആക്രമിച്ചത്. പള്ളിയിലേക്ക് വരികയായിരുന്ന മറ്റുചുലർ ഉടൻതന്നെ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി അക്രമിക്കുവേണ്ടിയുള്ള തിരിച്ചിൽ ശക്തമാക്കി. കുർദിക്ക് നിസ്സാര പരിക്ക്മാത്രമാണുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി സഹപ്രവർത്തകനായ ഡോ. ഖാലിദ് അനീസ് പറഞ്ഞു.

വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെയാരോ അടിച്ചതുപോലെയാണ് ആദ്യം തോന്നിയതെന്ന് ഡോ. കുർദി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. അക്രമിയുടെ ലക്ഷ്യം തെറ്റിപ്പോയതാണെന്നും അല്ലായിരുന്നെങ്കിൽ പരിക്ക് ഗുരുതരമാകുമായിരുന്നുവെന്നും ഡോ. അനീസ് പറഞ്ഞു.

പള്ളിയിലേക്ക് കടക്കുന്നതിനിടെ, റോഡിനപ്പുറത്തുനിന്ന് ഒരാൾ തനിക്കുനേരെ പാഞ്ഞടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഡോ. കുർദി പറഞ്ഞു. ആക്രോശിച്ചുകൊണ്ടെത്തിയ ഇയാൾ എന്താണ് പറഞ്ഞതെന്ന് വ്യക്തമായില്ലെന്നും പെട്ടെന്ന് പിന്നിൽനിന്ന് തന്നെ ആരോ അടിച്ചതുപോലെ തോന്നിയെന്നും കുർദി പറഞ്ഞു. മൂർച്ചയുള്ള ആയുധമാണെന്ന് തോന്നിയില്ല. കഴുത്തിനമർത്തിപ്പിടിച്ച് താൻ നിലത്തേക്കിരുന്നുപോയതായും അദ്ദേഹം പറഞ്ഞു.

കത്തികൊണ്ടാണ് കുർദിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മേഖലയിലെ അറിയപ്പെടുന്ന ഡോക്ടർകൂടിയായ കുർദിക്കുനേരെ ആക്രമണമുണ്ടായത് പ്രദേശവാസികളെയാകെ നടുക്കത്തിലാഴ്‌ത്തി. രോഗികളെ സഹായിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച ഡോക്ടർക്കുനേരെ ആരെങ്കിലും ശത്രുതയോടെ പെരുമാറുമെന്ന് അവർ കരുതിയിരുന്നില്ല. ബ്രിട്ടനിലെ മുസ്ലിം കൗൺസിലിന്റെ സെക്രട്ടറി ജനറൽ മിഖ്ദാദ് വേഴ്‌സിയും ആക്രമണം സ്ഥിരീകരിച്ചു. നടന്നത് വംശീയാക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.