മംഗളൂരു: വനിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടർ അറസ്റ്റിൽ. മംഗളൂരുവിൽ ജില്ലാ കുഷ്ഠരോഗ വിഭാഗം തലവൻ ഡോ. രത്നാകറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന് ഇരയായ വനിതാ സഹപ്രവർത്തരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മഡിക്കേരി, മുർഡേശ്വർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വനിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഡോക്ടർക്കെതിരെയുള്ള കേസ്. വനിതാ സഹപ്രവർത്തകർക്ക് നേരെ മോശമായി പെരുമാറുന്ന ഡോക്ടറുടെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്. എട്ടു വനിതാ സഹപ്രവർത്തകരാണ് ഡോക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായത്.

പീഡനത്തിന് ഇരയായവർ ഡോക്ടർക്കെതിരെ പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഡോക്ടർ വലിയ സ്വാധീനമുള്ള ആളാണ് എന്നതാണ് ഇതിന് കാരണമായി അവർ പറഞ്ഞത്. മാസങ്ങൾക്ക് മുൻപ് ദേശീയ വനിതാ കമ്മീഷന് ലഭിച്ച അജ്ഞാത കത്താണ് വഴിത്തിരിവായത്. കത്തിന്റെ ചുവടുപിടിച്ച് മംഗളൂരു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ അറസ്റ്റിലായത്.