ബോസ്റ്റൺ: ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ആശുപത്രിയിൽ നടന്ന വെടിവയ്പിൽ കാർഡിയാക് സർജനും അക്രമിയും കൊല്ലപ്പെട്ടു. ആശുപത്രിയിലെ പ്രധാന കാർഡിയാക് സർജൻ ഡോ. മൈക്കൾ ജെ ഡേവിഡ് സൺ (44), അക്രമി സ്റ്റീഫൻ പാസെരി (55) എന്നിവരാണ് മരിച്ചത്.

രാവിലെ പതിനൊന്നോടെ ഡോ. മൈക്കിളിനെ കാണണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയ അക്രമി ഡോക്ടറുടെ പരിശോധനാ റൂമിനു മുന്നിൽ വച്ച് ഡോക്ടറെ വെടിവച്ചിടുകയായിരുന്നു. രണ്ടു തവണ അക്രമി ഡോക്ടർക്കു നേരേ നിറയൊഴിച്ചു. വെടിവച്ചതിന്റെ ശബ്ദം കേട്ട് എത്തിയ പൊലീസ് പിന്നീട് നടത്തിയ തെരച്ചിലിൽ സ്വയം വെടിയേറ്റു മരിച്ച നിലയിൽ അക്രമിയെ മറ്റൊരു പരിശോധനാ മുറിയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം ഡോക്ടറെ വെടിവയ്ക്കാൻ തക്ക സാഹചര്യമൊന്നും നിലവിലില്ലെന്നും സ്റ്റീഫൻ ഡോക്ടറുടെ രോഗിയായിരുന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഡോക്ടറെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ബോസ്റ്റൺ പൊലീസ് അന്വേഷണം നടത്തി വരികയാണ്. എന്നാൽ അടുത്തകാലത്ത് സ്റ്റീഫന്റെ അമ്മയെ ഡോ. മൈക്കിൾ ചികിത്സിച്ചിരുന്നതായും  അവർ പിന്നീട് മരിച്ചതായും പറയപ്പെടുന്നു.

സംഭവത്തെത്തുടർന്ന് ആശുപത്രിയിലെ സുരക്ഷാ സംവിധാനത്തെ കുറിച്ച് വിലയിരുത്തുമെന്ന് ഹോസ്പിറ്റൽ പ്രസിഡന്റ് ബെറ്റ്‌സ് നേബൽ അറിയിച്ചു. വെടിവയ്പിനെ തുടർന്ന് ആശുപത്രി താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പുതിയതായി രോഗികളെയാരേയും സ്വീകരിക്കുന്നില്ല.