തിരുവനന്തപുരം: പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പല വിധത്തിലാണ് ചർച്ചകൾ നടക്കുന്നത്. വെടിക്കെട്ട് നിരോധനത്തെ കുറിച്ചുള്ള ചർച്ചകളാണ് അതിൽ കൂടുതലും. തൃശ്ശൂർ പൂരത്തിന് വെട്ടിക്കെട്ട് നടത്തുമെന്ന് ദേവസ്വം ഭാരവാഹികളും അറിയിച്ചതോടെ ഈ വിഷയം സജീവമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ, നിരോധനത്തോടെ വിയോജിക്കുന്നവർ വാഹനാപകടം ഉണ്ടായാൽ വാഹനങ്ങൾ നിരോധിക്കുമോ എന്ന ചോദ്യവും ഉന്നയിക്കുന്നു. ഇതിനിടെയാണ് വെട്ടിക്കെട്ട് ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ജൂനിയർ ഡോക്ടർ മനോജ് വെള്ളനാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വെടിക്കെട്ട് നിരോധനത്തെ പിന്തുണയ്ക്കുന്ന ഫേസ്‌ബുക്ക് പോസറ്റിൽ ജീവൻ തിരിച്ചു കിട്ടിയവരുടെ ദുരിതങ്ങൾ എത്രത്തോളമാകും എന്നാണ് വിശദമാക്കുന്നത്.

മനോജ് വെള്ളനാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മരിച്ച നൂറിലധികം മനുഷ്യരുടെ കുടുംബത്തേക്കാൾ ദാരുണമായിരിക്കും പരിക്കേറ്റു ജീവൻ തിരികെ കിട്ടിയവരുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയിലെ അവസ്ഥ. മനുഷ്യശരീരത്തിൽ 40 ശതമാനത്തിലധികം പൊള്ളലേറ്റാൽ പിന്നെ ജീവൻരക്ഷിക്കാൻ തന്നെ പ്രയാസമാണ്. എന്നാൽ ആ കണക്കുകൾക്ക് താഴെയുള്ളവർ (വിവിധ ആശുപത്രികളിൽ മുന്നൂറോളം പേർ ഉണ്ടെന്ന് കേൾക്കുന്നു) ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ അവരുടെ ശാരീരികസ്ഥിതി എങ്ങനെ ആയിരിക്കുമെന്ന് അറിയണമെങ്കിൽ ഗൂഗിളിൽ BURNS VICTIMS എന്നോ മറ്റോ സേർച്ച് ചെയ്താൽ കാണാം. ദീർഘനാളത്തെ കഠിനമായ മരുന്നുകൾക്കും ചെറുതും വലുതുമായ നിരവധി ശസ്ത്രക്രിയകൾക്കും ശേഷം പലർക്കും തിരികെ കിട്ടുന്നത് ജീവൻ മാത്രമായിരിക്കും.

ജീവിതം തിരിച്ചുപിടിക്കാനാകാത്തവിധം കൈവിട്ടു പോയിട്ടുണ്ടാകും. ശരീരത്തിന്റെ വൈകൃതം മാത്രമല്ല പൊള്ളലുകൾ അവശേഷിപ്പിക്കുന്നത്. കാഴ്ച, കേൾവി എന്നിവ ഒരു ചികിത്സാവിധിക്കും തിരികെ നൽകാനാവാത്തവിധം കൈമോശം വന്നിട്ടുണ്ടാകും. മുഖത്തു പൊള്ളലേൽക്കുന്നവർക്ക് വായ തുറക്കാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥയുണ്ടാകും. മൂത്രമൊഴിക്കാനോ മലശോധനയ്‌ക്കോ സ്ഥായിയായ തകരാറുകൾ സംഭവിക്കാം. കൈകാലുകളും കഴുത്തുമെല്ലാം ശരീരത്തോട് ചേർത്തു കെട്ടിവരിഞ്ഞതുപോലെ ചലിപ്പിക്കാനാവാത്ത അവസ്ഥയുണ്ടാകാം.. പ്ലാസ്റ്റിക് സർജറികൾക്കും പരിമിതികളുണ്ട്.

ഇത്രയും എഴുതിയത് മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിന് ഒപ്പം തന്നെയാണ്, അല്ലെങ്കിൽ ഭാവിയിൽ അതിൽ കൂടുതലായിരിക്കും പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവരുടെ കുടുംബത്തിന്റെതെന്ന് കണ്ടറിവുകളും കേട്ടറിവുകളും കൊണ്ടോർത്തുപോയതുകൊണ്ടാണ്. വെടിക്കെട്ടുകൾ എന്റെ മതത്തിന്റെ ആചാരമാണെന്നും എന്റെ നാടിന്റെ വികാരമാണെന്നും വാദിക്കുന്നവർ, നാളെ നിങ്ങൾ മറക്കാൻ പോകുന്ന പരവൂർ വെടിക്കെട്ടിലെ ഈ മുന്നൂറു കുടുംബങ്ങളെ കൂടി ഓർക്കണം. അവിടെ ജീവിതം പൊള്ളിപ്പോയ ആയിരത്തിലധികം സാധുക്കളെക്കൂടി ഓർക്കണം. വാഹനാപകടം ഉണ്ടാകുന്നതുകൊണ്ട് വാഹനങ്ങൾ നിരോധിക്കുമോ, ഫുഡ് പോയിസണിങ് ഉണ്ടാകുന്നതുകൊണ്ട് ഭക്ഷണം നിരോധിക്കുമോ എന്നൊക്കെ ചോദിക്കുന്നവർ വാഹനമോ ഭക്ഷണമോ പോലെ ജീവിക്കാൻ അവശ്യമായതാണോ വെടിക്കെട്ടും ആനക്കമ്പവുമെന്ന് സാമാന്യബുദ്ധിമാത്രം ഉപയോഗിച്ച് ഒന്ന് ചിന്തിച്ചുനോക്കുക.

ഒരു നിമിഷനേരത്തെ അശ്രദ്ധകൊണ്ട് സ്വന്തം കൂട്ടുകാരന്റെയോ നാട്ടുകാരന്റെയോ ജീവനും ജീവിതവും നഷ്ടപ്പെടുന്നതിലും വലുതാണോ നിങ്ങളുടെ ഈ ആചാരങ്ങളും ആഘോഷങ്ങളും എന്ന് ചിന്തിക്കുക. അതോ എനിക്കോ എന്റെ കുടുംബത്തിലാർക്കെങ്കിലുമോ ഇതൊക്കെ സംഭവിക്കും വരെ ഇതൊക്കെ നടന്നോട്ടെ എന്നാണോ.. നിയന്ത്രണമാണ് വേണ്ടതെന്നു വാദിക്കുന്നവർ, സകലനിയന്ത്രണങ്ങളെയും കാറ്റിൽ പറത്തിയിട്ടാണ്, നിരവധി നാട്ടുകാരുടെയും ഭരണകൂടത്തിന്റെയും വിലക്കുകളെ തൃണവത്ഗണിച്ചിട്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് മറക്കരുത്.

ആചാരങ്ങൾ നിരോധിക്കാൻ പാടില്ലാന്നു ആരാണ് നിങ്ങളോട് പറഞ്ഞത്? അൻപുള്ള ഇല്ലങ്ങളാണ് അമ്പലങ്ങൾ. അവിടെ ജനങ്ങൾ പോകുന്നത് മനസമാധാനത്തിനാണ്. ആചാരങ്ങളും അതിനെ പിന്തുണയ്ക്കുന്നതാകണം. മനുഷ്യന് ഗുണകരമല്ലെങ്കിൽ ഏതൊരു ആചാരവും മാറണം. സതിയും ശൈശവമംഗല്യങ്ങളും നായരേ പുറത്താക്കലും ക്ഷേത്രപ്രവേശനവിലക്കുമൊക്കെ നിരോധിക്കപ്പെട്ടത് അതൊക്കെ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന 'ആചാരങ്ങൾ' ആയതുകൊണ്ടാണ്. അതെല്ലാം സംഭവിച്ചതും സകലമാന എതിർപ്പുകൾക്കും നിരവധി സമരങ്ങൾക്കും ശേഷമാണ്.

അതുകൊണ്ട് വെടിക്കെട്ടും ഉത്സവങ്ങൾക്ക് മിണ്ടാപ്രാണികളെ ഉപയോഗിക്കുന്നതും നിയമം കൊണ്ട് നിരോധിക്കുക തന്നെ വേണം. മാതൃഭൂമി ചാനൽ നടത്തിയ പോളിൽ 94 ശതമാനം ആൾക്കാർ ആവശ്യപ്പെട്ടത് ഇതൊക്കെ നിരോധിക്കണമെന്നാണ്. മദ്യം നിരോധിക്കുന്നതിനെ സംബന്ധിച്ച് ഇങ്ങനൊരു പോൾ നടത്തിയാൽ പോലും അത് ഇതിലും എത്രയോ താഴെയായിരിക്കും. അപ്പോഴും മദ്യം നിരോധിച്ച സർക്കാരിന് വെടിക്കെട്ട് നിരോധിക്കാൻ ഭയം. സാമാന്യബോധമുള്ള ഏതെങ്കിലും രാഷ്ട്രീയസംഘടന വെടിക്കെട്ട് നിരോധനം അവരുടെ പ്രകടനപ്പത്രികയിലെങ്കിലും ചേർക്കണമെന്ന് വെറുതേ ആഗ്രഹിച്ചുപോകുന്നു..