തിരുവനന്തപുരം:പ്രമേഹം മലയാളികളായ നമുക്ക് കുടുംബകാര്യം പോലെയാണ്. ഒരു പ്രമേഹരോഗിയെങ്കിലുമില്ലാത്ത വീട് കാണില്ല എന്ന രീതിയിലേക്കാണ് മലയാളികളുടെ പോക്ക്. ജീവിത ശൈലിയിലുള്ള മാറ്റവും മാറിയ ഭക്ഷണശീലവുമെല്ലാം ഈ രോഗത്തിന്റെ പ്രിയപ്പെട്ട ഇടമായി നമ്മുടെ നാടിനെ മാറ്റിയിരിക്കുന്നു. ഒരു സാധാരണ രോഗം എന്ന നിലയിലേക്ക് പ്രമേഹം വളർന്നിട്ടും പലരും ഈ രോഗത്തെക്കുറിച്ച് അജ്ഞരാണ്. രോഗത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവു പോലും ഇല്ലാത്തവരുണ്ട്. മറ്റുചിലർക്ക് തെറ്റായ ധാരണകളും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ.

പാൻക്രിയാസ് ഗ്രന്ഥിയാണ് ഈ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്്.ഗുളികകൾ, ഇൻസുലിൻ എന്നിങ്ങനെ രണ്ടുരീതിയിൽ പ്രമേഹചികിൽസയുണ്ട്. രോഗിയുടെ ശാരീരികാവസ്ഥകൾ പരിഗണിച്ചാണ് ഏത് വേണമെന്ന് ഡോക്ടർ തീരുമാനിക്കുന്നത്. ഒരാൾ കഴിക്കുന്ന ഗുളികയായിരിക്കണമെന്നില്ല മറ്റൊരു രോഗിക്ക് വേണ്ടത്. മരുന്നിന്റെ ഡോസും വ്യത്യസ്തമായിക്കും.

ഗ്ലൂക്കോസ് പരിശോധന മാത്രമല്ല രോഗിക്ക് വേണ്ടത്. ശാരീരികാവസ്ഥകൾ മാറുന്നതിനാൽ രക്തസമ്മർദം,കൊളസ്‌ട്രോൾ നില എന്നിവയിലൊക്കെ വ്യത്യാസം വന്നേക്കാം. അതിനാൽ ഇവയുടെ പരിശോധനകളും ആവശ്യമാണ്. ടൈപ്പ് 1 രോഗികൾക്ക് തുടക്കം തൊട്ടെ ഇൻസുലിൻ എടുക്കേണ്ടി വരും. ടൈപ്പ് 2വിൽ പല കാരണങ്ങൾ കൊണ്ടാണ് ഇൻസുലിൻ കുത്തിവയ്പ് ആവശ്യമായി വരിക.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗുളികകൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയാതെ വരിക, മാരകരോഗങ്ങൾ ഉണ്ടാകുക, അമിതപ്രമേഹം എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് ശരീരം എത്തുമ്പോഴാണ് സാധാരണയായി ഇൻസുലിൻ കുത്തിവയ്‌ക്കേണ്ടി വരുന്നത്. ഗർഭിണികളിലെ പ്രമേഹത്തിന് ഇൻസുലിൻ കുത്തിവയ്ക്കാറുണ്ട്. രോഗിയുടെ പ്രായം, ആരോഗ്യം, ഭക്ഷണരീതി, ജോലി, വ്യായാമം, തുടങ്ങിയവയൊക്കെ കണക്കിലെടുത്തുകൊണ്ട് മാത്രമേ ഇൻസുലിന്റെ അളവ് തീരുമാനിക്കാവൂ.