ഡബ്ലിൻ: റോമിലെ വിഖ്യാതമായ പൊന്തിഫിക്കൽ അർബൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഫാ. മനോജ് പാറയ്ക്കൽ ഡോക്ടറേറ്റ് നേടി. ബൈബിൾ പഴയനിയമത്തിലെ പഞ്ചഗ്രന്ഥങ്ങളിലൊന്നായ നിയമാവർത്തനത്തെ ആസ്പദമാക്കിയുള്ള പ്രബന്ധത്തിനാണു ഡോക്ടറേറ്റ്.

പാലാ രൂപതാംഗമായ ഫാ. മനോജ് 1999 ജനുവരി നാലിനാണു തിരുപട്ടം സ്വീകരിച്ചത്. തുടർന്നു ഉജെയിൻ രൂപതയിലെ റൂഹാലയ തിയോളജിക്കൽ സെമിനാരിയിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2008- 12 കാലഘട്ടത്തിൽ റോമിൽ നിന്നു തിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റി പ്രഫസർ റിസി ജിയോവാനിയുടെ മേൽനോട്ടത്തിൽ പ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് കരസ്ഥമാക്കി.

മിഷണറീസ് ഓഫ് സെന്റ് തോമസ് സഭാംഗമായ ഫാ. മനോജ്, മൂന്നിലവ് പാറയ്ക്കൽ നോബിളിന്റേയും തങ്കമ്മയുടേയും പുത്രനാണ്. സഹോദരങ്ങൾ: വിനോജ്, സനോജ് (ഓസ്‌ട്രേലിയ).

മികച്ച വാഗ്മിയും ഗായകനുമാണ് ഫാ. മനോജ് പാറയ്ക്കൽ.