ലണ്ടൻ: സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്‌ഫോണ്ടിലുള്ള ക്രിസ് ഗാർഡിന്റെയു കോണി യേറ്റ്‌സിന്റെയും ദുഃഖം ഇന്നലെ ലോകം ഏറ്റെടുത്തതിനെ തുടർന്ന് ഇവരുടെ പത്ത് മാസം പ്രായമുള്ള ചാർളിയുടെ ആയുസ് വീണ്ടും നീട്ടിക്കിട്ടിരിയിരിക്കുകയാണ്. നിലവിൽ ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന ചാർളിയുടെ ലൈഫ് സപ്പോർട്ട് ഇന്നലെ അവസാനിപ്പിക്കുമെന്നായിരുന്നു ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിരുന്നത്. അതിനെ തുടർന്ന് തങ്ങളുടെ പ്രിയപുത്രൻ ഇന്നലെ തങ്ങളെ വിട്ട് പോകുമെന്ന് ഈ മാതാപിതാക്കൾ ഭയപ്പെടുകയും ചെയ്തിരുന്നു.

ഇത് സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസം ലോകമാകമാനമുള്ള മാധ്യമങ്ങൾ ഏറ്റെടുക്കുകയും കണ്ണീരൊഴുക്കുകയും ചെയ്തപ്പോൾ ഇക്കാര്യം സാക്ഷാൽ പോപ്പ് ഫ്രാൻസിസിന്റെ ശ്രദ്ധയിൽ വരെ പെട്ടിട്ടുണ്ട്. മാതാപിതാക്കളുടെ കണ്ണീരിൽ ചാലിച്ച അഭ്യർത്ഥന കണ്ട് മാർപ്പാപ്പ സംഭവത്തിൽ ഇടപെട്ടെന്നും റിപ്പോർട്ടുണ്ട്. മനുഷ്യ ജീവൻ മനഃപൂർവം ഇല്ലാതാക്കാൻ ആർക്കും അവകാശമില്ലെന്നും അതിനാൽ ചാർളിക്ക് നൽകി വരുന്ന ലൈഫ് സപ്പോർട്ട് തുടരണമെന്നും താൻ ചാർളിക്ക് വേണ്ടി പ്രാർത്ഥിക്കുമെന്നുമുള്ള പോപ്പിന്റെ പ്രതികരണം ആശുപത്രി അധികൃതർ ചെവിക്കൊണ്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മാതാപിതാക്കളുടെ കരച്ചിലിൽ ചാലിച്ച അഭ്യർത്ഥനയും ലോകമെമ്പാട് നിന്നും ചാർളിയുടെ സ്നേഹിക്കുന്നവരുടെ സമ്മർദവും മൂലം ലണ്ടനിലെ ഈ ആശുപത്രി ചാർളിക്ക് അൽപം കൂടി ആയുസ് അനുവദിച്ചിരിക്കുകയാണ്.

അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകാറുകളും മൂലം ചാർലിയെ അമേരിക്കയിൽ കൊണ്ടു പോയി കൂടുതൽ വിദഗ്ദ ചികിത്സ നടത്താനായി ഈ മാതാപിതാക്കൾ ഈ അടുത്ത കാലം വരെ അങ്ങേയറ്റം പോരാടിയിരുന്നുവെങ്കിലും അധികൃതർ അതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ മകനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോകാനും അവനെ വീട്ടിൽ വച്ച് മരിക്കാനെങ്കിലും അനുവദിക്കണമെന്ന അവരുടെ അവസാനത്തെ ആഗ്രഹവും അധികൃതർ നിർദയം തള്ളുകയായിരുന്നു.

തങ്ങളുടെ മകന്റെ ജീവൻ രക്ഷിക്കണമെന്ന് താണു കേണപേക്ഷിച്ച് ചാർളിയുടെ മാതാപിതാക്കൾ ഒരു വീഡിയോ സന്ദേശം പുറത്തിറക്കുകയും അത് ലോകമാകമാനം ചുരുങ്ങിയ സമയം കൊണ്ട് പ്രചരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഈ കൊച്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെന്ന ആവശ്യത്തിനും സമ്മർദത്തിനും പിന്തുണയേറുകയും ആശുപത്രി അതിന് മുന്നിൽ വഴങ്ങാൻ നിർബന്ധിതരാവുകയുമായിരുന്നു. തങ്ങൾ ഇന്നലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റുമായി സംസാരിച്ചുവെന്നും ചാർളിക്ക് കുറച്ച് കൂടി സമയം അനുവദിക്കാമെന്ന് അവർ സമ്മതിച്ചുവെന്നും കുട്ടിയുടെ അമ്മ യേറ്റ്സ് വെളിപ്പെടുത്തുന്നു. ലോകമാകമാനം നിന്നും ചാർളിക്ക് പിന്തുണയേകിയവർക്കെല്ലാം ഈ അമ്മ ഹൃദയത്തിൽ ചാലിച്ച നന്ദി അറിയിക്കുന്നുമുണ്ട്.

ചാർളീസ് ആർമി എന്ന പേരിലുള്ള കൂട്ടായ്മ ചാർളിയുടെ ചികിത്സക്ക് വേണ്ടി വൻ തുകയാണ് സമാഹരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ യൂസർമാർ ചാർളിയോട് ഐക്യദാർഢ്യവും അനുകമ്പയും ചികിത്സ നിർത്താനുള്ള ആശുപത്രിയുടെ തീരുമാനത്തിൽ ദേഷ്യവും പ്രകടിപ്പിച്ച് രംഗത്തെത്തിയതും കുട്ടിയുടെ ലൈഫ് സപ്പോർട്ട് നീട്ടാൻ വഴിയൊരുക്കിയിരുന്നു. #JeSuisCharlieGard എന്ന ഹാഷ് ടാഗിന് കീഴിൽ നിരവധി പേരാണ് കുട്ടിക്ക് വേണ്ടി ഓൺലൈനിൽ രംഗത്തെത്തിയിരുന്നത്. ചാർലിയെ രക്ഷിക്കാൻ തങ്ങൾക്കിനി ഒന്നും ചെയ്യാനില്ലെന്നാണ് ലണ്ടനിലെ ഡോക്ടർമാരുടെ നിലപാട്.

തുടർന്നായിരുന്നു യുഎസിലെ ഒരു പ്രമുഖ ഡോക്ടറെ കണ്ട് ചാർലിക്ക് ന്യൂക്ലിയോസൈഡ് തെറാപ്പി നടത്താൻ മാതാപിതാക്കൾ അവസരം ഒരുക്കിയിരുന്നത്. ഇതിന് 1.3 മില്യൺപൗണ്ട് ചെലവ് വേണ്ടി വരുമെന്നും കണക്കാക്കിയിരുന്നു. ഇതിനായി ചാർലീസ് ആർമി 1.4 മില്യൺ പൗണ്ട് സമാഹരിക്കുകയും ചെയ്തിരുന്നു. ഇതുപയോഗിച്ച് ചാർളിയെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കാൻ തങ്ങൾ തയ്യാറായിരുന്നുവെങ്കിലും ബ്രിട്ടീഷ് അധികൃതർ അനുമതി നിഷേധിച്ചുവെന്നാണ് മാതാപിതാക്കൾ ഹൃദയവേദനയോടെയും ധാർമിക രോഷത്തോടെയും വെളിപ്പെടുത്തിയിരിക്കുന്നത്.

കുട്ടിയെ മരിക്കാൻ അനുവദിക്കുകയാണ് അവനോട് ചെയ്യാവുന്ന ഏറ്റവും വലിയ ദയയെന്ന നിലപാടാണ് ബ്രിട്ടീഷ് ഡോക്ടർമാർ പുലർത്തിയത്. കുട്ടിയെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്ന കാര്യത്തിൽ ഹൈക്കോർട്ട്, കോർട്ട് ഓഫ് അപ്പീൽ , സുപ്രീം കോടതി എന്നിവിടങ്ങളിലും മാതാപിതാക്കൾ പരാജയപ്പെടുകയായിരുന്നു. അവസാനം ചാർലിയുടെ അവസാന വീക്കെൻഡ് എങ്കിലും തങ്ങൾക്ക് അവനോടൊപ്പം വീട്ടിൽ ചെലവഴിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയും തഴയപ്പെട്ടതിൽ ഇവർ ആകെ തകർന്നിരിക്കുകയാണ്. അതിനിടെയാണ് അൽപം ആശ്വാസം പകർന്ന് ലൈഫ് സപ്പോർട്ട് നീട്ടിക്കിട്ടിയിരിക്കുന്നത്.