കോപ്പൻഹേഗൻ: ആൺകുട്ടികൾക്ക് സുന്നത്ത് നടത്തുന്നതിനെ അപലപിച്ചുകൊണ്ട് ഡാനിഷ് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് സുന്നത്ത് നടത്താൻ പാടില്ലെന്നും പ്രായപൂർത്തിയായ ശേഷം സ്വന്തം ഇഷ്ടപ്രകാരം വേണമെങ്കിൽ സുന്നത്ത് നടത്തട്ടെയെന്നുമാണ് ഡോക്ടർമാരുടെ സംഘടന ശുപാർശ ചെയ്തിരിക്കുന്നത്. സുന്നത്ത് എന്നത് വ്യക്തിപരമായ തെരഞ്ഞെടുക്കലാണെന്നും 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കൾ സുന്നത്ത് നടത്താൻ പാടില്ലെന്നുമാണ് മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്.

ചെറുപ്രായത്തിൽ ആൺകുട്ടികൾക്ക് മാതാപിതാക്കൾ സുന്നത്ത് നടത്തുമ്പോൾ അത് അവരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും പ്രായപൂർത്തിയാകുമ്പോൾ വേണമെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം അവർ ഇതു ചെയ്യട്ടെ എന്നുമാണ് സംഘടന പറയുന്നത്. രാജ്യത്ത് സുന്നത്ത് നിയമപരമായി വിലക്കണമെന്നുമാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാ വർഷവും രാജ്യത്ത് ആയിരം മുതൽ രണ്ടായിരം വരെ സുന്നത്ത് ശസ്ത്രക്രിയകളാണ് നടത്തുന്നതെന്നാണ് ഡാനിഷ് ഹെൽത്ത് ആൻഡ് മെഡിസിൻസ് അഥോറിറ്റി വ്യക്തമാക്കുന്നത്. ഇത് പ്രത്യേകിച്ച് ജൂദമതസ്ഥർക്കിടയിലും മുസ്ലിമുകൾക്കിടയിലുമാണ് നടത്താറുള്ളത്. മതപരമായ ചടങ്ങുകളായതിനാൽ മിക്കവാറും സുന്നത്ത് കുട്ടികളുടെ വീടുകളിലോ സ്വകാര്യ ക്ലിനിക്കുകളിലോ ആണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഇത് ഒട്ടേറെ സങ്കീർണതകൾക്ക് കാരണമാകുന്നുണ്ടെന്നാണ് മെഡിക്കൽ അസോസിയേഷൻ പറയുന്നത്.