ഡബ്ലിൻ: ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയർ നടപ്പാക്കുന്നതിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു പറ്റം ഫിസിഷ്യന്മാർ രംഗത്തെത്തി. ജൂലൈ മുതൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിന് സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ടാണ് ഫിസിഷ്യന്മാർ രംഗത്തെത്തിയിരിക്കുന്നത്.

ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയർ നൽകുന്നതിനെ പിന്തുണച്ചുകൊണ്ട് ആയിരത്തിലധികം ഡോക്ടർമാരാണ് കരാറിൽ ഒപ്പു വച്ചത്. അതനുസരിച്ച് അടുത്ത ആഴ്ച മുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സൗജന്യ സേവനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് എച്ച്എസ്ഇ അറിയിച്ചിട്ടുണ്ട്. നിലവിൽ 40 ശതമാനത്തിലധികം ജിപിമാരാണ് ഇത്തരത്തിൽ ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയറിനെ അനുകൂലിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്.

അതേസമയം ഫാമിലി ഡോക്ടർമാരുടെ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ജിപീസ് ആണ് ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി കെയറിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരിക്കുന്നത്. ജനറൽ പ്രാക്ടീസിനെ ഇതു സാരമായി ബാധിക്കുമെന്നാണ് ഇവരുടെ പക്ഷം. സർക്കാരിന്റെ സൗജന്യ ജിപി കെയറിനെതിരേ കോടതിയിൽ പോകുന്നതിനുള്ള ചെലവിലേക്കാണ് ഡോക്ടർമാരോട് 1000 യൂറോ വീതം സംഭാവന നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സൗജന്യ ജിപി കെയറിനെ എതിർക്കുന്ന നാഷണൽ അസോസിയേഷൻ ഓഫ് ജിപീസിലെ അംഗങ്ങളോടും എതിർ ഗ്രൂപ്പായ ഐറീഷ് മെഡിക്കൽ അസോസിയേഷൻ അംഗങ്ങളോടും ഇരു ചേരിയിലും പെടാത്ത ഡോക്ടർമാരോടും പണപ്പിരിവിന് ആഹ്വാനം നടത്തിയിട്ടുണ്ട്. സർക്കാരിന്റെ സൗജന്യ ജിപി കെയറിനോട് ഏറെ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്ന സംഘടനയാണ് ഐഎംഒ. പദ്ധതിക്ക് എല്ലാ വിധ പിന്തുണയും ഐഎംഒ നൽകിയിട്ടുമുണ്ട്.