തിരുവനന്തപുരം: റീൽസിനെ ഭരിക്കുന്ന പാട്ടുകളിൽ ഒന്നാണ് കടുവ സിനിമയിലെ 'പാലാപ്പള്ളി തിരുപ്പള്ളി' എന്ന പാട്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ദേയമായ ഈ ഗാനം വൈറലാണ്. വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയുടേയും ഈ പാട്ടിനൊപ്പമുള്ള ചുവടുവെപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഡോക്ടർമാരുടെ മനോഹരമായ ഡാൻസ് വീഡിയോ ആരോഗ്യമന്ത്രി വീണ ജോർജും തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും നല്ല ഡോക്ടർമാരും നല്ല ഡാൻസർമാരുമാണെന്നും വീഡിയോക്കൊപ്പം മന്ത്രി കുറിച്ചു. പീച്ചങ്കോട് ടർഫിലാണ് ഇവരുടെ ഡാൻസ് ചിത്രീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരായ കെ സി ലതേഷും റുബീന കമറുമാണ് വൈറൽ വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

'വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചപ്പോൾ. ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്.

ഏതാനും മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും. ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നത്. ഇരുവരും മികച്ച ഡോക്ടർമാരാണ്. മികച്ച ഡാൻസർമാരും.' ആരോഗ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.