തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ജീവിതം ഭാരതീയർക്ക് എക്കാലവും പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വളരെ എളിയ ജീവിതപശ്ചാത്തല ത്തിൽ നിന്നും രാജ്യത്തിന്റെ പരമോന്നത പദവി വരെ ഉയർന്ന നാരായണന്റെ ജീവിതം മാതൃകാപരമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

കെ.ആർ.നാരായണൻ ഫൗണ്ടേഷൻ കെ.ആർ.നാരായണന്റെ ജീവചരിത്രത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ഉഴവൂരിന്റെ പുത്രൻ' എന്ന ഡോക്കുമെന്ററിയുടെ ആദ്യ പകർപ്പ് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസിൽ നിന്നും രാജ്ഭവനിൽ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്. കെ.ആർ.നാരായണന്റെ ജന്മനാടായ ഉഴവൂർ സന്ദർശിക്കാൻ താത്പര്യമുണ്ടെന്നറിയിച്ച രാഷ്ട്രപതി കെ.ആർ.നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കെ.ആർ.നാരായണൻ സ്മാരക പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യണമെന്ന അപേക്ഷ പരിഗണിക്കുമെന്ന ഉറപ്പും ഭാരവാഹികൾക്ക് നൽകി.

മുൻ രാഷ്ട്രപതിമാരുടെ ജന്മഗ്രാമങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നതായും രാഷ്ട്രപതി വെളിപ്പെടുത്തി. രാജ്യത്തെ യുവജനങ്ങൾക്ക് മുൻ രാഷ്ട്രപതിമാരുടെ ജീവിതം പ്രചോദനമാകാനാണ് ഇത്തരം സന്ദർശനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. കെ.ആർ.നാരായണന്റെ ജീവചരിത്ര ഗ്രന്ഥവും കെ.ആർ.നാരായണൻ സ്മാരക സ്റ്റാമ്പും നാണയവും പുറത്തിറക്കാൻ നടപടി സ്വീകരിക്കണമെന്ന നിവേദനവും ഭാരവാഹികൾ രാഷ്ട്രപതിക്ക് നൽകി.

കോട്ടയം പാലാ സ്വദേശിയായ പ്രിൻസ് പോൾ മാടപ്പള്ളി വരച്ച രാഷ്ട്രപതിയുടെ ഛായാചിത്രവും സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ്, ജനറൽ സെക്രട്ടറി ആർ.അജിരാജ്കുമാർ, അഡ്വ. ജെ.ആർ.പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയെ രാജ്ഭവനിൽ സന്ദർശിച്ചത്. ഗവർണ്ണർ ജസ്റ്റീസ് പി.സദാശിവവും രാഷ്ട്രപതിക്കൊപ്പം സന്നിഹിതനായിരുന്നു.