തിരുവനന്തപുരം: കേരളാ രാഷ്ട്രീയത്തെ ഏറെക്കാലം പ്രകമ്പനം കൊള്ളിച്ച ബാർകോഴ വിവാദത്തിന് സ്വാഭാവിക അന്ത്യമായോ? കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ തക്കവണ്ണം തെളിവില്ലെന്ന നിയമോപദേശം വിജിലൻസിന് ലഭിച്ചതോടെ യുഡിഎഫ് ക്യാമ്പ് ഏറെ ആശ്വാസത്തിലാണ്. സർക്കാറിനെ പിടിച്ചുലച്ച വിവാദം അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നാണ് യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നത്. മാണി കോഴ വാങ്ങിയെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്നുമാണ് വിജിലൻസ് നിയമോപദേഷ്ടാവ് സി സി അഗസ്റ്റിൻ നൽകിയ റിപ്പോർട്ട്. ഇതോടെ കേസിൽ ഇനി നിർണ്ണമായകമാകുക വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന്റെ തീരുമാനമാണ്.

നിയമപോദേശം ലഭിച്ചാലും സ്വന്തം നിലയിൽ മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർക്ക് സാധിക്കും. അങ്ങനെ അല്ലെങ്കിൽ വീണ്ടും നിയമോപദേശം തേടാവുന്നതുമാണ്. അഡ്വകേറ്റ് ജനറലിൽ നിന്നും നേരിട്ടോ അല്ലെങ്കിൽ സ്വതന്ത്രമായോ നിയമോപദേശം തേടാവുന്നതാണ്. സ്വാഭാവികമായും നിയമവകുപ്പ് കൈക്കാര്യം ചെയ്യുന്ന മന്ത്രി കൂടിയായ കെ എം മാണിക്ക് എതിരായി നിയമപദേശം ലഭിക്കാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ട് തന്നെ സ്വന്തം നിലയിൽ റിസ്‌കെടുക്കാൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോൾ തയ്യാറാകുമോ എന്ന കണ്ടറിയണം. ഏത് തീരുമാനമെടുക്കുമ്പോഴും ഡയറക്ടർ കടുത്ത സമ്മർദ്ദത്തിലാകുമെന്ന കാര്യം ഉറപ്പാണ്. മനഃസാക്ഷിക്ക് അനുസരിച്ച് നിലപാട് സ്വീകരിക്കുമോ അതോ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിൻസൻ എം പോൾ വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോപണവ വിധേയനായ മാണിക്ക് ക്ലീൻചിറ്റ് ലഭിക്കാൻ തന്നെയാണ് സാധ്യത.

കേസ് അന്വേഷിച്ച വിജിലൻസ് എസ് പി ആർ സുകേശൻ നൽകിയ വസ്തുതാ റിപ്പോർട്ടിൽ ബാറുടമകൾ പണം നൽകിയതിനും മാണി വാങ്ങിയതിനും നേരിട്ട് തെളിവില്ലാത്തതതിനാൽ കേസ് നിലനിൽക്കില്ലെന്നാണ് സി സി അഗസ്റ്റി നൽകിയ നിയമോപദേശം. ബാർ തുറക്കുന്നതിന് മന്ത്രി വഴിവിട്ട് ഇടപെട്ടതിനും തെളിവില്ല. കൂടാതെ, അമ്പിളിയുടെ നുണപരിശോധന ഫലം ആധികാരികമായി എടുക്കാൻ സാധിക്കില്ലെന്നുമാണ് നിയമോപദേശത്തിൽ പറയുന്നത്. നിയമോപദേശം നൽകുന്നതിന് മുന്നോടിയായി സിസി അഗസ്റ്റിയും അഡ്വക്കേറ്റ് ജനറലും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. സ്വാഭാവികമായി സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് ഉണ്ടാകരുതെന്നാകും എ ജിയും നിലപാട് സ്വീകരിച്ചിട്ടുണ്ടാകുക.

അതേസമയം സർക്കാറിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കുറ്റപത്രം സമർപ്പിക്കാതിരിക്കാനാണ് വിജിലൻസ് നീക്കമെങ്കിൽ അതിനെ പ്രതിരോധിക്കാനാണ് ബിജു രമേശും ബാർ ഉടമകളും ഒരുങ്ങുന്നത്. കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ പോകുമെന്ന് ബിജു രമേശ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. സാക്ഷികളെ സമ്മർദം ചെലുത്തി മൊഴി മാറ്റിച്ചതായും ബിജു ആരോപിച്ചിരുന്നു. അതിനിടെ മാണിക്കെതിരെ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് വി എസ് സുനിൽകുമാർ എംഎൽഎയും പറഞ്ഞു.

അതേസമയം നിലവിലെ സാഹചര്യ തെളിവുകൾ മാണിക്ക് എതിരാണെന്നാണ് കേസ് അന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. നുണ പരിശോധനക്ക് തയ്യാറായ െ്രെഡവർ അമ്പിളിയുടെ മൊഴിയാണ് ഇതിൽ നിർണ്ണായകമെന്ന് അന്വേഷണം ഉദ്യോഗസ്ഥൻ പറയുന്നു. മൊബൈൽ ഫോൺ ടവർ, വാഹനങ്ങൾ പോയ വഴി, മന്ത്രിസഭാ രേഖകൾ തുടങ്ങിയവയെല്ലാം മാണിക്ക് പ്രതികൂലമാണെന്ന് വിജിലൻസ് പറയുന്നു. അതുകൊണ്ട് കുറ്റപത്രം സമർപ്പിക്കണെന്ന ആവശ്യവും ഒരു വിഭാഗം വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുമ്പിലുണ്ട്.

അതിനിടെ മാണിയെ രക്ഷിച്ചു എന്ന വിധിച്ചു എന്ന ആരോപണം ശക്തമാക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഇത് ഗുണം ചെയ്യുമെന്നും പ്രതിപക്ഷം കരുതുന്നു. അതുകൊണ്ട് വരും ദിവസങ്ങളിൽ ഈ വിഷയം ശക്തമായി ഉന്നയിക്കാനും സിപിഐ(എം) ഒരുങ്ങുകയാണ്. എന്തായാലും രണ്ട് മാസത്തിനുള്ളിൽ ബാർകോഴ വിവാദം കെട്ടടങ്ങുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.