ലണ്ടൻ:  നായകളോടുള്ള സ്നേഹം കാരണം അവയുടെ ഉടമസ്ഥർ കാട്ടിക്കൂട്ടുന്ന പല വിധത്തിലുള്ള ഭ്രാന്തുകളെ പറ്റി നാമേറെ കേട്ടിട്ടുണ്ട്. എന്നാൽ ഏകദേശം 4 ലക്ഷം രൂപ മുടക്കി രണ്ട് നായകളുടെ വിവാഹം നടത്തിയെന്ന സംഭവം ഇതാദ്യമായിരിക്കാം. തികഞ്ഞ നായ പ്രേമികളും മില്യണയർ ദമ്പതികളായ ഡെബിയും ബോബ് ക്ലാർക്കുമാണീ സാഹസത്തിന് തയ്യാറായിരിക്കുന്നത്. കെന്റിലാണീ അപൂവ നായവിവാഹം നടന്നത്. അടിപൊളി വസ്ത്രം ധരിച്ചായിരുന്നു വരനും വധുവും വിവാഹമണ്ഡപത്തിലേക്ക് നടന്നെത്തിയത്. ഡയമണ്ടിൽ തീർത്ത കോളറിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഹണി ,ജോയ് എന്നിങ്ങനെയാണീ നായ ദമ്പതികളുടെ പേരുകൾ.

കെന്റിൽ തങ്ങളുടെ ഉടമസ്ഥതയയിൽ ഉള്ള നാലേക്കർ കെന്റ് എസ്റ്റേറ്റിൽ ഇവർക്ക് 13 നായകളാണുള്ളത്. വളരെ ആഘോഷപൂർണമായ ചടങ്ങിൽ വച്ചായിരുന്നു ഹണിയുടെയും ജോയുടെയും വിവാഹം അരങ്ങേറിയത്. ചൈൽഡ് മോഡലിങ് ഏജൻസിയായ ബിസികിഡ്സിന്റെ സ്ഥാപകയാണ് 52 വയസുള്ള ഡെബി ക്ലാർക്ക്, 70 വയസുള്ള ബോബ് ക്ലാർക്കാകട്ടെ റിട്ടയേർ പ്രഫഷണൽ പോക്കർ പ്ലേയറാണ്. നായവിവാഹ ചടങ്ങിൽ ഇവരുടെ മറ്റ് ശുനകന്മാർ ബ്രൈഡ്സ് മെയ്ഡുകളായും അകമ്പടി സേവകരായും വർത്തിച്ചിരുന്നു. ഇതിന് പുറമെ 60 മനുഷ്യ അതിഥികളും ചടങ്ങിൽ പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിക്കാനെത്തിയിരുന്നു.

ഹണിയും അവളുടെ ഭർത്താവ് ജോയും റിമോട്ട് കൺട്രോൾ കാറിലായിരുന്നു പ്രൗഢിയോടെ വിവാഹത്തിന് ശേഷം സ്റ്റുഡിയോയിൽ വന്നിറങ്ങിയിരുന്നത്. തങ്ങൾ ഈ അസാധാരണമായ വിവാഹം നടത്തിയതിനെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നുവെന്നത് താൻ കണക്കാക്കുന്നില്ലെന്നാണ് ഡെബി വ്യക്തമാക്കുന്നത്. ടില്ലി, പോപ്പി, പെഗി, ടോമി, ടെഡി, റെഗി, റോണി, ഫ്രാഗിൾ, പോപ്പറ്റ്, സ്പോട്ട്, ഫ്രിഡ എന്നീ പേരുകളിലുള്ള അവരുടെ മറ്റ് നായകളും ചടങ്ങിൽ താരങ്ങളായിരുന്നു. തന്നെ പോലെ തന്റെ ഭർത്താവായ ബോബും തികഞ്ഞ നായ പ്രേമിയായതിനാലാണ് തനിക്കീ വിവാഹം നടത്താൻ സാധിച്ചതെന്നും ഡെബി പറയുന്നു.

വെഡിങ് ഡ്രെസ് ഡെബി ചൈനയിൽ നിന്നും ഓർഡർ ചെയ്ത് വരുത്തുകയായിരുന്നു. ഇതിന് 10 പൗണ്ടാണ് ചെലവായിരിക്കുന്നത്. തുടർന്ന് ഇതിൽ വെയിലും ഡയാമാറ്റ്സും ചേർത്ത് കസ്റ്റമൈസ് ചെയ്തിരുന്നു. ഈ അപൂർവ വിവാഹം ഐടിവിയിലെ ദി സീക്രട്ട് വേൾഡ് ഓഫ് പോഷ് പെറ്റ്സിൽ ഇന്നലെ സംപ്രേഷണം ചെയ്തിരുന്നു.