- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആട്ടിറച്ചിയില്‍ പട്ടിയിറച്ചി; കറിവേപ്പിലയില്‍ എന്‍ഡോസള്‍ഫാന്‍; ഭക്ഷണക്കാര്യത്തില്‍ ആശ്വാസം വിശ്വാസം മാത്രമെന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ബിജു പ്രഭാകര്‍ മറുനാടന്‍ മലയാളിയോട്
സംസ്ഥാനത്തെ മദ്യഉപഭോഗം കൂടി വരുന്നത് സമ്പൂര്‍ണ മദ്യനിരോധനത്തിലൂടെ കുറയ്ക്കാനാവില്ലെന്നും ഭക്ഷണ പദാര്‍ഥങ്ങളില്‍ സുരക്ഷയില്ലാത്ത പലതും കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ് മറുനാടന്‍ മലയാളിയോട്. സമ്പൂര്‍ണ മദ്യനിരോധനം വ്യാജമദ്യനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കും. ഇത് അപകടം ക്ഷണിച്ച
സംസ്ഥാനത്തെ മദ്യഉപഭോഗം കൂടി വരുന്നത് സമ്പൂര്‍ണ മദ്യനിരോധനത്തിലൂടെ കുറയ്ക്കാനാവില്ലെന്നും ഭക്ഷണ പദാര്‍ഥങ്ങളില്‍ സുരക്ഷയില്ലാത്ത പലതും കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ് മറുനാടന്‍ മലയാളിയോട്. സമ്പൂര്‍ണ മദ്യനിരോധനം വ്യാജമദ്യനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കും. ഇത് അപകടം ക്ഷണിച്ചുവരുത്തും. പകരം വീര്യം കൂടിയ മദ്യത്തിന് വില കൂട്ടണം. വീര്യം കുറഞ്ഞ ബീയറിനും വൈനിനും വില കുറയ്ക്കണം. ഇപ്പോള്‍ വീര്യം കുറഞ്ഞ മദ്യത്തിന് വില കൂടുതലാണ്. വില കൂടിയാല്‍ കേരളത്തിലെ മദ്യപാനികള്‍ അധികവും മദ്യം ഉപേക്ഷിക്കും. പാന്‍മസാലയും ഗുഡ്കയും ഭക്ഷ്യസുരക്ഷാനിയമം ഉപയോഗിച്ച് നിരോധിച്ച് ഇതിനകം ശ്രദ്ധേയനായ ബിജു പ്രഭാകര്‍ ഫുഡ് സേഫ്റ്റി കമ്മീഷണറായി ചുമതലയേറ്റിട്ട് ഒന്നര വര്‍ഷമേ ആയുള്ളൂ. പക്ഷേ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. കേരളത്തിലെ ലോട്ടറി വില്പനയിലൂടെ ജീവകാരുണ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാമെന്നു കണ്ടെത്തിയ ബിജു പ്രഭാകര്‍ പാന്‍മസാല നിരോധനത്തിലൂടെ മറ്റൊരു പടി കൂടി കടന്നിരിക്കുകയാണ്.
- പാന്‍മസാല നിരോധിച്ചതു കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായോ?
പാന്‍മസാലകളുടെ പൊതു ഉപയോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. എന്നാല്‍ 30 ലക്ഷത്തോളം മറുനാട്ടുകാരാണ് ഉപഭോക്താക്കളില്‍ അധികവും. ഇവരോടൊപ്പം പുതുതലമുറ പാന്‍മസാല ശീലമാക്കാതിരിക്കാനാണ് നിരോധിച്ചത്. കരിഞ്ചന്തയില്‍ പാന്‍മസാലയ്ക്കു 20 രൂപയാണു വില. അതുകൊണ്ടു ഉപയോഗം കുറഞ്ഞു.. പാന്‍മസാലയുടെ ഉപയോഗം വായിലും ശ്വാസനാളിയിലും ക്യാന്‍സറുണ്ടാക്കുന്നുവെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
- പാന്‍മസാല നിരോധിച്ചെങ്കിലും വിഷം വിതറുന്ന മദ്യത്തിന്റെ ഉപഭോഗ കാര്യത്തില്‍ കേരളം ഒന്നാമതാണല്ലോ? സര്‍ക്കാര്‍ നേരിട്ടു മദ്യം വില്‍ക്കുന്ന സംസ്ഥാനമല്ലേ നമ്മുടേത്?
മദ്യഉപഭോഗം കേരളത്തില്‍ വര്‍ധിച്ചുവരുന്നു. ഇവിടെ ഉപഭോഗം കുറയ്ക്കാന്‍ വീര്യം കുറയ്ക്കുകയാണു വേണ്ടത്. സര്‍ക്കാര്‍ ഈ മേഖലയില്‍ നിന്നു പിന്മാറിയാല്‍ മദ്യമാഫിയകള്‍ പെരുകും. മദ്യം ഉപയോഗിച്ചാല്‍ തലവെട്ടുന്ന സൗദി അറേബ്യയില്‍ പോലും മദ്യം വ്യാപകമാണ്. അതുകൊണ്ടു തന്നെ ബോധവല്‍ക്കരണമാണ് ആവശ്യം. നാലു ലക്ഷം ലിറ്റര്‍ കള്ള് ഉല്‍പാദിപ്പിക്കുന്ന നമ്മുടെ സംസ്ഥാനത്ത് വില്‍ക്കുന്ന കള്ള് 20 ലക്ഷം ലിറ്റര്‍ വരും. അപ്പോല്‍ വ്യാജമായി ഉണ്ടാക്കുന്ന കള്ള് കുടിക്കുന്നതാണ് പ്രശ്‌നം. ശുദ്ധമായ കള്ളിന്റെ മിതമായ ഉപയോഗത്തിനു പ്രശ്‌നമില്ല. പക്ഷേ ഡോസ് കൂടിയ മദ്യം ഉപയോഗിക്കുന്നതിലൂടെ ഇവര്‍ രോഗികളും അടിമകളുമായി മാറുന്നു. പിന്നെ വീര്യം കുറഞ്ഞത് കുടിക്കാന്‍ ഇവര്‍ക്കാകില്ല. 35000 പേര്‍ ജോലി ചെയ്യുന്ന ടെക്‌നോപാര്‍ക്കില്‍ പോലും ഒരു ബിയര്‍ പാര്‍ലര്‍ ഇവിടെ ഇല്ല. ലൈസന്‍സ് കൊടുക്കാന്‍ അടുത്തുള്ള ബാര്‍ ഉടമ സമ്മതിക്കില്ല. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരില്‍ മദ്യപിക്കുന്നവര്‍ അടുത്തെ ബാറില്‍ പോയി വീര്യം കൂടിയതു കഴിക്കും. ഇതു ജോലിയേയും അയാളുടെ ആരോഗ്യത്തേയും ബാധിക്കും. വീര്യം കുറഞ്ഞ മദ്യം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം.
- ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോള്‍ മാത്രം റെയ്ഡ് നടത്തുന്ന സംവിധാനമാണ് നമ്മുടേത്. പിന്നെ കുറേദിവസം അതിനു പിന്നാലെയാണ്. വീണ്ടും പഴയപടി. ഇതിനൊരു മോക്ഷമില്ലേ?
അതു ശരിയല്ല. ഇപ്പോള്‍ പരിശോധന മുറയ്ക്കു നടക്കുന്നുണ്ട്. പക്ഷേ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് പരിമിതിയുണ്ട്. പാന്‍മസാലയ്ക്കു പിറകേ പോകുമ്പോള്‍ ഹോട്ടല്‍ മോശമാകും. മോശപ്പെട്ട ഇറച്ചി പിടിച്ചാല്‍ അതു ലാബിലെത്തിക്കുന്നതു വരെ സൂക്ഷിക്കാന്‍ ഫ്രീസര്‍ സംവിധാനമില്ല. ലാബിലെത്തുമ്പോഴേക്കും അതു കേടാകുന്നു. ആവശ്യത്തിന് ഓഫീസര്‍മാരില്ല. പ്രത്യേകം വകുപ്പുണ്ടാക്കിയ ശേഷം 157 ഓഫീസര്‍മാരുടെ പോസ്റ്റുണ്ട്. എന്നാല്‍ ഇനിയും 75 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. 2009ലാണ് വകുപ്പുണ്ടായത്. 92 ഫുഡ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റിനു കീഴിലാക്കി നിയമിച്ചു. ആരോഗ്യവകുപ്പ ഡയറക്ടര്‍ക്കു കീഴിലുള്ള നാല് അനലിറ്റിക്കല്‍ ലാബുകള്‍ കമ്മീഷണര്‍ക്കു കീഴില്‍ കൊണ്ടുവന്നു. ഒരു ചെറിയ ഓഫീസും പരിമിതമായ സൗകര്യങ്ങളുമേയുള്ളൂ. എങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.
- ഇപ്പോഴും ഷവര്‍മ കടകള്‍ സജീവമാണല്ലോ?
ഭക്ഷ്യ വിഷബാധയേറ്റു ഒരാള്‍ മരിച്ചാല്‍ ആറുമാസത്തികം അഞ്ചുലക്ഷം രൂപ നല്‍കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഒന്നിലധികം മരിച്ചാല്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നയാള്‍ക്കു ജീവപര്യന്തം തടവും പിഴയും ചുമത്തും. സംസ്ഥാനത്തെ ഹോട്ടലുകളുടെ അടുക്കളകള്‍ കാലിത്തൊഴുത്തിനേക്കാള്‍ കഷ്ടമായിരുന്നു. ഇത് അടുക്കളയാക്കി മാറ്റാന്‍ ഏറെ ബുദ്ധിമുട്ടി. ഇതിനിടെ രാഷ്ട്രീയനേതാക്കളുടെ രൂപത്തിലും ഭീഷണി വന്നു. പക്ഷേ ഉദ്യോഗസ്ഥര്‍ പിന്‍മാറിയില്ല. ജനങ്ങളുടെ മനോഭാവം മാറണം എന്നാലേ രക്ഷയുള്ളൂ. യഥാര്‍ഥത്തില്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ച് അവബോധമുണ്ടായത് സച്ചിന്‍ റോയ് മാത്യു എന്ന നിര്‍ഭാഗ്യവാനായ ചെറുപ്പക്കാരന്‍ ഷവര്‍മ കഴിച്ചു മരിച്ചതിനെത്തുടര്‍ന്നാണ് നാലുമണിക്കൂറിലധികം പച്ചമാംസം പുറത്തിരുന്നാല്‍ ബാക്ടീരിയ വളരും. ഇതില്‍ നിന്നു ടോക്‌സിക് മെറ്റീരിയല്‍സ് ജനിക്കും. 100 ഡിഗ്രി ചൂടാക്കിയാലും ടോക്‌സിക് പദാര്‍ഥങ്ങള്‍ നശിക്കില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ക്യാന്‍സറിന് കാരണം ഇതാണ്.
- കറിവേപ്പിലയില്‍ ആണോ നാം കഴിക്കുന്നതില്‍ ഏറെ വിഷം?
കറിവേപ്പിലയില്‍ മാരകമായ എന്‍ഡോസള്‍ഫാനാണുള്ളത്. പാലിന്‍ മെലാമിന്‍. പച്ചക്കറിയില്‍ ഫ്യൂറിഡാന്‍. ഇറച്ചിക്കോഴിയില്‍ ഹോര്‍മോണ്‍. പഴങ്ങളില്‍ കാര്‍ബേഡ്. നമ്മള്‍ക്ക് ഒരു കറിവേപ്പില മരം വീട്ടില്‍ നടാം. പക്ഷേ നടില്ല. അഞ്ചുവര്‍ഷത്തിനകം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളില്‍ നിയന്ത്രണം വരുത്തും. കേരളം ജൈവകൃഷിയിലേക്കു മാറണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷപച്ചക്കറി ഇങ്ങോട്ടു കടത്തില്ല. പച്ചക്കറി പരിശോധന നടത്തി വിഷമില്ലെന്നു ബോധ്യപ്പെട്ടാലേ കേരളത്തിലേക്കു കടത്തൂ. അഞ്ചുവര്‍ഷത്തിനകം കേരളം ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടണം. സുരക്ഷിതമല്ലാത്ത ഭക്ഷണം മലയാളി കഴിക്കരുതെന്ന മുദ്രാവാക്യത്തില്‍ ഊന്നി യു.എസ്.എ മാതൃകയില്‍ ഭക്ഷ്യസുരക്ഷ നടപ്പാക്കുകയാണ് അഞ്ചുവര്‍ഷത്തെ ലക്ഷ്യം.
- താങ്കള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു ആട്ടിറച്ചി വില്‍ക്കുന്നതു പട്ടിയിറച്ചി കൂടി കലര്‍ത്തിയാണെന്ന് എന്തുകൊണ്ട് അത്തരം കാര്യങ്ങളില്‍ നടപടി എടുക്കുന്നില്ല?
ആട്ടിറച്ചിയില്‍ പട്ടിയിറച്ചിയുണ്ടെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടപടി എടുക്കാന്‍ പരിമിതികള്‍ ഉണ്ട്. ശാസ്ത്രീയമായി തെളിയിക്കണം. വെറ്റിനറി ഡോക്ടര്‍മാര്‍ക്കു മാത്രമേ ഇതു തിരിച്ചറിയാന്‍ കഴിയൂ. എംഎസ്സി പാസായ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് ഇതറിയില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ഇപ്പോള്‍ ശമ്പളം കുറവാണ്. ഇതു വര്‍ധിപ്പിക്കുമ്പോള്‍ ഓരോ രംഗത്തെയും വിദഗ്ധരെ നിയമിക്കാന്‍ കഴിയും. നെയ്യില്‍ വനസ്പതിയും ബിരിയാണിയില്‍ മൃഗക്കൊഴുപ്പും ചേര്‍ക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കണ്ടുപിടിക്കാന്‍ വിദഗ്ധരെ ഫുഡ് സേഫ്റ്റി ഓഫിസില്‍ നിയമിക്കണം.