- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Maharashtra
നായ്ക്കൾ കൈയടക്കുന്ന തെരുവുകൾ; ഡോ. സിന്ധു ജോയ് എഴുതുന്നു
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള വീട്ടിൽ ഒരത്യാവശ്യത്തിന് രാത്രി ഓട്ടോറിക്ഷയിൽ പോകേണ്ടിവന്നു; പ്രധാന ജംഗ്ഷൻ വിട്ട് അകത്തേക്ക് വണ്ടി കയറിയതുമുതൽ രണ്ട് നായ്ക്കൾ ഓട്ടോറിക്ഷയുടെ പിന്നാലെകൂടി പിന്നീടവ വണ്ടിക്കകത്തേക്ക് ചാടികയറാനും ശ്രമിച്ചുകൊണ്ടിരുന്നു. പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡായതിനാൽ സ്പീഡി
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള വീട്ടിൽ ഒരത്യാവശ്യത്തിന് രാത്രി ഓട്ടോറിക്ഷയിൽ പോകേണ്ടിവന്നു; പ്രധാന ജംഗ്ഷൻ വിട്ട് അകത്തേക്ക് വണ്ടി കയറിയതുമുതൽ രണ്ട് നായ്ക്കൾ ഓട്ടോറിക്ഷയുടെ പിന്നാലെകൂടി പിന്നീടവ വണ്ടിക്കകത്തേക്ക് ചാടികയറാനും ശ്രമിച്ചുകൊണ്ടിരുന്നു. പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡായതിനാൽ സ്പീഡിൽ പോകാനാവാത്ത അവസ്ഥയും ഈ സമയം ഓട്ടോയുടെ ഡ്രൈവർ ആനന്ദ് വണ്ടിയുടെ ജാക്കിലിവർ കൈയിൽ തന്നിട്ട് കടിക്കാൻ തുനിഞ്ഞാൽ വീശി ഓടിക്കാൻ പറഞ്ഞു.
നായ ശല്യം രൂക്ഷമാണെന്നും, പിഞ്ചുകുഞ്ഞുങ്ങളെവരെ കടിച്ചുകീറുന്നു എന്നുമൊക്കെ ടി.വിയിലും പത്രത്തിലും ഒക്കെ കണ്ടെങ്കിലും സ്വന്തം അനുഭവത്തിൽ ആ ഭയാനകത അനുഭവിച്ചറിഞ്ഞപ്പോഴാണ് വിഷയം ഇത്രയേറെ ഗൗരവമുള്ളതാണെന്ന് ബോധ്യമായത്. അതുകൊണ്ടുതന്നെ ഇതിനുമുൻപ് പട്ടിയെ കൊല്ലണോ വേണ്ടയോ, പൊതുനിരത്തിൽ ശല്യം ഉണ്ടാക്കുന്ന നായ്ക്കളെ എങ്ങനെ തുരത്താം തുടങ്ങിയ ചർച്ചകളിലൊന്നും പങ്കാളിയായതുമില്ല. ഇങ്ങിനെ ഒരനുഭവം ഉണ്ടായതോടെയാണ് നായ ശല്യത്തെക്കുറിച്ച് ഗൗരവമായ ഒരന്വേഷണം നടത്തിയത്.
പ്രതിവർഷം ലോകത്ത് ശരാശരി 59,000 പേർ പേവിഷബാധയേറ്റു മരിക്കുന്നു ഇതിൽ തന്നെ 25,000 പേർ മരിക്കുന്നത് ഇന്ത്യയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിലാകട്ടെ ദിവസേന രണ്ടായിരത്തോളം പേർ നായയുടെ കടിക്ക് ഇരയാവുന്നുമുണ്ട്.
ഭരണകൂടം ഇടപെട്ട് വർദ്ധിച്ചുവരുന്ന നായശല്യത്തിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാന് ഇനിയും കഴിഞ്ഞിട്ടില്ല. സർക്കാർ ഈ വിഷയത്തിൽ തികച്ചും മൃഗ-സൗഹൃദ നടപടികളാണ് എടുക്കുന്നതെന്ന് പറയുമ്പോഴും, വന്ധ്യംകരണ നടപടികൾക്ക് മുൻഗണന കൊടുക്കുമ്പോഴും ഈ വിഷയം പൂർണ്ണമായും പരിഹരിക്കാനായിട്ടില്ല.
നായ സ്‌നേഹികളായ ഒരുകൂട്ടം ആളുകൾ ഒരുഭാഗത്തും, പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ കടിച്ചുകീറുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്യണമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. രണ്ടുപക്ഷത്തിന്റെയും ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണ്. ഈ ലോകം മൃഗങ്ങളുടേതുകൂടിയാണെന്നും ജീവിക്കാൻ അവർക്കും അവകാശമുണ്ടെന്നുമുള്ള വാദമാണ് മൃഗസ്‌നേഹികൾ ഉയർത്തുന്നതെങ്കിൽ മനുഷ്യജീവനുതന്നെ ഭീഷണിയുണ്ടാക്കുന്ന നായ്ക്കളെ കൊല്ലണമെന്നും അതിന്റെ മാംസം കയറ്റി അയ്ക്കണമെന്നൊക്കെയുള്ള വാദമാണ് മറുഭാഗം ഉയർത്തുന്നത്.
തെരുവ് നായ്ക്കളെ കൊന്നാൽ അവർക്കെതിരെ കേസെടുക്കുമെന്ന ഡി.ജി.പി.യുടെ ഉത്തരവും വിവാദമായിരിക്കുകയാണ്. കേരളത്തിൽ നിലനിൽക്കുന്ന നിയമങ്ങളും, കോടതി വിധികളും, സർവ്വകക്ഷി യോഗതീരുമാനങ്ങളുമൊക്കെ തള്ളികളഞ്ഞാണ് ഈ ഉത്തരവെന്നാണ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും ഈയിടെ പെരുമ്പാവൂരിൽ കുഴിച്ചിട്ട നായയുടെ ജഡം വരെ പുറത്തെടുത്ത് പോസ്റ്റ്മാർട്ടം നടത്തിയ നടപടി ഏറെ ചർച്ച ചെയ്തതാണ്.
നമ്മുടെ രാജ്യത്ത് നായ നിരോധന നിയമമില്ലെങ്കിലും ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 428, 429 വകുപ്പുകൾ പ്രകാരം തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കേസെടുക്കാം. രണ്ട് മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നവർക്കെതിരെയും കേസെടുക്കാം. എന്നാൽ തെരുവ് നായയെ കൊല്ലാൻ വിലക്കില്ലെന്നും പട്ടികടിയേറ്റ് 6 പേരുടെ ജീവൻ നഷ്ടമാവുകയും 300 പേർക്ക് കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവയെ ഇല്ലായ്മ ചെയ്യാൻ താഴെ പറയുന്ന നിയമങ്ങൾ ഉപയോഗിക്കാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ലൈസൻസ് ഇല്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്കളെ ഇല്ലായ്മ ചെയ്യാൻ മുൻസിപ്പാലിറ്റി നിയമം 438 പ്രകാരം കഴിയും.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 9 (എഫ്) പ്രകാരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ ഇല്ലായ്മചെയ്യാൻ കഴിയും.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11 (3) (ബി) ത്തിലെ വകുപ്പ് തെരുവ് നായ്ക്കളെപ്പറ്റിയുള്ളതാണ്.
എന്നാൽ നമ്മുടെ തെരുവോരങ്ങളിൽ നായ്ശല്യം രൂക്ഷമാകുന്നത് എന്തുകൊണ്ട് എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും അവശരായ വളർത്തുനായ്ക്കളെ യജമാനന്മാർ വഴിയോരങ്ങളിൽ ഉപേക്ഷിക്കുന്നതും ഒക്കെ ഈ രൂക്ഷമായ ശല്യത്തിന് കാരണമല്ലേ? മൃഗസ്‌നേഹികൾ പറയുന്നതുപോലെ മൃഗങ്ങൾക്കും ഈ ഭൂമിയിൽ അവകാശമുണ്ട്, നായ്ക്കളുടേതുകൂടിയാണ് ഈ ലോകം. പക്ഷേ ഈ വിഷയത്തിൽ ചർച്ചകളും വാദപ്രതിവാദങ്ങളും മാത്രമാണോ ഇപ്പോൾ നടക്കുന്നത്? ഇതിനെക്കുറിച്ച് പ്രായോഗികമായ പോംവഴികൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലേ?